രണ്ടാംക്ലാസുകാരി മെയ് സിത്താര എഴുതിയ കഥ ഇനി മൂന്നാം ക്ലാസുകാര്‍ പഠിക്കും
Thursday, November 7, 2024 1:39 AM IST
കൊടകര: സര്‍ക്കാര്‍ എല്‍പി സ്കൂളില്‍ രണ്ടാം ക്ലാസില്‍ പഠിക്കുന്ന മെയ് സിത്താര എന്ന കുരുന്ന് വിദ്യാഭ്യാസരംഗത്ത് പുതിയൊരു ചരിത്രമെഴുതുകയാണ്. മെയ് സിത്താര എഴുതിയ കഥ മൂന്നാം ക്ലാസിലെ മലയാളം പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. അടുത്തവര്‍ഷം മൂന്നാം ക്ലാസിലെത്തുമ്പോള്‍ മെയ് സിത്താരയ്ക്ക് തന്റെ കഥ പഠിക്കാനുള്ള അപൂര്‍വ അവസരം കൈവരും.
2018 മേയ് ഒന്നിനാണ് സിത്താരയുടെ ജനനം. പേരിനോടൊപ്പം മെയ് ചേര്‍ത്തത് അങ്ങനെയാണ്. കുഞ്ഞുനാള് മുതലേ അച്ഛനും അമ്മയും പറഞ്ഞുകൊടുത്ത കഥകള്‍ കേട്ടുവളര്‍ന്ന മെയ് സിത്താര സംസാരിക്കാറായപ്പോള്‍ മുതല്‍ കുഞ്ഞുകഥകള്‍ സ്വയം ഉണ്ടാക്കി പറയാന്‍തുടങ്ങി.
മകള്‍ വലുതാകുമ്പോള്‍ കാണിച്ചുകൊടുക്കാനായി അമ്മ പാര്‍വതി ഇതെല്ലാം കുറിച്ചുവച്ചു. യുകെജി ക്ലാസില്‍ പഠിക്കുമ്പോള്‍ മെയ് സിത്താര ഭാവനയില്‍നിന്നു പറഞ്ഞ കഥകള്‍ പിന്നീട് സുട്ടുപറഞ്ഞ കഥകള്‍ എന്ന പേരില്‍ പ്രസിദ്ധീകരിച്ചു.
ഡോ.കെ. ശ്രീകുമാര്‍ ജനറല്‍ എഡിറ്റായി കോഴിക്കോട് പൂര്‍ണ പബ്ലിക്കേഷന്‍സ് പുറത്തിറക്കായി സമാഹാരത്തില്‍ മെയ് സിത്താരയുടെ 24 കഥകളാണുള്ളത്. ഇതില്‍നിന്നു തെരഞ്ഞെടുത്ത പൂമ്പാറ്റുമ്മ എന്ന കഥയാണ് ഈ വര്‍ഷം മൂന്നാം ക്ലാസിലെ മലയാളം പാഠപുസ്തകത്തിന്റെ രണ്ടാം ഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
കുട്ടികളുടെ ഭാഷയില്‍ ലളിതമായ പദങ്ങളുപയോഗിച്ചുള്ളതാണു കഥ. സുട്ടുവും പൂമ്പാറ്റയുമാണ് ഈ കഥയിലെ കഥാപാത്രങ്ങള്‍. മെയ് സിത്താര പറഞ്ഞ കഥകള്‍ നേരത്തെ അമ്മ പാര്‍വതി കുട്ടികളുടെ മാസികയായ യുറീക്കയില്‍ ഒരമ്മയും കുട്ടിയും എന്ന പരമ്പരയായി പ്രസിദ്ധീകരിച്ചിരുന്നു.
സ്കൂളില്‍നിന്ന് യാത്രകള്‍ സംഘടിപ്പിക്കുമ്പോള്‍ മികച്ച യാത്രാവിവരണങ്ങളാണ് മെയ് സിത്താര തയാറാക്കാറുള്ളതെന്ന് കൊടകര ജിഎല്‍പി സ്കൂള്‍ പ്രധാനധ്യാപിക എം.കെ. ഡെയ്നി പറഞ്ഞു.
കൊടകര കാവനാടുള്ള അജയന് അടാട്ട് -പാര്‍വതി ദമ്പതികളുടെ ഏക മകളാണ് സുട്ടു എന്നു വിളിക്കുന്ന മെയ് സിത്താര. യുകെജി മുതല്‍ കൊടകര ജിഎല്‍പി സ്കൂളിലാണ് പഠനം.
സിനിമാരംഗത്ത് അറിയപ്പെടുന്ന ശബ്ദലേഖന പ്രതിഭയാണ് മെയ് സിത്താരയുടെ പിതാവ് അജയന് അടാട്ട്. അമ്മ പാര്‍വതി കൊടകര ജിഎല്‍പി സ്കൂളില്‍ താത്കാലിക അധ്യാപികയാണ്.