സ്വകാര്യ ബസുകള്‍ക്ക് 140 കിലോമീറ്ററിലധികം പെര്‍മിറ്റ് അനുവദിക്കേണ്ടെന്ന വ്യവസ്ഥ റദ്ദാക്കി
Thursday, November 7, 2024 1:39 AM IST
കൊച്ചി: സ്വകാര്യബസുകള്‍ക്ക് 140 കിലോമീറ്ററിലധികം ദൂരം പെര്‍മിറ്റ് അനുവദിക്കേണ്ടെന്ന വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കി.
മോട്ടോര്‍ വാഹന സ്കീമിലെ വ്യവസ്ഥയാണു റദ്ദാക്കിയത്. കെഎസ്ആര്‍ടിസിയെ സഹായിക്കാനായി ഗതാഗതവകുപ്പ് നടപ്പാക്കിയ തീരുമാനത്തിനെതിരേ സ്വകാര്യ ബസുടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണു ജസ്റ്റീസ് ദിനേശ് കുമാറിന്റെ ഉത്തരവ്. 2020 സെപ്റ്റംബര്‍ 14നാണ് കെഎസ്ആര്‍ടിസിക്ക് ഏറെ ഗുണകരമായ സ്കീമിന്റെ കരട് പ്രസിദ്ധീകരിച്ചത്.
പുതിയ സ്കീം പുറപ്പെടുവിച്ചാല്‍ ഒരു വര്‍ഷത്തിനകം ബന്ധപ്പെട്ട കക്ഷികളെ കേട്ട് അന്തിമമാക്കണമെന്നാണു വ്യവസ്ഥ. എന്നാല്‍ അതുണ്ടായില്ലെന്നും തങ്ങളെ കേട്ടില്ലെന്നും സ്കീം നിയമപരമല്ലെന്നുമുളള സ്വകാര്യ ബസുടമകളുടെ വാദം കോടതി അംഗീകരിച്ചു.
ഇതോടെ സ്കീം നിലവില്‍ വരുന്നതിനു മുന്‍പുള്ളതുപോലെ 140 കിലോമീറ്ററിനപ്പുറത്തേക്കും ദീര്‍ഘദൂര സര്‍വീസ് നടത്താന്‍ സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റ് ലഭിക്കും. 2009 ന് മുന്‍പ് സ്വകാര്യ ബസുകള്‍ക്ക് അനുവദിച്ച ദീര്‍ഘദൂര പെര്‍മിറ്റുകളിലാണ് പുതിയ സ്കീമിലൂടെ സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവന്നത്. പുതിയ സ്കീം പ്രകാരം സ്വകാര്യ ബസുകള്‍ക്ക് 140 കിലോമീറ്റര്‍ ദൂരമേ സര്‍വീസ് നടത്താൻ അനുമതി ലഭിക്കുമായിരുന്നുള്ളൂ.
ഇത്തരത്തിലൊരു നിയന്ത്രണം ഏര്‍പ്പെടുത്തിയതു നടപടിക്രമങ്ങള്‍ പാലിക്കാതെയാണെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. മറ്റു നടപടിക്രമങ്ങള്‍ പാലിക്കുന്നതിലും വീഴ്ചയുണ്ടായെന്നും ഹര്‍ജിക്കാര്‍ അറിയിച്ചു. കെഎസ്ആര്‍ടിസിയുടെ സൂപ്പര്‍ ക്ലാസ് ബസുകള്‍ ഓടിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പുതിയ സ്കിം നടപ്പാക്കി ഗതാഗതവകുപ്പ് ഉത്തരവിറക്കിയത്.