സ്റ്റേ നിലനിൽക്കെ ജുഡീഷൽ അന്വേഷണ കമ്മീഷന്റെ കാലാവധി വീണ്ടും നീട്ടാൻ മന്ത്രിസഭ
Thursday, November 7, 2024 1:39 AM IST
തിരുവനന്തപുരം: കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരേയുള്ള ജുഡീഷൽ അന്വേഷണത്തിനെതിരേയുള്ള കേസിൽ ഹൈക്കോടതി സ്റ്റേ നിലനിൽക്കെ ഇതേ വിഷയത്തിൽ അന്വേഷണത്തിനു നിയോഗിച്ച റിട്ട. ജസ്റ്റീസ് വി.കെ. മോഹനന്റെ കാലാവധി വീണ്ടും നീട്ടാൻ മന്ത്രിസഭാ തീരുമാനം.
സംസ്ഥാനത്ത് 2020 ജൂലൈ മുതൽ വിവിധ കേന്ദ്ര ഏജൻസികൾ നടത്തുന്ന അന്വേഷണങ്ങൾ പരിധി വിടുന്നുണ്ടോയെന്നു പരിശോധിക്കാൻ നിയോഗിച്ച ജസ്റ്റീസ് വി. കെ. മോഹനൻ കമ്മീഷന്റെ കാലാവധിയാണ് ഇന്നു മുതൽ ആറു മാസത്തേക്കുകൂടി ദീർഘിപ്പിക്കാൻ തീരുമാനിച്ചത്.
ജുഡീഷൽ കമ്മീഷൻ നിയമനത്തിനെതിരേ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഹൈക്കോടതിയിൽ നൽകിയ കേസ് നിലനിൽക്കെയാണ് സർക്കാർ നടപടി. 2021 മേയ് ഏഴിന് നിയമിച്ച കമ്മീഷന്റെ കാലാവധി ഇന്നലെ അവസാനിച്ച സാഹചര്യത്തിലാണ് ഇന്നു മുതൽ വീണ്ടും നീട്ടുന്നത്.
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരേ കേസിലെ പ്രതിയായ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ വന്നതിനു പിന്നാലെയാണ് ജുഡീഷൽ കമ്മീഷനെ നിയമിച്ചത്. കേന്ദ്ര ഏജൻസികളടെ അന്വേഷണത്തിനെതിരേ സംസ്ഥാന സർക്കാർ അന്വേഷണ കമ്മീഷനെ വച്ചത് അസാധാരണ സംഭവമായിരുന്നു.
കമ്മീഷൻ അന്വേഷണത്തിനെതിരേ ഇഡി ഹൈക്കോടതിയെ സമീപിച്ചു. ഇതേത്തുടർന്ന് കമ്മീഷൻ നിയമനം ഹൈക്കോടതി സിംഗിൾ ബഞ്ച് സ്റ്റേ ചെയ്തിരിക്കുകയാണ്. ഇതിനെതിരേ സർക്കാർ ഡിവിഷൻ ബഞ്ചിൽ അപ്പീൽ നൽകിയിട്ടുണ്ട്.
അതേസമയം കൊച്ചി കേന്ദ്രമായി പ്രവർത്തനം ആരംഭിച്ച കമ്മീഷന്റെ പ്രവർത്തനം കഴിഞ്ഞ മൂന്നു വർഷമായി ഒന്നും നടക്കാത്ത സാഹചര്യത്തിലാണെന്ന ആരോപണവും ഉയർന്നു. ഖജനാവിൽ നിന്ന് ലക്ഷക്കണക്കിനു രൂപയാണ് കമ്മീഷൻ പ്രവർത്തനത്തിനായി നൽകേണ്ടി വരുന്നത്.
അതേസമയം, മലപ്പുറം താനൂർ തൂവൽത്തീരം ബീച്ചിൽ 2023 മേയ് ഏഴിനുണ്ടായ ബോട്ടപകടത്തിന് ഇടയാക്കിയ കാരണങ്ങളെക്കുറിച്ചും ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ഒഴിവാക്കാൻ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും രൂപീകരിച്ച ജസ്റ്റീസ് വി.കെ.മോഹനൻ അന്വേഷണ കമ്മിഷന്റെ കാലാവധിയും വീണ്ടും നീട്ടാൻ തീരുമാനിച്ചു.
ബോട്ട് അപകടവും മോഹനൻ കമ്മീഷനാണ് അന്വേഷിക്കുന്നത്. 2023 മേയ് 12നാണ് കമ്മീഷനെ നിയോഗിച്ചത്. 12 മുതൽ ആറ് മാസത്തേക്കു കൂടി ദീർഘിപ്പിച്ചു നൽകിയാണ് വിജ്ഞാപനം ഇറക്കുക.