നൂറിൽ കൂടുതൽ ടെസ്റ്റ്; മൂന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
Sunday, November 10, 2024 1:03 AM IST
റെനീഷ് മാത്യു
കണ്ണൂർ: ഡ്രൈവിംഗ് ടെസ്റ്റിൽ ‘സെഞ്ചുറി’ മറികടന്ന മൂന്നു മോട്ടോർവാഹന ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ഒരുദിവസം പരമാവധി 40 പേർക്ക് ടെസ്റ്റ് നടത്താമെന്നിരിക്കെയാണ് നൂറിൽ കൂടുതൽ ടെസ്റ്റ് തിരൂർ സബ് ആർടി ഓഫീസിലെ ഉദ്യോഗസ്ഥർ നടത്തിയത്.
തിരൂർ സബ് ആർടി ഓഫീസിലെ എംവിഐമാരായ കെ.ടി. ഷംജിത്ത്, കെ. ധനീഷ്, എഎംവിഐ ബേബി ജോസഫ് എന്നിവരെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്.
ഗതാഗതകമ്മീഷണറുടെ സ്ക്വാഡ് നടത്തിയ പരിശോധനയിലാണു ക്രമക്കേട് കണ്ടെത്തിയത്. എംവിഐയായ ഷംജിത്ത് 2024 ജനുവരി 27ന് 60 ലൈറ്റ് മോട്ടോർ വെഹിക്കിൾ ടെസ്റ്റും 41 ഹെവി ടെസ്റ്റും 17 ഹെവി ആൻഡ് 1 എൽഎംവി റീവാലിഡേഷൻ ഉൾപ്പെടെ ആകെ 119 ഡ്രൈവിംഗ് ടെസ്റ്റ് നടത്തിയതായി കണ്ടെത്തി.
ഈ ദിവസം തന്നെ മറ്റൊരു ബാച്ചിൽ എംവിഐയായ ധനീഷ് 60 എൽഎംവി ടെസ്റ്റും 41 ഹെവി ടെസ്റ്റും 15 എൽഎംവി റീവാലിഡേഷൻ ഉൾപ്പെടെ 116 ഡ്രൈവിംഗ് ടെസ്റ്റും നടത്തിയതായി കണ്ടെത്തി.
ധനീഷ്, ഷംജിത്ത് എന്നീ എംവിഐമാരോടൊപ്പം പാർട്ട് വൺ ടെസ്റ്റ് നടത്തിയ എഎംവിഐ ബേബി ജോസഫ് രണ്ടു ബാച്ചിലും കൂടെ 120 അപേക്ഷകർക്ക് ടെസ്റ്റ് നടത്തിയതായും സ്ക്വാഡ് കണ്ടെത്തിയിരുന്നു.