ശ്രേഷ്ഠ ബാവയുടെ 40-ാം ചരമദിനത്തിൽ പാത്രിയർക്കീസ് ബാവയെത്തും
Wednesday, November 13, 2024 12:51 AM IST
പുത്തൻകുരിശ്: ശ്രേഷ്ഠ ബാവായുടെ 40-ാം ചരമ ദിനാചരണത്തിൽ പങ്കെടുക്കാൻ ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷൻ മാർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവയെത്തും.
മലങ്കര സഭയിലെ എല്ലാ പള്ളികളിലും ഈ മാസം 29ന് ശ്രേഷ്ഠ ബാവയുടെ 30-ാം ഓർമദിനം പ്രമാണിച്ച് വിശുദ്ധ കുർബാനയും നേർച്ച വിളന്പും നടത്താനും 40-ാം അടിയന്തിരം ബാവയുടെ കബറിടം സ്ഥിതി ചെയ്യുന്ന പുത്തൻകുരിശ് മോർ അത്തനേഷ്യസ് കത്തീഡ്രലിൽ ഡിസംബർ ഒന്പതിന് വിപുലമായി നടത്താനും സഭാ വർക്കിംഗ് കമ്മിറ്റി തീരുമാനിച്ചു. മാർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ വിശുദ്ധ കുർബാനയ്ക്കും കബറിങ്കലെ ധൂപപ്രാർഥനയ്ക്കും കാർമികത്വം വഹിക്കും.
തുടർന്ന് നടക്കുന്ന അനുസ്മരണ സമ്മേളനം പാത്രിയർക്കീസ് ബാവ ഉദ്ഘാടനം ചെയ്യും. ശ്രേഷ്ഠ ബാവയെ അനുസ്മരിച്ച് സമൂഹത്തിന്റെ നാനാതുറകളിൽപ്പെട്ട പ്രമുഖ വ്യക്തികളെ പങ്കെടുപ്പിച്ചുകൊണ്ട് തിരുവനന്തപുരത്ത് അനുസ്മരണ സമ്മേളനം നടത്താനും യോഗം തീരുമാനിച്ചു.
ശ്രേഷ്ഠ ബാവയുടെ പാവന സ്മരണയ്ക്കായി അദ്ദേഹവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉൾപ്പെടുത്തി മൂന്ന് വാല്യങ്ങളായി ജീവചരിത്ര ഗ്രന്ഥം പ്രസിദ്ധീകരിക്കാനും ബാവയുടെ പ്രഭാഷണങ്ങളും ആരാധനകളും ശ്രേഷ്ഠ ബാവയും സഭയുമായി ബന്ധപ്പെട്ട ചരിത്ര രേഖകളും അമൂല്യ വസ്തുക്കളും ഉൾപ്പെടുത്തി ഒരു ബൃഹത് ഡിജിറ്റൽ മ്യൂസിയം നിർമിക്കാനുമുള്ള പദ്ധതികൾക്ക് വർക്കിംഗ് കമ്മിറ്റി രൂപം നൽകി.
19ന് കൂടുന്ന സഭാ മാനേജിംഗ് കമ്മിറ്റി യോഗത്തിൽ ഇതു സംബന്ധിച്ച അന്തിമ തീരുമാനം കൈകൊള്ളും.
ഇന്നലെ കൂടിയ വർക്കിംഗ് കമ്മിറ്റിയോഗത്തിൽ സഭാ വൈദിക ട്രസ്റ്റി ഫാ. റോയി ജോർജ് കട്ടച്ചിറ, ട്രസ്റ്റി കമാന്ഡര് തന്പു ജോർജ് തുകലൻ, സെക്രട്ടറി ജേക്കബ് സി. മാത്യു എന്നിവർ പ്രസംഗിച്ചു.