വനംകുളവിയുടെ കുത്തേറ്റ് അമ്മയും മകളും മരിച്ചു
Thursday, November 7, 2024 2:02 AM IST
പുഞ്ചവയൽ (മുണ്ടക്കയം): വീടിന് സമീപത്തുനിന്നു വനംകുളവിയുടെ കുത്തേറ്റ് അമ്മയും മകളും മരിച്ചു. പുഞ്ചവയൽ പാക്കാനം കാവനാല്‍ വീട്ടില്‍ പരേതനായ നാരായണന്റെ ഭാര്യ കുഞ്ഞുപെണ്ണ് (108), മകൾ തങ്കമ്മ (82) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം നാലോടുകൂടിയായിരുന്നു സംഭവം.
കുഞ്ഞുപെണ്ണ് വീടിന് സമീപത്തു നിന്ന കുരുമുളക് ചെടിയിൽ വീണ ഓല എടുത്തു മാറ്റുന്നതിനിടെ ഇതിൽ കൂടുകൂട്ടിയിരുന്ന കുളവികൾ ആക്രമിക്കുകയായിരുന്നു. മകൾ തങ്കമ്മ, വീട്ടിലെ ജോലിക്കാരൻ ജോയി, ഇവരെ രക്ഷിക്കാൻ ഓടിവന്ന അയൽവാസി കവനായിൽ വിഷ്ണു എന്നിവർക്കും കുളവിയുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റിരുന്നു. ഉടൻതന്നെ ഇവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്നലെ രാവിലെ കുഞ്ഞുപെണ്ണും ഉച്ചയോടെ തങ്കമ്മയും മരിക്കുകയായിരുന്നു.
കുഞ്ഞുപെണ്ണിന്റെ മറ്റു മക്കൾ: കരുണാകരന് (എരുമേലി പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്), അയ്യപ്പന്. മരുമകൾ: രാധാമണി. തങ്കമ്മയുടെ മക്കൾ: ശ്രീനിവാസൻ, ചന്ദ്രിക, പുഷ്പ. മരുമക്കൾ: ഡാലിയ, സത്യൻ, പരേതനായ സോമൻ. ഇരുവരുടെയും സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ നടക്കും.