വഖഫ് ബോര്‍ഡ് അവകാശവാദം ഉപേക്ഷിക്കണം: മുഖ്യമന്ത്രിക്ക് കത്തു നൽകി കെആര്‍എല്‍സിസി
Thursday, November 7, 2024 1:39 AM IST
കൊച്ചി: മുനമ്പം കടപ്പുറം പ്രദേശത്തെ 610 കുടുംബങ്ങള്‍ നിയമാനുസൃതം സ്വന്തമാക്കിയിട്ടുള്ള ഭൂമി വഖഫ് ഭൂമിയാണെന്ന അവകാശവാദം ഉപേക്ഷിക്കാനും അവരുടെ റവന്യു അവകാശങ്ങള്‍ പുനഃസ്ഥാപിക്കാനും വഖഫ് ബോര്‍ഡിന് സര്‍ക്കാർ നിർദേശം നൽകണമെന്നു കെആര്‍എല്‍സിസി.
എം.എ. നിസാര്‍ കമ്മിറ്റിയുടെ ശിപാര്‍ശയും തുടര്‍ന്നുള്ള ഹൈക്കോടതിയുടെ നിര്‍ദേശവും ഏതെങ്കിലുംവിധത്തില്‍ തടസങ്ങളാണെങ്കില്‍ അതു മറികടക്കാൻ ആവശ്യമായ നടപടികൾ അടിന്തരമായി സ്വീകരിക്കണം.
2019 ല്‍ ഈ ഭൂമി വഖഫ് ഭൂമിയാണെന്നു തീരുമാനിക്കുകയും ആസ്തി പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്ത കേരള വഖഫ് ബോര്‍ഡിന്റെ തീരുമാനം പൂര്‍ണമായും തെറ്റും അനുചിതവുമാണ്. ഈ തീരുമാനം പിന്‍വലിക്കുകയും മുനമ്പം കടപ്പുറം പ്രദേശത്തെ 610 കുടുംബങ്ങളുടെ ഭൂമിയിലുള്ള അവകാശം സംരക്ഷിച്ചും റവന്യു അവകാശങ്ങള്‍ പുനഃസ്ഥാപിച്ചും ഈ പ്രശ്നം ശാശ്വതമായി പരിഹരിക്കണം.
വഖഫ് ആധാരം എന്നു പറയപ്പെടുന്ന രേഖയിലെ വ്യവസ്ഥകള്‍, അക്കാലത്തെ ഭൂമിയുടെ കൈവശാവകാശികള്‍, നിലനിന്നിരുന്ന നിയമവ്യവസ്ഥകള്‍, നിയമപരമായ പ്രത്യാഘാതങ്ങള്‍ എന്നിവയൊന്നും കണക്കിലെടുക്കാതെ ഏകപക്ഷീയമായി വഖഫ് ബോര്‍ഡ് ഈ തീരുമാനം സ്വീകരിക്കുകയായിരുന്നു.
പതിറ്റാണ്ടുകളായി അധിവസിച്ചുവരുന്നതും നിയമാനുസൃതം സ്വന്തമാക്കിയിട്ടുള്ളതുമായ ഭൂമിയിലാണ് മുനമ്പം കടപ്പുറം പ്രദേശത്തെ 610 കുടുംബങ്ങള്‍ താമസിക്കുന്നത്. ഇതു വഖഫ് ഭൂമിയാണെന്ന വഖഫ് ബോര്‍ഡിന്റെ അവകാശവാദം ഉപക്ഷേിക്കണമെന്നും കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയില്‍, വൈസ് പ്രസിഡന്റ ജോസഫ് ജൂഡ് എന്നിവര്‍ മുഖ്യമന്ത്രിക്കു നൽകിയ കത്തില്‍ ആവശ്യപ്പെട്ടു.