കോൺഗ്രസ് കള്ളപ്പണം എത്തിച്ചു: എം.വി. ഗോവിന്ദൻ
Thursday, November 7, 2024 1:39 AM IST
കണ്ണൂർ: പാലക്കാട്ടെ യുഡിഎഫ് നേതാക്കളുടെ ഹോട്ടല്‍മുറികളില്‍ അര്‍ധരാത്രി പരിശോധന നടത്തിയതിനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. കോണ്‍ഗ്രസ് കള്ളപ്പണം എത്തിച്ചുവെന്നും അതേക്കുറിച്ച് പാര്‍ട്ടിക്ക് വിവരം ലഭിച്ചിരുന്നുവെന്നും അദ്ദേഹം കണ്ണൂരിൽ മാധ്യമങ്ങളോടു പറഞ്ഞു.
കള്ളപ്പണം എത്തിച്ചതിന്റെ വിവരം കുറച്ചുകഴിയുമ്പോള്‍ പുറത്തുവരും. വന്ന പണം എന്തു ചെയ്തുവെന്നു പോലീസ് പരിശോധിക്കട്ടെ. എന്തോ മറയ്ക്കാനുള്ളതിനാലാണു യുഡിഎഫ് പ്രശ്നങ്ങളുണ്ടാക്കിയതെന്നും അദ്ദേഹം ആരോപിച്ചു.
ഹോട്ടലിലെ പരിശോധനയിൽ അദ്ഭുതമില്ലെന്നും എല്ലാ വിവരവും പോലീസിനും കിട്ടിയിട്ടുണ്ടെന്നും പാലക്കാട്ടെ മുൻ എംഎൽഎയും ഇപ്പോഴത്തെ എംപിയുമായ ആൾക്ക് ബിജെപിക്കു പണം എത്തിക്കുന്ന ടീം തന്നെ നാലു കോടി കൊടുത്തുവെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് വിശദീകരിക്കുന്നത് നമ്മൾ കേട്ടു. കള്ളപ്പണം ആരൊക്കെ വിതരണം ചെയ്യുന്നുവെന്ന് പരിശോധിക്കപ്പെടേണ്ടതാണെന്നും ഗോവിന്ദൻ പറഞ്ഞു.