കരാർ പുതുക്കിയില്ല; സെക്രട്ടേറിയറ്റിലെ റെയിൽവേ റിസർവേഷൻ കേന്ദ്രം പൂട്ടി
Sunday, November 10, 2024 1:02 AM IST
തിരുവനന്തപുരം: പൊതുഭരണ വകുപ്പ് റെയിൽവേയുമായുള്ള കരാർ പുതുക്കാത്തതിനെ തുടർന്ന് സെക്രട്ടേറിയറ്റിനുള്ളിൽ പ്രവർത്തിച്ചിരുന്ന റെയിൽവേ ടിക്കറ്റ് റിസർവേഷൻ കേന്ദ്രം പൂട്ടി.
സംസ്ഥാന സർക്കാരും റെയിൽവേയുമായുള്ള റിസർവേഷൻ ടിക്കറ്റ് കരാർ കാലാവധി കഴിഞ്ഞ നവംബർ അഞ്ചിന് അവസാനിച്ച സാഹചര്യത്തിലാണ് ഇതിന്റെ പ്രവർത്തനം റെയിൽവേ അവസാനിപ്പിച്ചത്.
സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് കുറഞ്ഞ നിരക്കിൽ ട്രെയിൻ യാത്രാ ടിക്കറ്റ് റിസർവ് ചെയ്യാൻ ഇവിടെ സ്ഥാപിച്ചിരുന്ന കേന്ദ്രം വഴി കഴിയുമായിരുന്നു. ഇവിടെ ഒരു റിസർവേഷൻ ടിക്കറ്റിന് 20 രൂപ വരെ ഇളവും ലഭിച്ചിരുന്നു.
സെക്രട്ടേറിയറ്റിലെ അനക്സ് രണ്ടിലായിരുന്നു റെയിൽവേയുടെ കന്പ്യൂട്ടറൈസ്ഡ് റിസർവേഷൻ കേന്ദ്രം പ്രവർത്തിച്ചിരുന്നത്. സെക്രട്ടേറിയറ്റിലെ 4,000-ത്തോളം വരുന്ന ജീവനക്കാർക്ക് ഏറെ പ്രയോജനകരമായിരുന്നു ഈ കേന്ദ്രം.
ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിൽ പ്രവർത്തിച്ചിരുന്ന കന്പ്യൂട്ടറൈസ്ഡ് റെയിൽവേ ടിക്കറ്റ് റിസർവേഷൻ കേന്ദ്രം പുനഃസ്ഥാപിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡന്റ് എം.എസ്. ഇർഷാദും ജനറൽ സെക്രട്ടറി കെ.പി. പുരുഷോത്തമനും മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും പരാതി നൽകി.