മുനന്പം ഭൂമി വഖഫല്ല; കാരണങ്ങളുണ്ട്, തെളിവുമുണ്ട്
Thursday, November 7, 2024 1:39 AM IST
സിജോ പൈനാടത്ത്
കൊച്ചി: മുനന്പത്ത് വഖഫാണെന്ന് അവകാശപ്പെടുന്ന ഭൂമി, വഖഫ് സ്വഭാവമില്ലാതെ കൈമാറ്റം ചെയ്യപ്പെട്ടതാണെന്നതിനു തെളിവുകളേറെ.
വഖഫ് ഭൂമിയെന്ന അവകാശവാദത്തോടെ മുനമ്പത്തെ 12 വീട്ടുകാർക്ക് നോട്ടീസ് അയച്ചിട്ടുണ്ടെന്നു പറയുന്ന സംസ്ഥാന വഖഫ് ബോർഡ് അധ്യക്ഷനുമുന്പിൽ അദ്ദേഹത്തിന്റെ വാദങ്ങളെ ദുർബലമാക്കുന്ന പഴയ ആധാരങ്ങളുൾപ്പെടെയുള്ള രേഖകൾ പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു.
1948ൽ ഫറൂഖ് കോളജ് മാനേജ്മെന്റിന് മുഹമ്മദ് സിദ്ദിഖ് സേട്ട് മുനന്പത്തെ 404.76 ഏക്കര്‍ ഭൂമിയാണു കൈമാറിയത്. ഇതുസംബന്ധിച്ച രേഖകളിൽ ‘വഖഫ് ആധാരം’ എന്ന പദം ഉപേയാഗിച്ചിട്ടുണ്ടെന്ന വാദത്തിൽ മുറുകെപ്പിടിച്ചാണു മുനന്പത്തേത് വഖഫ് ഭൂമിയാണെന്ന അവകാശം ബോർഡും മറ്റു ചില കേന്ദ്രങ്ങളും ഉന്നയിക്കുന്നത്.
അത്തരമൊരു കൈമാറ്റം നടക്കുന്ന സമയത്ത് ഈ സ്ഥലത്ത് പ്രദേശവാസികൾ താമസിക്കുന്നുണ്ട്. ഒരുവിഭാഗം ആളുകൾ താമസിക്കുന്ന സ്ഥലം എങ്ങനെയാണു വഖഫായി കൈമാറുന്നതെന്ന സുപ്രധാനമായ ചോദ്യം മുനന്പം നിവാസികൾ ഉയർത്തുന്നു.
മതപരമോ വിശ്വാസപരമോ ജീവകാരുണ്യപരമോ ആയ ആവശ്യങ്ങള്‍ക്കായുള്ള സ്ഥിരമായ സമര്‍പ്പണമാണ് ഇസ്ലാം നിയമപ്രകാരം വഖഫായി കണക്കാക്കുന്നത്. മുഹമ്മദ് സിദ്ദിഖ് സേട്ട് ഫറൂഖ് കോളജ് മാനേജ്മെന്റിന് ഭൂമി കൈമാറുന്പോൾ കൃത്യമായ വ്യവസ്ഥകൾ മുൻനിർത്തിയാണെന്നതിന് ആധാരത്തിൽ പരാമർശമുണ്ട്. ആ വ്യവസ്ഥകൾ പാലിക്കാതെ വന്നാൽ സ്വത്ത് തിരിച്ചെടുക്കാൻ തനിക്ക് അവകാശമുണ്ടെന്ന് സേട്ട് വ്യക്തമാക്കിയിരുന്നു.
ഇത്തരത്തിൽ ഏതെങ്കിലും വ്യവസ്ഥ വച്ചുള്ള ഭൂമികൈമാറ്റം ഒരിക്കലും വഖഫാകുന്നില്ലെന്ന് നിയമം ചൂണ്ടിക്കാട്ടുന്നു. രാജഭരണകാലത്ത് പാട്ടക്കരാറിൽ കൈമാറിക്കിട്ടിയ ഭൂമി എങ്ങനെയാണ് വഖഫായി നൽകാനാകുകയെന്ന ചോദ്യവും പ്രദേശവാസികൾ ഉയർത്തുന്നു.
മുനന്പത്ത് ചിറ കെട്ടുന്നതു സംബന്ധിച്ച് 1961ൽ ഫറൂഖ് കോളജ് മാനേജ്മെന്റ് അധികൃതരും പ്രദേശവാസികളും തമ്മിൽ തർക്കവും സംഘർഷവുമുണ്ടായിരുന്നു. ഈ വിഷയം നിയമസഭയിൽ അടിയന്തരപ്രമേയമായി വന്നപ്പോൾ അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന പി.ടി. ചാക്കോ നൽകിയ മറുപടിയിൽ മുനന്പത്തേത് ഫറൂഖ് കോളജ് വക ഭൂമി എന്നാണു പരാമർശിച്ചത്. ഇക്കാര്യം നിയമസഭാരേഖകളിലുണ്ട്. വഖഫ് ഭൂമിയെന്ന പരാമർശം അതിലില്ല.
കോടതിയും പറഞ്ഞു: ഇതു ഗിഫ്റ്റ് ഡീഡ്
1975ൽ ഫറൂഖ് കോളജും മുനന്പം നിവാസികളും തമ്മിലുണ്ടായ കോടതിവ്യവഹാരത്തിലെ വിധിപ്പകർപ്പിൽ, മുനന്പത്തെ ഭൂമി രജിസ്റ്റേർഡ് ഗിഫ്റ്റ് ഡീഡ് ആണെന്നു ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ 2019 വരെ വഖഫ് ബോര്‍ഡിന്റെ ആസ്തി രജിസ്റ്ററില്‍ മുനന്പത്തെ ഭൂമി ഉള്‍പ്പെടുത്തിയിരുന്നില്ല.
ഫറൂഖ് കോളജ് അധികാരികള്‍ മുനന്പത്തെ ഭൂമി പ്രദേശവാസികൾക്ക് 1988-93 കാലഘട്ടത്തിൽ വിപണിവില വാങ്ങിയാണു കൈമാറിയതെന്നതിന് രേഖയുണ്ട്. ഭൂമി വിറ്റ വകയില്‍ കോളജിന് 33 ലക്ഷം രൂപ ലഭിച്ചതായി വിവിധ രേഖകൾ ചൂണ്ടിക്കാട്ടുന്നു. പണം വാങ്ങി ക്രയവിക്രയം നടത്തിയ വസ്തു എങ്ങനെയാണ് വഖഫാകുന്നതെന്ന നിർണായക ചോദ്യവും വഖഫ് ബോർഡിനോട് മുനന്പം നിവാസികൾ ചോദിക്കുന്നു.