ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ ദമ്പതികളെ അറസ്റ്റ് ചെയ്യാൻ നിർദേശം
Thursday, November 7, 2024 1:39 AM IST
കുടിയാന്മല: ഇസ്രയേലിൽ ജോലി ലഭ്യമാക്കാമെന്ന് വാഗ്ദാനം നൽകി ടൂർ പാക്കേജിന്റെ മറവിൽ ആളുകളെ വിദേശത്തേക്കു കടത്തി കോടികൾ തട്ടിയെടുത്ത ദമ്പതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യാൻ കുടിയാന്മല പോലീസിനു സംസ്ഥാന പോലീസ് മേധാവിയുടെ നിർദേശം.
കണ്ണൂർ മണ്ടളം സ്വദേശി ഓലിക്കൽ ഒ.എസ്. ജോസഫ് നൽകിയ പരാതിയിലാണ് നടപടി. ഇതേ കേസിലെ മറ്റൊരു പ്രതിയായ കാസർഗോഡ് ജില്ലയിലെ പാലാവയൽ വളവനാട്ട് വീട്ടിൽ ജോസഫ് ആഗസ്തിയെ മാസങ്ങൾക്കു മുമ്പ് കോട്ടയത്തെ ഒരു പ്രാർഥനാകേന്ദ്രത്തിൽനിന്ന് അറസ്റ്റ് ചെയ്തിരുന്നു.
ജോസഫ് ആഗസ്തി അറസ്റ്റിലായ വിവരമറിഞ്ഞപ്പോൾ പ്രധാന പ്രതികളായ ദമ്പതികൾ ഒളിവിൽ പോകുകയായിരുന്നു. ഇടുക്കി ജില്ലയിലെ കാളിയാർ സ്വദേശികളായ വെട്ടിയ്ക്കൽ സാൻജോ, ഭാര്യ ആശാ തോമസ് എന്നിവരെയാണു കണ്ടെത്തേണ്ടത്.
കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലായി മാറി മാറി ഒളിവിൽ കഴിയുന്ന ഇവർ ഇതിനിടെ വ്യാജപേരിൽ പാസ്പോർട്ടും ആധാറും തരപ്പെടുത്തി രാജ്യം വിടാൻ നീക്കം നടത്തുന്നതായി വിവരം ലഭിച്ചതിനെത്തുടർന്നാണ് പണം നഷ്ടപ്പെട്ടവരിലൊരാളായ മണ്ടളം ഓലിക്കൽ ജോസഫ് ഡിജിപിക്ക് പരാതി നൽകിയത്.
ജോസഫിനും ഭാര്യക്കും ഇസ്രയേലിലെ സൂപ്പർ മാർക്കറ്റിൽ ജോലി ലഭ്യമാക്കിയെന്ന് വിശ്വസിപ്പിച്ചാണ് 11,80,000 രൂപ തട്ടിയെടുത്തത്. ഭാര്യയും മൂന്നു മക്കളുമുള്ള ജോസഫ് കടബാധ്യതയിൽ ദുരിതത്തിലായതോടെ നാടുവിട്ട് മറ്റിടങ്ങളിൽ പോയി കൂലിപ്പണി ചെയ്താണ് ഇപ്പോൾ കുടുംബം പോറ്റുന്നത്.
കേസിലെ പ്രധാന പ്രതികളായ ദമ്പതികൾ തൊടുപുഴയിൽ നടത്തിവന്ന റോസറി ട്രാവൽസ് ഇന്റർനാഷണൽ എന്ന സ്ഥാപനത്തിന്റെ മറവിലായിരുന്നു തട്ടിപ്പ്. ഇസ്രയേലിലെ തീർഥാടന കേന്ദ്രങ്ങളിലേക്ക് ടൂർ പാക്കേജ് ഒരുക്കിയാണ് ഇടപാടുകാരെ ആകർഷിച്ചിരുന്നത്. ടൂർ പാക്കേജിൽ ഒരാളിൽനിന്ന് ഒന്നര മുതൽ ഒന്നേമുക്കാൽ ലക്ഷം രൂപവരെ ഈടാക്കിയിരുന്നു.
ടൂറിനായി എത്തുന്നവരിൽ ഇസ്രയേലിൽ ജോലി ആഗ്രഹിക്കുന്നവരിൽനിന്ന് ആറു മുതൽ എട്ടു ലക്ഷം രൂപവരെയാണ് വാങ്ങിയിരുന്നത്. ജോലിക്കായി പണം നൽകുന്നവരെ ടൂർ ഗ്രൂപ്പുകളായി ജോർദാനിലെത്തിച്ച് ഇസ്രയേലിലേക്കു കടത്തുകയായിരുന്നു പദ്ധതി.
സാൻജോയുടെ വാക്കു വിശ്വസിച്ച് ലക്ഷങ്ങൾ നൽകി ജോർദാനിലെത്തിയവരെ ഇസ്രയേൽ വീസ ലഭിക്കാൻ കാലതാമസമുള്ളതിനാൽ നാട്ടിലേക്കു മടങ്ങി വീണ്ടും വരാമെന്നു പറഞ്ഞ് ഇയാൾ തിരിച്ചയക്കുകയാണുണ്ടായത്.
പണം നഷ്ടപ്പെട്ടവരിൽ ചിലർ പരാതി നൽകിയതോടെ ഒളിവിൽ കഴിഞ്ഞുവന്ന സാൻജോയെ ഒരിക്കൽ കോട്ടയത്തു നിന്ന് അറസ്റ്റ് ചെയ്തിരുന്നെങ്കിലും ജാമ്യത്തിലിറങ്ങി വീണ്ടും ഒളിവിൽ പോകുകയായിരുന്നു. കേരളത്തിലെ വിവിധ ജില്ലകളിലായി 80 ഓളം പേർ ഈ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് പോലീസിനു ലഭിച്ചിട്ടുള്ള വിവരം.
ഇടുക്കിയിലെ സാൻജോയുടെ ഭാര്യവീട്ടിൽ നടത്തിയ പരിശോധനയിൽ വിദേശത്തേക്കു കൊണ്ടുപോകാൻ തയാറാക്കിയ 160 പേരുടെ വിവരങ്ങൾ പോലീസിന് ലഭിച്ചിരുന്നു.
തട്ടിപ്പ് സംബന്ധിച്ച് തൊടുപുഴയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കേസിൽ ഉദ്യോഗാർഥികളിൽനിന്ന് വിവിധ അക്കൗണ്ടുകളിലൂടെ പണം സ്വീകരിച്ച സാൻജോയുടെ ബന്ധുക്കളെക്കുറിച്ചും പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.