മുനമ്പത്ത് നിയമപരിരക്ഷയുള്ള ശാശ്വത പരിഹാരം വേണം: മാര്‍ ക്ലീമിസ് കാതോലിക്കാബാവ
Thursday, November 7, 2024 2:02 AM IST
മുനമ്പം: മുനമ്പം വിഷയത്തില്‍ നിയമപരിരക്ഷ ഉള്‍ക്കൊള്ളുന്ന ശാശ്വത പരിഹാരമുണ്ടാകണമെന്നു കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ. മുനമ്പത്തെ സമരപ്പന്തല്‍ സന്ദര്‍ശിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇവിടത്തെ ജനങ്ങളുടെ ഭൂമിയുടെ അവകാശം സംബന്ധിച്ച പ്രശ്നത്തില്‍ സംസ്ഥാനസര്‍ക്കാരും പ്രതിപക്ഷവും ചേര്‍ന്ന് പക്വമായ തീരുമാനമെടുക്കണം.
പ്രതിസന്ധിയിലായ മുനമ്പം ജനതയെപ്രതി സംയുക്തമായി തീരുമാനമെടുക്കാന്‍ കേരള നിയമസഭയ്ക്കു കഴിയുമെന്നാണ് പ്രത്യാശ. നിയമസഭ വഖഫ് ബില്ലിനെതിരേ സംയുക്ത പ്രമേയം പാസാക്കിയത് ഈ ജനത്തെ പരിഗണിക്കാതെയാണെന്നും കര്‍ദിനാള്‍ കുറ്റപ്പെടുത്തി.
ആലപ്പുഴ ബിഷപ് ഡോ. ജയിംസ് റാഫേല്‍ ആനാപറമ്പില്‍, കണ്ണൂര്‍ ബിഷപ് ഡോ. അലക്സ് വടക്കുംതല, കെസിബിസി ജാഗ്രതാ കമ്മീഷന് ചെയര്‍മാനും മൂവാറ്റുപുഴ ബിഷപ്പുമായ യൂഹാനോന്‍ മാര്‍ തിയോഡോഷ്യസ്, കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു. ആലപ്പുഴ രൂപത എപ്പിസ്കോപ്പല്‍ വികാരി ഫാ. പോള്‍ ജെ. അറയ്ക്കല്‍ നിരാഹാരസമരം ഉദ്ഘാടനം ചെയ്തു.
സമരത്തിന്റെ 25-ാം ദിനമായ ഇന്നലെ ആലപ്പുഴ രൂപതയില്‍നിന്നുള്ള 30 വൈദികര്‍ നിരാഹാരമിരുന്നു. കെസിബിസി ജാഗ്രതാ കമ്മീഷന് സെക്രട്ടറി റവ.ഡോ. മൈക്കിള്‍ പുളിക്കല്‍, ആലപ്പുഴ രൂപത വിസിറ്റേഷന്‍ സന്യാസിനിമാർ, തിരുവനന്തപുരം മേജര്‍ അതിരൂപത എംസിഎ ഭാരവാഹികള്‍, തൊടുപുഴ മുതലക്കോടം സെന്റ് ജോര്‍ജ് ഇടവക കത്തോലിക്ക കോണ്‍ഗ്രസ് ഭാരവാഹികള്‍, കണ്ണൂര്‍, മാനന്തവാടി രൂപതകളിലെ വൈദികര്‍, ഫാ. ജോണ്‍ കൊളത്തില്, ബിജെപി നേതാവ് പി.സി. ജോര്‍ജ്, ഹിന്ദു ഇക്കണോമിക് ഫോറം ഭാരവാഹികൾ, ന്യൂനപക്ഷ മോര്‍ച്ച ദേശീയ ഉപാധ്യക്ഷന്‍ അഡ്വ. നോബിള്‍ മാത്യു എന്നിവര്‍ സമരപ്പന്തലിലെത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.