നീതിന്യായ വ്യവസ്ഥയുടെ അന്തസ് ഉയർത്തുന്ന വിധി: എം.എം. ഹസൻ
Sunday, November 10, 2024 1:03 AM IST
തിരുവനന്തപുരം: നവകേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് ,കെഎസ്യു പ്രവർത്തകരെ വളഞ്ഞിട്ട് തല്ലിയ മുഖ്യമന്ത്രിയുടെ ഗണ്മാൻമാർക്കെതിരെ തുടരന്വേഷണത്തിന് ഉത്തരവിടുകയും ഗണ്മാൻമാർക്ക് ക്ലീൻചീറ്റ് നൽകുന്ന പക്ഷപാതപരമായ ക്രൈംബ്രാഞ്ചിന്റെ റിപ്പോർട്ട് തള്ളിക്കളയുകയും ചെയ്ത കോടതിവിധി നീതിന്യായ വ്യവസ്ഥയുടെ അന്തസ് ഉയർത്തിപ്പിടിക്കുന്നതെന്ന് യുഡിഎഫ് കണ്‍വീനർ എം.എം. ഹസൻ.
അധികാര ദുർവിനിയോഗത്തിന്റെ ഭാഗമാണ് ക്രൈംബ്രാഞ്ച് കോടതിയിൽ നൽകിയ റിപ്പോർട്ട്. യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗണ്മാൻമാർ മർദിച്ചത് ഡ്യൂട്ടിയുടെ ഭാഗമാണെന്നു കോടതിയിൽ ക്രൈംബ്രാഞ്ച നൽകിയ റിപ്പോർട്ട് പോലീസിലെ പക്ഷപാതപരമായ അന്വേഷണത്തിന്റെയും സിപിഎം സ്വാധീനത്തിന്റെയും ഒടുവിലത്തെ ഉദാഹരണമാണ്.
കോടതിയിൽ നിന്നു മാത്രമാണ് കോണ്‍ഗ്രസ് നീതി പ്രതീക്ഷിക്കുന്നത്. ജനകീയ വികാരത്തോട് ചേർന്നു നിൽക്കുന്ന നീതിപരമായ സമീപനമാണ് കോടതി സ്വീകരിച്ചത്. പോലീസിന്റെയും അഹന്തയ്ക്കും സർക്കാരിന്റെ സ്വജനപക്ഷപാതത്തിനും മുഖമടച്ച് കിട്ടിയ അടികൂടിയാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ട് തള്ളിയ കോടതി നടപടിയെന്നും എം.എം. ഹസൻ പറഞ്ഞു.