ലക്ഷ്യം തെറ്റിപ്പോയ നാടകീയ നീക്കം
Thursday, November 7, 2024 1:39 AM IST
സാബു ജോണ്‍
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതൽ പാലക്കാട്ട് നാടകീയ നീക്കങ്ങളാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസുകാരനായ ഡോ. പി. സരിൻ സിപിഎം സ്ഥാനാർഥി ആയതു മുതൽ ഏറ്റവുമൊടുവിൽ യുഡിഎഫ് "പാതിരാനാടക’മെന്നു വിളിപ്പേരിട്ട പോലീസ് റെയ്ഡിലെത്തി നിൽക്കുന്നു നാടകീയത.
ചൊവ്വാഴ്ച അർധരാത്രി മുതൽ പുലർച്ചെ വരെ നീണ്ട സംഘർഷാന്തരീക്ഷത്തിനു പിന്നാലെ യുഡിഎഫ് വൻ പ്രതിഷേധം സംഘടിപ്പിച്ച് പോലീസ് റെയ്ഡ് മണ്ഡലത്തിൽ കത്തിച്ചു നിർത്തി. പിന്നാലെ ആരോപണ, പ്രത്യോരോപണങ്ങളുമായി യുഡിഎഫും എൽഡിഎഫും ബിജെപിയും കളം നിറഞ്ഞു നിൽക്കുന്പോഴും ആരോപണമുന്നയിച്ചവർക്കു രാഷ്ട്രീയനേട്ടം കൊയ്യാനായോ എന്നു സംശയിക്കണം. മാത്രമല്ല പാതിരാത്രിയിൽ കോണ്‍ഗ്രസിലെ രണ്ടു വനിതാനേതാക്കളുടെ മുറിയിൽ നടത്തിയ റെയ്ഡ് നിയമപ്രശ്നങ്ങൾക്കും അച്ചടക്കവിഷയങ്ങൾക്കും വഴിതെളിക്കാനും സാധ്യതയുണ്ട്.
പോലീസ് റെയ്ഡിനെതിരേ വൻ പ്രതിഷേധമുയർത്തിയ യുഡിഎഫ് ആദ്യഘട്ടത്തിൽ രാഷ്ട്രീയ നേട്ടമുണ്ടാക്കി. ഇതു തിരിച്ചറിഞ്ഞാണ് "തെളിവുകൾ’ പുറത്തുവിട്ട് ഭരണപക്ഷം യുഡിഎഫിനെ പ്രതിരോധത്തിലാക്കാനാകുമോ എന്നു പരീക്ഷിച്ചത്.
സിപിഎം-ബിജെപി ഡീൽ എന്ന യുഡിഎഫ് ആരോപണത്തിന് മറ്റൊരു ഉദാഹരണം എന്ന നിലയിലാണ് യുഡിഎഫ് കേന്ദ്രങ്ങൾ ഈ പ്രശ്നത്തെയും ജനമധ്യത്തിൽ അവതരിപ്പിച്ചത്.
റെയ്ഡ് തുടങ്ങിയപ്പോൾ സിപിഎം-ബിജെപി പ്രവർത്തകർ കൂട്ടത്തോടെ എത്തിയതും മറ്റും ഉയർത്തിക്കാട്ടി സംഭവത്തിൽ ഗൂഢാലോചനയും യുഡിഎഫ് ആരോപിക്കുന്നു. കള്ളപ്പണ വിഷയത്തിൽ ബിജെപിയും കോണ്‍ഗ്രസും ഒരേ തൂവൽപ്പക്ഷികൾ എന്നാണ് എൽഡിഎഫ് ആഖ്യാനം.
ചിഹ്നം പോലും ഉപേക്ഷിച്ചു സ്ഥാനാർഥിയെ കളത്തിലിറക്കിയ സിപിഎം, ബിജെപി സ്ഥാനാർഥിയെ വിജയിപ്പിക്കാൻ വേണ്ട അന്തരീക്ഷം ഒരുക്കുകയാണെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. കുഴൽപ്പണ വിവാദം കത്തിനിൽക്കുന്പോൾ ഭരണപക്ഷം ബിജെപിയുടെ രക്ഷയ്ക്കെത്തിയതാണെന്ന വാദവും അവർ ഉയർത്തുന്നു. വടകരയിലെ കാഫിർ പ്രയോഗം പോലെ മറ്റൊരു പരീക്ഷണം എന്നാണ് യുഡിഎഫ് കേന്ദ്രങ്ങൾ ഈ റെയ്ഡിനെ വിശേഷിപ്പിക്കുന്നത്.
വയനാട്ടിലും ചേലക്കരയിലും വോട്ടെടുപ്പു കഴിഞ്ഞ് ഒരാഴ്ചകൂടി കഴിഞ്ഞാണ് പാലക്കാട്ട് വോട്ടെടുപ്പ്. അതുകൊണ്ടുതന്നെ ഈ രണ്ടു മണ്ഡലങ്ങളിലെയും വോട്ടെടുപ്പു കഴിഞ്ഞാൽ മൂന്നു മുന്നണികളുടെയും നേതാക്കൾ പാലക്കാട്ടേക്കു കൂട്ടത്തോടെ എത്തും.
കടുത്ത ത്രികോണമത്സരം നടക്കുന്ന പാലക്കാട്ട് അടുത്ത നീക്കം എന്തായിരിക്കും എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഏതായാലും പോലീസ് റെയ്ഡും അതുയർത്തുന്ന വിവാദങ്ങളും പാലക്കാട്ടെ തെരഞ്ഞെടുപ്പു ഫലത്തെ സ്വാധീനിക്കാൻ സാധിക്കുന്ന പ്രധാന വിഷയമായി മാറിക്കഴിഞ്ഞു. അതിന്റെ ഗുണഭോക്താക്കൾ തങ്ങളായിരിക്കുമെന്ന് യുഡിഎഫ് നേതാക്കളെങ്കിലും ഉറച്ചു വിശ്വസിക്കുന്നു.