ദുരന്തബാധിതർക്കു പഴകിയ അരി: മേപ്പാടി പഞ്ചായത്തിനെ പഴിച്ച് മുഖ്യമന്ത്രി
Sunday, November 10, 2024 1:02 AM IST
ചേലക്കര: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കു പഴകിയ ഭക്ഷ്യസാധനങ്ങൾ വിതരണം ചെയ്തത് മേപ്പാടി പഞ്ചായത്താണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
മേപ്പാടി പഞ്ചായത്ത് പഴകിയ അരി വിതരണംചെയ്തതു ഗുരുതര വീഴ്ചയാണെന്നും പഞ്ചായത്തിന്റെ ഉദ്ദേശ്യമെന്തായിരുന്നുവെന്നു വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. വിജിലൻസ് വിശദമായി ഇക്കാര്യങ്ങൾ പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സർക്കാർ നൽകിയ നിർദേശങ്ങൾക്കു വിരുദ്ധമായ നടപടിയാണ് അവിടെ നടന്നത്. ദുരന്തമുണ്ടായി തുടക്കത്തിൽതന്നെ പഴയ സാധനങ്ങൾ ദുരന്തബാധിതർക്കു നൽകരുതെന്നു കർശന നിർദേശം നൽകിയിരുന്നതാണ്.
ഇത്തരം കാര്യങ്ങൾ ആവർത്തിക്കാൻ സർക്കാർ ഒരുതരത്തിലും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ചേലക്കര നിയോജകമണ്ഡലം എൽഡിഎഫ് സ്ഥാനാർഥി യു.ആർ. പ്രദീപിന്റെ തെരഞ്ഞെടുപ്പ് കണ്‍വൻഷനിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേന്ദ്രസർക്കാരിനെതിരേ മുഖ്യമന്ത്രി രൂക്ഷവിമർശനം നടത്തി. കേന്ദ്രത്തിൽനിന്ന് കേരളത്തിനുണ്ടാകുന്നത് ദുരനുഭവങ്ങളാണ്. ദുരന്തഘട്ടങ്ങളിൽ കേന്ദ്രത്തിൽനിന്ന് കേരളത്തിനു സഹായങ്ങൾ കിട്ടുന്നില്ല. ലഭിക്കാൻ സാധ്യതയുള്ള സഹായങ്ങൾ മുടക്കുകയും തടയുകയുമാണ് കേന്ദ്രസർക്കാരെന്നും മുഖ്യമന്ത്രി വിമർശിച്ചു.