മുഖ്യമന്ത്രിയുടെ ഗൺമാന്റെ ആക്രമണം: ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ ആശങ്കയറിയിച്ച് പരാതിക്കാർ
Sunday, November 10, 2024 1:03 AM IST
ആലപ്പുഴ: അമ്പലപ്പുഴ മണ്ഡലത്തിലെ നവകേരള സദസിന് കഴിഞ്ഞ ഡിസംബർ 16ന് ആലപ്പുഴയിൽ നിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും ബസിൽ പോകുമ്പോൾ ബസിന് നേരെ കരിങ്കൊടി കാണിച്ച പ്രതിഷേധക്കാരെ മുഖ്യമന്ത്രിയുടെ ഗൺമാൻ മർദിച്ച കേസിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട കോടതിവിധിയിൽ പ്രതികരണവുമായി പരാതിക്കാർ.
കേസ് തേച്ചുമാച്ചുകളയാനും ഒടുവിൽ നിർബന്ധത്തിനു വഴങ്ങി അന്വേഷണം നടത്തി കുറ്റക്കാരായ മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കല്ലിയൂർ, സെക്യൂരിറ്റി ഓഫീസര്‍ സന്ദീപ് എന്നിവർക്ക് ക്ലീൻ ചിറ്റ് നൽകാനും ശ്രമിച്ച ക്രൈംബ്രാഞ്ച് പോലീസ് തുടരന്വേഷണം നടത്തിയാൽ കേസിന്റെ ഗതിയെന്താകുമെന്നും പരാതിക്കാർ ആശങ്ക ഉന്നയിക്കുന്നു.
കേസെടുത്ത് അഞ്ചാം മാസമാണ് ഗൺമാന്റെ മൊഴി രേഖപ്പെടുത്തിയത്. ഒടുവിൽ മർദിച്ചെന്ന പരാതി അടിസ്ഥാനരഹിതമാണെന്നും ഗൺമാനും സംഘവും മുഖ്യമന്ത്രിക്കു സുരക്ഷ ഒരുക്കിയതാണെന്നും കാണിച്ചു കോടതിയിൽ റഫർ റിപ്പോർട്ട് നൽകി. ഈ റിപ്പോർട്ടാണ് കോടതി തള്ളിയത്.
അന്വേഷണ സംഘത്തിനു കിട്ടിയില്ലെന്നു പറഞ്ഞ മർദനത്തിന്റെ വിഡിയോ ദൃശ്യങ്ങളും ചിങ്ങളും പരാതിക്കാർ തന്നെ കോടതിയിൽ ഹാജരാക്കിയതോടെ, ഈ തെളിവുകൾ കൂടി തുടരന്വേഷണത്തിൽ പോലീസിനു പരിഗണിക്കേണ്ടിവരും.