വാറന്റിയില്‍ ടിവി റിപ്പയര്‍ ചെയ്തു നൽകിയില്ല; 8,000 രൂപ നല്‍കണം
Wednesday, November 13, 2024 12:51 AM IST
കൊച്ചി: വാറന്റി കാലയളവില്‍ പ്രവര്‍ത്തനരഹിതമായ ടിവി റിപ്പയര്‍ ചെയ്തു നല്കുന്നതില് വീഴ്ച വരുത്തിയ ടിവി നിര്‍മാതാക്കള്‍ക്കെതിരേ 8000 രൂപ പിഴ വിധിച്ച് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന് ഉത്തരവിട്ടു.
5,000 രൂപ നഷ്ടപരിഹാരവും 3,000 രൂപ കോടതി ചെലവും 45 ദിവസത്തിനകം ഉപയോക്താവിന് നല്‍കണമെന്നാണ് ഉത്തരവ്. കോതമംഗലം സ്വദേശി സൗരവ് കുമാര്‍ സാംസംഗ് ഇന്ത്യ ലിമിറ്റഡിനെതിരേ സമര്‍പ്പിച്ച പരാതിയിലാണ് കമ്മീഷന്റെ ഇടപെടല്‍.
വാറന്റി കാലയളവിനുള്ളില്‍ ടിവി പ്രവര്‍ത്തനരഹിതമായിട്ടും അത് പരിഹരിക്കാന്‍ തയാറാകാതിരുന്നത് സേവനത്തിലെ ന്യൂനതയും അധാര്‍മികമായ വ്യാപാര രീതിയുമാണെന്ന് ഡി.ബി. ബിനു അധ്യക്ഷനും വി. രാമചന്ദ്രന്, ടി.എന്‍. ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ ബെഞ്ച് നിരീക്ഷിച്ചു. പരാതിക്കാരനു വേണ്ടി അഡ്വ. ടോം ജോസഫ് ഹാജരായി.