നവീൻ ബാബുവിന്റെ മരണം: കണ്ണൂർ കളക്ടർക്ക് പ്രത്യേക ചോദ്യാവലി
Thursday, November 7, 2024 1:39 AM IST
തലശേരി: എഡിഎം നവീൻ ബാബു ജീവനൊടുക്കിയ കേസിൽ നവീൻ ബാബുവിനു തെറ്റുപറ്റിയെന്ന കളക്ടർ അരുൺ കെ. വിജയന്റെ മൊഴിയിൽ സമഗ്രമായ അന്വേഷണത്തിനൊരുങ്ങി പ്രത്യേക അന്വേഷണ സംഘം.
ആദ്യഘട്ടമെന്ന നിലയിൽ അടുത്ത ദിവസംതന്നെ കളക്ടറിൽനിന്നു ഡിഐജിയുടെ മേൽനോട്ടത്തിൽ മൊഴിയെടുക്കും. ഇതിനായി, അന്വേഷണസംഘം പ്രത്യേക ചോദ്യാവലി തയാറാക്കിവരികയാണ്. കളക്ടറുടെ നേരത്തേയുള്ള മൊഴി വിശദമായി പഠിച്ച ശേഷമാണ് ചോദ്യാവലി തയാറാക്കുന്നതെന്നാണു വിവരം.
ഡിഐജിയും സിറ്റി പോലീസ് കമ്മീഷണറും ഡിസ്ട്രിക്ട് ഗവ. പ്ലീഡറും ഉൾപ്പെടെയുള്ള നിയമ വിദഗ്ധരുമായി നിരന്തരം ആശയവിനിമയം നടത്തിയാണു പോലീസ് അന്വേഷണവുമായി മുന്നോട്ടുപോകുന്നത്. സംസ്ഥാനതലത്തിൽതന്നെ വിവാദമായ കേസിൽ മൊഴിയെടുക്കലും തെളിവെടുപ്പുകളും വീഡിയോ റിക്കാർഡിംഗ് ഉൾപ്പെടെ നടത്തി മുന്നോട്ടുപോകാനാണ് അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുള്ള നിർദേശമെന്നാണ് അറിയുന്നത്. നിലവിൽ ദിവ്യയുടെ മൊഴിയെടുക്കൽ മാത്രമാണ് വീഡിയോ റിക്കാർഡിംഗ് നടത്തിയിട്ടുള്ളത്.
കളക്ടറുടെ ഫോൺകോളുകൾ തലസ്ഥാനത്തേക്കും?
വിവാദ യാത്രയയപ്പ് ചടങ്ങ് കഴിഞ്ഞയുടൻ ജില്ലാ കളക്ടർ ഉന്നതരെ വിളിച്ച് സംഭവത്തെക്കുറിച്ച് വിശദമായി തന്നെ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിലൂടെ, വിലപ്പെട്ട ചില വിവരങ്ങൾ കൈമാറിയതായാണ് അറിയുന്നത്. കളക്ടറുടെ കോൾ ഡീറ്റെയിൽസ് റിക്കാർഡിൽ ഇത് വ്യക്തമാക്കുന്നതായുള്ള സൂചനകളും പുറത്തുവരുന്നുണ്ട്.
കളക്ടറുടെ മൊഴി സംബന്ധിച്ച് നിരവധി ഊഹാപോഹങ്ങളാണ് പ്രചരിക്കുന്നത്. ജീവിതത്തിൽ ഒരിക്കലും കൈക്കൂലി വാങ്ങാത്ത നവീൻ ബാബു കൈക്കൂലി വാങ്ങിയത് ഇടതുപക്ഷത്തെ പ്രമുഖകക്ഷിയുടെ സർവീസ് സംഘടനയ്ക്കു വേണ്ടിയാണെന്ന് ഇപ്പോൾ ചിലർ പ്രചരിപ്പിക്കുന്നുണ്ട്. ഇതിലേക്കാണ് കളക്ടറുടെ വിവാദ മൊഴി ചെന്നുനിൽക്കുന്നതെന്നാണ് ഒരു വിഭാഗം പറയുന്നത്.
ഈ മൊഴി വിശദമായി പുറത്തുവരുന്നതോടെ കേസിൽ വലിയ വഴിത്തിരിവിന് സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. ഈ പ്രചാരണം അടിസ്ഥാനരഹിതമാണെന്നും കളക്ടർ പൊതുസമൂഹത്തിന്റെ പ്രതിഷേധത്തിൽനിന്ന് രക്ഷപ്പെടാനാണ് ഇത്തരം ദുഃസൂചനകൾ നൽകുന്നതെന്നും കളക്ടറെ നുണ പരിശോധനയ്ക്കു വിധേയമാക്കുകയാണു വേണ്ടതെന്നും ഘടകകക്ഷിയിലെ പ്രമുഖ നേതാവ് പറഞ്ഞു.