ഹണിട്രാപ്: വ്യാപാരിയുടെ 2.5 കോടി തട്ടിയെടുത്ത ദമ്പതികൾ അറസ്റ്റിൽ
Thursday, November 7, 2024 1:39 AM IST
തൃശൂർ: തൃശൂരിലെ വ്യാപാരിയെ ഹണിട്രാപ്പിൽപ്പെടുത്തി രണ്ടരക്കോടി രൂപ തട്ടിയെടുത്ത ദമ്പതികൾ അറസ്റ്റിൽ. കൊല്ലം സ്വദേശികളായ ഒറ്റയിൽപടിറ്റതിൽ ഷെമി (ഫാബി-38), തട്ടുവിള പുത്തൻവീട്ടിൽ സോജൻ (32) എന്നിവരാണ് അറസ്റ്റിലായത്.
പ്രതികള്‍ വ്യാപാരിയില്‍നിന്നു കൈപ്പറ്റിയ പണംകൊണ്ട് സമ്പാദിച്ച 82 പവൻ സ്വര്‍ണാഭരണങ്ങളും ഒരു ഇന്നോവ, ടയോട്ട ഗ്ലാന്‍സ്, മഹീന്ദ്ര ഥാർ, മേജര്‍ ജീപ്പ്, എന്‍ഫീല്‍ഡ് ബുള്ളറ്റ് വാഹനങ്ങളും കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. അങ്കമാലിയിൽനിന്നാണു പ്രതികളെ പിടികൂടിയത്.
പോലീസ് പറയുന്നത്: 2020ലാണ് തൃശൂരിലെ വ്യവസായിയെ വാട്സാപ് വഴി ഷെമി പരിചയപ്പെടുന്നത്. എറണാകുളത്തെ ഒരു ഹോസ്റ്റലിൽ താമസിക്കുന്ന 23 വയസുള്ള യുവതിയാണെന്നു വിശ്വസിപ്പിച്ച് ബന്ധം തുടർന്നു. ഹോസ്റ്റൽ ഫീസിനും മറ്റു വ്യക്തിപരമായ ആവശ്യങ്ങൾക്കുമായി വ്യാപാരിയിൽനിന്ന് കടം വാങ്ങാറുണ്ടായിരുന്നു.
പിന്നീട് വീഡിയോ കോളുകളിലൂടെ നഗ്നശരീരം കാണിച്ച് യുവതി വ്യാപാരിയെ കുടുക്കി, ചാറ്റുകളും വിഡിയോകളും പുറത്തുവിടുമെന്നു ഭീഷണപ്പെടുത്തി വലിയ തുകകൾ കൈപ്പറ്റാൻ തുടങ്ങി.
2.5 കോടി രൂപയോളം യുവതി ആവശ്യപ്പെട്ട അക്കൗണ്ടുകളിലേക്ക് ഇട്ടുനൽകി. വീണ്ടും ഭീഷണി തുടരുകയും പണം നൽകാൻ വഴിയില്ലാതാകുകയും ചെയ്തതോടെ വ്യാപാരി വിവരങ്ങൾ മകനെ അറിയിക്കുകയും തൃശൂർ വെസ്റ്റ് സ്റ്റേഷനിൽ പരാതിപ്പെടുകയുമായിരുന്നു.