പാലക്കാട് റെയ്ഡ്: കളക്ടറോട് തെരഞ്ഞെടുപ്പു കമ്മീഷൻ റിപ്പോർട്ട് തേടും
Thursday, November 7, 2024 1:39 AM IST
തിരുവനന്തപുരം: പാലക്കാട് പ്രതിപക്ഷ സ്ഥാനാർഥിക്കും നേതാക്കൾക്കും എതിരേ പോലീസ് സ്വീകരിച്ച ഏകപക്ഷീയ നടപടിയുമായി ബന്ധപ്പെട്ടു തെരഞ്ഞെടുപ്പു കമ്മീഷൻ, ജില്ലാ വരണാധികാരി കൂടിയായ പാലക്കാട് ജില്ലാ കളക്ടറോടു റിപ്പോർട്ട് തേടും. പോലീസ് നടപടി സംബന്ധിച്ചു വിശദ റിപ്പോർട്ടാകും ആവശ്യപ്പെടുക.
ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു പാലക്കാട്ടുണ്ടായ പോലീസ് നടപടികൾ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനും ഏറെ ഗൗരവത്തോടെയാണു കാണുന്നത്. ഇതു സംബന്ധിച്ചു കോണ്‍ഗ്രസും യുഡിഎഫും നൽകുന്ന പരാതികളുടെകൂടി അടിസ്ഥാനത്തിലാകും തുടരന്വേഷണം അടക്കമുള്ള നടപടികളിലേക്കു കടക്കുക.
ഭരണപക്ഷ നിർദേശത്തെ തുടർന്ന് പാലക്കാട് എസ്പിയും മറ്റ് പോലീസ് ഉദ്യോഗസ്ഥരും പ്രതിപക്ഷ സ്ഥാനാർഥിയെ മോശമാക്കാൻ ശ്രമിച്ചെന്നാണു പ്രതിപക്ഷം ആരോപിക്കുന്നത്.
സർക്കാർ നിർദേശത്തിന് അനുസരിച്ച് ഏകപക്ഷീയമായ നടപടി സ്വീകരിച്ച മഹാരാഷ്ട്ര ഡിജിപിയെ തെരഞ്ഞെടുപ്പു കമ്മീഷൻ സ്ഥലം മാറ്റിയിരുന്നു. ഇതേ മാതൃകയിൽ പാലക്കാട്ടെ പോലീസ് നടപടി ഭരണകക്ഷിയെ പ്രീതിപ്പെടുത്താനുള്ളതാണെങ്കിൽ എസ്പിയും ഡിവൈഎസ്പിയും അടക്കമുള്ള മുഴുവൻ ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റുന്നത് അടക്കമുള്ള നടപടി സ്വീകരിക്കാൻ തെരഞ്ഞെടുപ്പു കമ്മീഷന് കഴിയും.
ഇതു സംബന്ധിച്ചു കോണ്‍ഗ്രസ് സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകും.