സീപ്ലെയിൻ മോനെ...; ഇടുക്കിയിലേക്ക് നാളെ പരീക്ഷണപ്പറക്കല്‍
Sunday, November 10, 2024 1:03 AM IST
കൊച്ചി: സംസ്ഥാനത്തെ ആദ്യ സീപ്ലെയിന്‍ സര്‍വീസിനു മുന്നോടിയായുള്ള പരീക്ഷണപ്പറക്കല്‍ നാളെ നടക്കും. രാവിലെ 10.30 ന് എറണാകുളം ബോള്‍ഗാട്ടിയില്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഫ്ലാഗ് ഓഫ് ചെയ്യും. തുടര്‍ന്ന് ഇടുക്കി മാട്ടുപ്പെട്ടിയിലേക്കു പോകുന്ന സീപ്ലെയിൻ മാട്ടുപ്പെട്ടി ജലാശയത്തില്‍ പറന്നിറങ്ങും.
ഇവിടെനിന്ന് അരമണിക്കൂറിനു ശേഷം പുറപ്പെടുന്ന സീപ്ലെയിൻ ഉച്ചയ്ക്ക് 12ന് സിയാലിലെത്തി ഇന്ധനം നിറച്ചശേഷം അഗത്തിയിലേക്ക് പോകും.
റീജണല്‍ കണക്്ടിവിറ്റി സ്കീമിന്റെ ഭാഗമായാണു പദ്ധതി. ആന്ധ്രാപ്രദേശിലെ പ്രകാശം ബാരേജില്‍ ഇന്നലെ ഉദ്ഘാടനം ചെയ്ത ആംഫീബിയസ് എയര്‍ക്രാഫ്റ്റാണ് കൊച്ചിയിലെത്തുന്നത്. ഒമ്പതുപേരെ വഹിക്കാവുന്ന മാലദ്വീപിലുപയോഗിക്കുന്നതിനു സമാനമായ വിമാനമാണിത്.
ആന്ധ്രാപ്രദേശില്‍നിന്ന് മൈസൂരുവിൽ എത്തിയശേഷം 12.55 ന് സിയാലില്‍ എത്തുന്ന വിമാനം ഇന്ധനം നിറച്ചശേഷം 2.30 ന് കൊച്ചി ബോള്‍ഗാട്ടി മറീനയില്‍ ലാന്‍ഡ് ചെയ്യും. തുടര്‍ന്ന് മറീനയില്‍ പാര്‍ക്ക് ചെയ്യും. വിമാനത്തിന്റെ പൈലറ്റുമാര്‍ക്ക് ബോള്‍ഗാട്ടി പാലസില്‍ സ്വീകരണം നൽകും.
കൊച്ചിന് പോര്‍ട്ട് ട്രസ്റ്റ്, സിയാല്‍, കെടിഡിസി, ഹൈഡ്രോഗ്രാഫിക് സര്‍വേ തുടങ്ങി 15 ലധികം വിഭാഗങ്ങളാണ് സീപ്ലെയിനിന്റെ പരീക്ഷണപ്പറക്കലുമായി ബന്ധപ്പെട്ട് ക്രമീകരണങ്ങള്‍ ഏകോപിപ്പിക്കുന്നത്.
മാട്ടുപ്പെട്ടി ഡാമിലും സുരക്ഷാപരിശോധന പൂര്‍ത്തിയായി. രണ്ടു മീറ്റര്‍ ആഴം മാത്രമാണു സീപ്ലെയിൻ ലാന്‍ഡ് ചെയ്യുന്നതിനാവശ്യം. 35 മീറ്ററാണ് മാട്ടുപ്പെട്ടി ജലാശയത്തിന്റെ ആഴം. സീപ്ലെയിനിന്റെ നിയന്ത്രണം വിദേശ ക്രൂവിനാണ്. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അടക്കം എല്ലാ അനുമതിയും പരീക്ഷണപ്പറക്കലിന് ലഭിച്ചിട്ടുണ്ട്.
സീപ്ലെയിൻ ഇറങ്ങുന്നതിനു മുന്നോടിയായുള്ള സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്താന്‍ സിവിൽ ഏവിയേഷന്‍ സെക്രട്ടറി ബിജു പ്രഭാകറിന്റെയും എറണാകുളം കളക്ടർ എൻ.എസ്.കെ. ഉമേഷിന്റെയും നേതൃത്വത്തിലുള്ള സംഘം മറീന സന്ദര്‍ശിച്ചു. വിനോദസഞ്ചാര സാധ്യതകള്‍ വികസിപ്പിക്കുകയാണു പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. അടിയന്തര സാഹചര്യങ്ങളിലും സീപ്ലെയിൻ സേവനം പ്രയോജനപ്പെടുത്താം.
ഡെമോ സര്‍വീസ് മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. ഇന്നു ബോള്‍ഗാട്ടി മറീനയില്‍ പാര്‍ക്ക് ചെയ്യുന്ന സീപ്ലെയിൻ മറൈന്‍ ഡ്രൈവിലെ മഴവില്പാലത്തില്നിന്നും അബ്ദുള്‍ കലാം മാര്ഗില്നിന്നും കാണാനാകും.
ബോട്ടുകള്‍ക്ക് നിയന്ത്രണം
കൊച്ചി: സീപ്ലെയ്ന്‍ ലാന്‍ഡ് ചെയ്യുന്നതും പരീക്ഷണപ്പറക്കല്‍ നടത്തുന്നതുമായും ബന്ധപ്പെട്ട് ടൂറിസ്റ്റ് ബോട്ട്, മത്സ്യബന്ധന ബോട്ട്, ടൂറിസ്റ്റ് ബോട്ടുകള്‍, കെഎസ്ഐഎന്‍സി ബോട്ട്, വാട്ടര്‍ മെട്രോ, മറ്റു സ്വകാര്യ ബോട്ടുകള്‍ തുടങ്ങിയവയ്ക്ക് നിയന്ത്രണമേർപ്പെടുത്തി.
ഇന്ന് ഉച്ചയ്ക്ക് 1.30 മുതല്‍ 4.30 വരെയും നാളെ രാവിലെ ഒമ്പത് മുതല്‍ 11 വരെയും ആയിരിക്കും നിയന്ത്രണം. ഈ സമയത്ത് ഒരു ബോട്ടും സര്‍വീസ് നടത്താന്‍ പാടില്ലെന്ന് കളക്ടര്‍ അറിയിച്ചു.