പാലക്കാട്ടെ പാതിരാനാടകം: മന്ത്രി എം.ബി. രാജേഷിന്റെയും അളിയന്റെയും ഗൂഢാലോചന: വി.ഡി. സതീശൻ
Thursday, November 7, 2024 1:39 AM IST
തിരുവനന്തപുരം: പാലക്കാട്ടെ പാതിരാനാടകം മന്ത്രി എം.ബി. രാജേഷിന്റെയും അദ്ദേഹത്തിന്റെ അളിയന്റെയും ഗൂഢാലോചനയാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേരളത്തിലെ തെരഞ്ഞെടുപ്പു ചരിത്രത്തിൽ ഇതുവരെ ഉണ്ടാകാത്ത രാഷ്ട്രീയ ഗൂഢാലോചനയാണു പാലക്കാട്ടെ പതിരാനാടകം. സിപിഎം- ബിജെപി നേതൃത്വങ്ങളുടെ അറിവോടെയും പിന്തുണയോടെയുമാണ് ഇതു നടന്നത്.
കൊടകര കുഴൽപ്പണ കേസിൽ മുഖം നഷ്ടപ്പെട്ട ബിജെപിയുടെയും അവർക്ക് എല്ലാ പിന്തുണയും നൽകിയ സിപിഎമ്മിന്റെയും ജാള്യത മറയ്ക്കുന്നതിനുവേണ്ടി തയാറാക്കിയ പാതിരാ നാടകമാണ് അരങ്ങിൽ എത്തുന്നതിനു മുൻപ് ദയനീയമായി പരാജയപ്പെട്ടതെന്നും വി.ഡി. സതീശൻ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘത്തിന്റെ പിന്തുണയോടെ പാലക്കാട്ടുനിന്നുള്ള മന്ത്രി എം.ബി. രാജേഷും അദ്ദേഹത്തിന്റെ ഭാര്യാ സഹോദരനായ സിപിഎം നേതാവും ബിജെപി നേതാക്കളുടെ അറിവോടെയാണ് ഈ പാതിരാ നാടകത്തിന്റെ തിരക്കഥ തയാറാക്കിയത്.
പോലീസിന്റെ വിശദീകരണത്തിലും വൈരുധ്യമുണ്ട്. പതിവു പരിശോധനയെന്നാണ് എസിപി പറഞ്ഞത്. പോലീസ് സംഘം പറഞ്ഞത് 12 മുറികൾ ലിസ്റ്റ് ചെയ്തു തന്നിട്ടുണ്ടെന്നാണ്. എന്നിട്ട് ആദ്യം പോയത് ഷാനിമോളുടെ മുറിയിലേക്കും പിന്നീട് പോയത് മൂന്നാം നിലയിലുള്ള ബിന്ദു കൃഷ്ണയുടെ മുറിയിലേക്കുമാണ്. കോണ്ഗ്രസ് വനിതാ നേതാക്കളെ അപമാനിക്കാനാണു പോലീസ് പരിശോധന നടത്തിയത്. ബിന്ദു കൃഷ്ണയ്ക്കൊപ്പം ഭർത്താവ് ഉണ്ടായിരുന്നതിനാൽ മുറി തുറന്നു കൊടുത്തു.
ബിജെപി വനിതാ നേതാക്കൾ താമസിക്കുന്ന തൊട്ടുമുന്പിലുള്ള മുറിയിൽ അറിയാതെയാണു പോലീസ് മുട്ടിയത്. വനിതാ പോലീസുകാർ ഇല്ലാതെ കയറാൻ അനുവദിക്കില്ലെന്ന് അവർ പറഞ്ഞതോടെ സോറി പറഞ്ഞു പോലീസുകാർ മടങ്ങി.
വനിതാ പോലീസ് എത്തിയ ശേഷവും പോലീസ് അവരുടെ മുറിയിൽ കയറിയില്ല. പാതിരാത്രിയിലാണു മഫ്തിയിലെത്തിയ പോലീസ് ഒറ്റയ്ക്കു താമസിക്കുന്ന ഷാനിമോളുടെ മുറിയുടെ വാതിലിൽ മുട്ടിയത്. എന്തൊരു അപമാനകരമായ സംഭവമാണു കേരളത്തിൽ നടക്കുന്നതെന്നും വി.ഡി. സതീശൻ പറഞ്ഞു.