കെഎസ്ആർടിസിയുടെ വായ്പ കേരള ബാങ്ക് ഏറ്റെടുക്കാൻ മുദ്രപത്രവില ഒഴിവാക്കി
Thursday, November 7, 2024 1:39 AM IST
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ഉടമസ്ഥതയിലുള്ള വസ്തുവകകൾ ഈടായി നൽകി കെടിഡിഎഫ്സിയുടെ വായ്പ കേരള ബാങ്ക് ഏറ്റെടുക്കുന്നതിനുള്ള മുദ്രപത്ര വിലയും രജിസ്ട്രേഷൻ ഫീസും ഒഴിവാക്കി നൽകാൻ മന്ത്രിസഭ തീരുമാനിച്ചു.
കെടിഡിഎഫ്സി വിഹിതമായ 138.23 കോടി രൂപയുടെ വായ്പാ വിഹിതമാണ് കേരള ബാങ്ക് ഏറ്റെടുക്കുന്നത്.
ഇതു സംബന്ധിച്ച കരാർ രജിസ്റ്റർ ചെയ്യുന്നതിന് ആവശ്യമായ മുദ്രവില, രജിസ്ട്രേഷൻ ഫീസ് ഇനത്തിൽ 9,67,61,000 രൂപയാണ് ഒഴിവാക്കി നൽകുന്നത്. കേരള പേപ്പർ പ്രൊഡക്ട്സ് ലിമിറ്റഡിന് പ്രവർത്തന മൂലധനം ബാങ്കുകളിൽനിന്നു സ്വരൂപിക്കുന്നതിന് 30 കോടി രൂപയുടെ സർക്കാർ ഗാരന്റി അനുവദിക്കും. തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിലെ നെഫ്രോളജി വിഭാഗത്തിൽ ഒരു അസോസിയേറ്റ് പ്രഫസർ തസ്തിക സൃഷ്ടിക്കും.
കാഞ്ഞിരപ്പള്ളി താലൂക്കിലെ പട്ടയം നൽകാൻ 17 തസ്തികകൾ
കോട്ടയം കാഞ്ഞിരപ്പള്ളി താലൂക്കിൽ എരുമേലി വടക്ക്, എരുമേലി തെക്ക്, കോരുത്തോട് വില്ലേജുകളിലെ പട്ടയ അപേക്ഷകൾ പരിശോധിച്ച് പട്ടയം നൽകുന്നതിന് 17 തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഒരു വർഷത്തേക്ക് താത്കാലികമായാണ് തസ്തിക സൃഷ്ടിച്ചത്. പട്ടയത്തിനായി സ്പെഷൽ ഓഫീസ് അനുവദിച്ച നടപടി സാധൂകരിച്ചു.
കൊല്ലം കെഎംഎംഎല്ലിന്റെ അഞ്ച് ഏക്കർ ഭൂമി 10 വർഷത്തേക്ക് പാട്ടത്തിനു നൽകി അയണ്‍ ഓക്സൈഡ് റസിഡ്യൂ പ്രോസസിംഗ് പ്ലാന്റ്, ഇടിപി സ്ലഡ്ജ് പ്രോസസിംഗ് പ്ലാന്റ് എന്നിവ സ്ഥാപിക്കുന്നതിന് കരാറിൽ ഏർപ്പെടാൻ കെഎംഎംഎൽ ഡയറക്ടർക്ക് അനുമതി നൽകി.