വയനാട് പുനരധിവാസം: നഷ്ടപരിഹാരത്തുക കെട്ടിവച്ചാല്‍ സ്ഥലം വിട്ടുനല്‍കുമോയെന്ന് ഹൈക്കോടതി
Thursday, November 7, 2024 1:39 AM IST
കൊച്ചി: വയനാട് ദുരന്തബാധിതരെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ ഏറ്റെടുക്കാനുദ്ദേശിക്കുന്ന സ്ഥലത്തിന്റെ നഷ്ടപരിഹാരത്തുക കോടതിയില്‍ കെട്ടിവച്ചാല്‍ സ്ഥലം വിട്ടുനല്‍കുമോയെന്ന് നെടുമ്പാല, എല്‍സ്റ്റോണ്‍ എസ്റ്റേറ്റുകളോട് ഹൈക്കോടതി.
മോഡല്‍ ടൗണ്‍ഷിപ്പ് നിര്‍മിക്കാന്‍ സര്‍ക്കാര്‍ കണ്ടെത്തിയ ഭൂമിയുടെ കൈവശക്കാരായ എസ്റ്റേറ്റ് ഉടമകള്‍ നല്കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് കൗസര്‍ എടപ്പഗത്ത് ഹര്‍ജിക്കാരോട് ഇക്കാര്യം ആരാഞ്ഞത്.
നെടുമ്പാല എസ്റ്റേറ്റിലെ 65.41 ഹെക്ടര്‍ ഭൂമിയും കൽപ്പറ്റ എല്‍സ്റ്റോണ്‍ എസ്റ്റേറ്റിലെ 78.73 ഹെക്ടര്‍ ഭൂമിയും ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ നീക്കമാണ് ഇരുവരും ചോദ്യം ചെയ്തിരിക്കുന്നത്. ഏറ്റെടുക്കുന്ന ഭൂമിക്ക് 2013ലെ നിയമപ്രകാരം നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യമാണു ഹര്‍ജിക്കാരുടേത്. നിയമപ്രകാരം നഷ്ടപരിഹാരം നല്കുന്നതു പരിഗണിക്കാന്‍ കോടതിയും അഭിപ്രായപ്പെട്ടു.
ഏറ്റെടുക്കാനുള്ള ഭൂമിക്ക് ന്യായമായ നഷ്ടപരിഹാരം നല്കാന് തയാറാണെന്നും ഹര്‍ജിക്കാരുടെ ഭൂമി സംബന്ധിച്ച് സര്‍ക്കാരുമായി സിവില്‍ കോടതിയില്‍ കേസുള്ളതിനാല്‍ തുക നേരിട്ടു നല്‍കാനാകില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
അതേസമയം, കേസിന്റെ വിധിക്കു വിധേയമായി ബന്ധപ്പെട്ട സിവില്‍ കോടതിയില്‍ തുക കെട്ടിവയ്ക്കാന്‍ തയാറാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. തുടര്‍ന്നാണ് ഇതുസംബന്ധിച്ച നിലപാട് കോടതി ആരാഞ്ഞത്. സര്‍ക്കാരും ഇക്കാര്യത്തില്‍ മറുപടി നല്‍കണം. തുടര്‍ന്ന് ഹര്‍ജി വീണ്ടും 12ന് പരിഗണിക്കാന്‍ മാറ്റി.
ഹര്‍ജി തീര്‍പ്പാക്കുന്നതുവരെ കണ്ടെത്തിയ ഭൂമി ഏറ്റെടുക്കരുതെന്ന് കോടതി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.