കാണാതായ ഡെപ്യൂട്ടി തഹസില്‍ദാർ തിരിച്ചെത്തി ; ഭീഷണിപ്പെടുത്തി 10 ലക്ഷം തട്ടിയ രണ്ടുപേര്‍ അറസ്റ്റില്‍
Sunday, November 10, 2024 1:02 AM IST
തിരൂര്‍: തിരൂര്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ പി.ബി. ചാലിബിനെ പോക്സോ കേസില്‍ കുടുക്കുമെന്നു ഭീഷണിപ്പെടുത്തി 10,30,000 രൂപ തട്ടിയെടുത്ത കേസില്‍ മലപ്പുറം രണ്ടത്താണി സ്വദേശികളായ രണ്ടുപേരെ തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.
പൂവഞ്ചിന സ്വദേശി പാലക്കല്‍ മുഹമ്മദ് അജ്മല്‍ (34), രണ്ടത്താണി സ്വദേശി തയ്യില്‍ മുഹമ്മദ് ഫൈസല്‍(43) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. തഹസില്‍ദാറെ നിരന്തരം ഭീഷണിപ്പെടുത്തി മൂന്ന് തവണകളായിട്ടാണ് പ്രതികള്‍ പണം കൈക്കലാക്കിയത്.
പണം കൈവശപ്പെടുത്തിയശേഷം പ്രൈവറ്റ് ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി എന്ന പേരില്‍ തഹസില്‍ദാരെ വിളിച്ച് ഭീഷണിപ്പെടുത്തുകയും മാനസിക സമ്മര്‍ദത്തിലാക്കുകയും ചെയ്തതിനെത്തുടര്‍ന്നാണ് ഡെപ്യൂട്ടി തഹസില്‍ദാര്‍ ചാലിബ് നാട്ടില്‍നിന്ന് പോകാന്‍ നിര്‍ബന്ധിതനായത്.
പ്രതികളില്‍ ഒരാള്‍ ഇക്കഴിഞ്ഞ ആറിന് വിളിച്ച് ഭീഷണിപ്പെടുത്തിയതിനു ശേഷമാണ് തഹസില്‍ദാര്‍ തിരൂരില്‍നിന്ന് മംഗലാപുരത്തേക്കു പോയത്.
തുടര്‍ന്ന് വിവരമൊന്നുമില്ലായിരുന്നു. ഇതേത്തുടര്‍ന്ന് ബന്ധുക്കള്‍ തിരൂര്‍ പോലീസില്‍ പരാതി നല്കി. ബുധനാഴ്ച വൈകുന്നേരം മുതല്‍ കാണാതായ ചാലിബ് വെള്ളിയാഴ്ച രാവിലെ കര്‍ണാടകയിലെ ഉഡുപ്പിയില്‍നിന്ന് ഭാര്യയെ ഫോണില്‍ വിളിച്ചിരുന്നു.
ഒടുവില്‍, ആശങ്കകള്‍ക്കു വിരാമമിട്ട് വെള്ളിയാഴ്ച രാത്രി 11 ഓടെ ചാലിബ് വീട്ടിലെത്തി പോലീസിന് മൊഴി നല്കിയ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസിലെ മറ്റൊരു പ്രതിക്കായി അന്വേഷണം ഊര്‍ജിതപ്പെടുത്തിയതായി പോലീസ് അറിയിച്ചു.
പിടിയിലായ പ്രതികള്‍ മുമ്പ് അടിപിടി കേസുകളില്‍ ഉള്‍പ്പെട്ടവരാണ്. തിരൂര്‍ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.