പുറത്താക്കൽ നടപടി: സാന്ദ്ര തോമസ് കോടതിയില്‍
Sunday, November 10, 2024 1:03 AM IST
കൊച്ചി: സിനിമാനിര്‍മാതാക്കളുടെ സംഘടനയില്‍നിന്നു തന്നെ പുറത്താക്കിയ നടപടി റദ്ദാക്കണമെന്നും തീരുമാനം ഉടൻ സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ട് നിർമാതാവ് സാന്ദ്രാ തോമസ് എറണാകുളം സബ് കോടതിയെ സമീപിച്ചു.
തനിക്കെതിരേ ഉയര്‍ന്ന ലൈംഗിക അധിക്ഷേപം ചോദ്യം ചെയ്തതാണ് പ്രതികാരനടപടിക്കു കാരണമെന്ന് സാന്ദ്ര പറഞ്ഞു. പ്രൊഡ്യൂസേഴ്സ് അസോസിയേഷന് തീരുമാനത്തിനെതിരേ ഫിലിം ചേംബറിനും കത്ത് നല്‍കും.
നീക്കം മുന്നില്‍ക്കണ്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷനും നിയമ നടപടികള്‍ തുടങ്ങി. അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി സാന്ദ്രയെ കഴിഞ്ഞദിവസമാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍നിന്നു പുറത്താക്കിയത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ സമ്മര്‍ദത്തിലാക്കുന്ന രീതിയില്‍ സാന്ദ്ര പ്രതികരിച്ചിരുന്നു. ഇതിനുപുറമെ അസോസിയേഷൻ അംഗങ്ങളായ ആന്റോ ജോസഫ്, ബി. രാഗേഷ്, സന്ദീപ് മേനോന്, ലിസ്റ്റിന് സ്റ്റീഫന്‍ അടക്കമുള്ളവര്‍ക്കെതിരേ സാന്ദ്ര തോമസ് പോലീസില്‍ പരാതിയും നല്‍കിയിരുന്നു.
ഒരു സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യുന്നതിനിടെ തനിക്കെതിരേ ലൈംഗിക അധിക്ഷേപകരമായ പരാമര്‍ശങ്ങളുണ്ടായി എന്നായിരുന്നു പരാതി.
പരാതിയുമായി വരുന്നവരെ നിശബ്ദരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് തന്നെപ്പോലൊരാളെ സംഘടനയില്‍നിന്ന് പുറത്താക്കിയതെന്ന് സാന്ദ്ര പ്രതികരിച്ചിരുന്നു.
അതേസമയം, നിലവിലെ വിവാദത്തില്‍ പ്രതികരിക്കേണ്ടതില്ല എന്നാണു ഫിലിം പ്രൊഡ്യൂസേഴസ് അസോസിയേഷന്റെ തീരുമാനം.