ഒടാലിൽ കുടുംബവും കാത്തിരുന്നു; അഞ്ചര പതിറ്റാണ്ട്
Wednesday, October 2, 2024 4:10 AM IST
പത്തനംതിട്ട: ഹിമാചലിലെ മഞ്ഞുമലയിൽ 56 വർഷങ്ങൾക്കു മുന്‍പ് തങ്ങളുടെ ഒരു കുടുംബാംഗത്തെ കാണാതായിട്ടുണ്ടെന്ന വിവരം ഇലന്തൂർ ഒടാലിൽ കുടുംബത്തിലെ പുതുതലമുറ ഒരുപക്ഷേ മറന്നിരിക്കും. എന്നാൽ, രാജ്യസേവനത്തിനിടെ കാണാതായ പ്രിയ കുടുംബാംഗത്തിന്റെ ഭൗതികശരീരം വർഷങ്ങൾക്കിപ്പുറം നാട്ടിലേക്ക് എത്തിക്കുന്പോൾ അത് അഭിമാനവും ആശ്വാസവുമായി മാറുകയാണ്.
ദീർഘ വർഷങ്ങളിലെ കാത്തിരിപ്പിനു ശേഷം മകനെ കാണാനാകാതെ മാതാപിതാക്കളായ ഒ.എം തോമസും എലിയാമ്മയും മൺമറഞ്ഞെങ്കിലും തോമസ് ചെറിയാന്റെ മൃതദേഹം ഉടൻ വീട്ടിലെത്തുമെന്ന വിവരം തിങ്കളാഴ്ച ബന്ധുക്കൾക്കു ലഭിച്ചതോടെ ഒടാലിൽ വീട്ടിലേക്കു ജനപ്രവാഹമായി.
1968ൽ ഫെബ്രുവരി ഏഴിനാണ് ഹിമാചൽപ്രദേശിലെ റോത്താംഗ് പാസിൽ 102 സൈനികർ സഞ്ചരിച്ച വ്യോമസേന വിമാനം കാണാതായത്. തകർന്നുവീണതിന്റെ അവശിഷ്ടങ്ങൾ പിന്നീട് കണ്ടെത്തി. ഒൻപതു പേരുടെ മൃതദേഹങ്ങൾ മാത്രമേ ഇതുവരെ കണ്ടെടുക്കാൻ കഴിഞ്ഞിരുന്നുള്ളൂ. കരസേനയുടെ ഡോഗ്രാ സ്കൗട്ടിന്റെ നേതൃത്വത്തിൽ ഇക്കഴിഞ്ഞ 24ന് ആരംഭിച്ച തെരച്ചിലിനിടെയാണ് തോമസ് ചെറിയാൻ, സ്വദേശി നാരായൺ സിംഗ്, മൽഖാസിംഗ് എന്നീ സൈനികരുടെ മൃതദേഹങ്ങൾ കിട്ടിയത്.
ചിത്രം പോലും നഷ്ടപ്പെട്ടു
പ്രിയ സഹോദരന്റെ ചിത്രം പോലും നഷ്ടപ്പെട്ടതിന്റെ വ്യഥയിലാണ് കുടുംബം. തറവാട് വീട് പൊളിച്ചപ്പോൾ തോമസ് ചെറിയാന്റെ ഫോട്ടോ അടങ്ങിയ ആൽബം വീണ്ടെടുക്കാനാകാതെ നശിച്ചു. മറ്റു നാല് സഹോദരങ്ങളുടെയും ചിത്രങ്ങളുണ്ട്. തോമസ് ചെറിയാന്റെ ഫോട്ടോ കൈവശമില്ലാത്തതിന്റെ വിഷമം സഹോദരങ്ങൾ പങ്കുവയ്ക്കുന്നതിനിടെയാണ് ഇന്നലെ കരസേന സെക്കന്തരാബാദ് യൂണിറ്റിൽ ജോലി ചെയ്തിരുന്ന റിട്ട. ഉദ്യോഗസ്ഥൻ വാട്ട്സാപ്പ് വഴി ബന്ധുക്കൾക്ക് ഒരു ചിത്രം അയച്ചത്.
തോമസ് ചെറിയാന്റെ ജ്യേഷ്ഠസഹോദരൻ തോമസ് മാത്യു കരേസന ഉദ്യോഗസ്ഥനായിരുന്നു. അനുജൻ യാത്ര ചെയ്ത വിമാനം അപകടത്തിൽപ്പെട്ടതിനെത്തുടർന്ന് പിതാവ് ഒ.എം. തോമസും അമ്മ ഏലിയാമ്മയും ആശങ്കയായി. മകൻ ജീവനോടെ തിരിച്ചെത്തുമെന്ന പ്രതീക്ഷയറ്റത് 2003ലാണ്. വിമാന അപകടത്തിൽ എല്ലാവരും മരിച്ചെന്ന് സൈനിക കേന്ദ്രത്തിൽനിന്ന് അന്ന് ബന്ധുക്കളെ അറിയിച്ചു. തെരച്ചിലിനിടെ കണ്ടെത്തിയ വിവരങ്ങൾ സൈനികർ ബന്ധുക്കളെ അറിയിച്ചിരുന്നു.
മഞ്ഞുമലയിൽ കണ്ടെത്തിയ മൃതദേഹത്തിൽ അഞ്ചര പതിറ്റാണ്ട് പിന്നിട്ടപ്പോഴും തോമസ് ചെറിയാന്റെ കരസേനയിലെ നന്പർ മാഞ്ഞിരുന്നില്ല. യൂണിഫോമിലെ നെയിംബാഡ്ജും അതിലെ 7093526 എന്ന നമ്പരുമാണ് മൃതദേഹം വേഗത്തിൽ തിരിച്ചറിയാൻ സഹായകരമായതെന്ന് കരസേന ഉദ്യോഗസ്ഥർ.
ഇതിനൊപ്പം പേ ബുക്കും കണ്ടെത്തിയിരുന്നു. ബുക്കിലെ തോമസ് ചെറിയാൻ എന്ന് ഇംഗ്ളീഷിൽ എഴുതിയ പേരിൽ തോമസിനു ശേഷം സി എന്ന അക്ഷരം കഴിഞ്ഞുള്ള ഭാഗം കത്തിയ നിലയിലായിരുന്നു.
തോമസ് ചെറിയാൻ ഫ്രം 'കൊല്ലം'
പത്തനംതിട്ട: തോമസ് ചെറിയാന് സൈന്യത്തിൽ ചേരുന്പോൾ നൽകിയ വിലാസം ഇലന്തൂർ, കൊല്ലം ജില്ലയെന്നാണ്. അദ്ദേഹം മരിക്കുന്പോഴും ഈ വിലാസം തുടർന്നു. അന്ന് ഇലന്തൂർ ഉൾപ്പെടുന്ന പത്തനംതിട്ട താലൂക്ക് കൊല്ലം ജില്ലയുടെ ഭാഗമായിരുന്നു. പിന്നീട് വർഷങ്ങൾക്കുശേഷം 1982ൽ പത്തനംതിട്ട ജില്ല രൂപീകൃതമായി.
ആര്‍മി രേഖകളില്‍ ഇപ്പോഴും തോമസിന്റെ വിലാസം കൊല്ലം ജില്ല വച്ചാണ്. കഴിഞ്ഞദിവസം ആറന്മുള പോലീസ് സ്റ്റേഷനിലെത്തിയ വിലാസവും ഇലന്തൂർ, കൊല്ലം ജില്ല എന്ന നിലയിലായിരുന്നു.
ഇഎംഎ കോര്‍പ്സിലെ സിഎഫ്എന്‍ ആയിരിക്കുമ്പോഴാണ് തോമസ് കൊല്ലപ്പെടുന്നത്.
പത്തനംതിട്ട കാതോലിക്കേറ്റ് സ്കൂളില്‍നിന്ന് എസ്എസ്എല്‍സിയും കോളജില്‍ നിന്ന് പ്രീ യൂണിവേഴ്സിറ്റിയും പൂര്‍ത്തിയാക്കിയ തോമസ് ചെറിയാന് (പൊന്നച്ചന്) സൈനിക സേവനത്തിന്റെ ഭാഗമായി പോകുമ്പോഴാണ് വിമാനം റഡാറുകളില്‍നിന്ന് അപ്രത്യക്ഷമായത്.
ഒടാലില്‍ വീട്ടില്‍ തോമസ് ചെറിയാന്റെ സഹോദരന് തോമസ് മാത്യു സൈന്യത്തിലായിരുന്നു. അദേഹത്തിന്റെ പാത പിന്തുടര്ന്നാണ് തോമസ് ചെറിയാനും സൈന്യസേവനത്തിനിറങ്ങിയത്. സഹോദരന് അപകടത്തില്‍പ്പെട്ടതിനെത്തുടര്‍ന്ന് തോമസ് മാത്യു വിരമിച്ചു.
പിതാവ് ഒ.എം. തോമസ് 1990ല്‍ മരിച്ചു. മരിക്കുന്നതുവരെ മകനെ സംബന്ധിച്ച വിവരങ്ങള്‍ക്ക് അദ്ദേഹം സൈന്യവുമായി കത്തിടപാടുകള്‍ നടത്തിയിരുന്നു. തോമസ് ചെറിയാന്റെ പെന്ഷന് കുടുംബത്തിനു നല്‍കിയിരുന്നു. 1998ല്‍ മാതാവ് ഏലിയാമ്മ മരിക്കുന്നതുവരെ അതു തുടര്‍ന്നു.
തോമസ് ചെറിയാൻ: കാതോലിക്കറ്റ് സ്കൂൾ രേഖയിൽ ഈ പേര് ഭദ്രം
പത്തനംതിട്ട: കാതോലിക്കറ്റ് ഹൈസ്കൂളിൽ 1956 - 59 കാലയളവിൽ പഠനം നടത്തിയ ഇലന്തൂർ ഒടാലിൽ പുത്തൻവീട്ടിൽ തോമസ് ചെറിയാന്റെ പേര് ഇപ്പോഴും അഡ്മിഷൻ രജിസ്റ്ററിൽ ഭദ്രം. ഒ.എം. തോമസ് എന്ന കർഷകന്റെ മകനായാണ് ഈ പേര് രജിസ്റ്ററിൽ ഉള്ളത്.
ഇലന്തൂർ എംടിഎൽപി സ്കൂളിലും പ്രക്കാനം യുപി സ്കൂളിലുമായി 1951 മുതൽ പഠനം നടത്തിയശേഷമാണ് തോമസ് ചെറിയാൻ കാതോലിക്കറ്റ് സ്കൂളിൽ അഡ്മിഷൻ തേടുന്നത്. 1946 ജൂൺ 13 ആണ് ജനനത്തീയതിയായി രേഖപ്പെടുത്തിയിരിക്കുന്നത്.
ബാല്യകാല ഓർമകളിലെ സഹോദരൻ; വികാരനിർഭരമെന്ന് സഹോദരി
തോമസ് ചെറിയാൻ അപകടത്തിൽപ്പെടുന്പോൾ ഇളയ സഹോദരി മേരി തോമസിന് 12 വയസായിരുന്നു. അന്നത്തെ ഓർമകൾ ഇപ്പോഴും അവർക്കുണ്ട്. ടെലിഫോൺ ഒന്നും ഇല്ലാതിരുന്ന കാലഘട്ടത്തിൽ സൈന്യത്തിൽനിന്നെത്തിയ ഒരു ടെലിഗ്രാം സന്ദേശത്തിലൂടെയാണ് സഹോദരൻ അപകടത്തിൽപ്പെട്ടുവെന്ന വിവരം അറിയുന്നത്. ജീവനോടെ ഉണ്ടാകുമെന്നായിരുന്നു ഞങ്ങുടെ പ്രതീക്ഷ. പിന്നീടുള്ള കത്തിടപാടുകളിലും വാർത്തകളിലും അപകടത്തിന്റെ രൂക്ഷത മനസിലായി.
ഏറെ ദിവസങ്ങൾ ഞങ്ങൾ വിഷമിച്ചു കഴിഞ്ഞു. അമ്മയും സഹോദരങ്ങളുമെല്ലാം ഏറെ കരഞ്ഞു. ഒടുവിൽ അച്ചാച്ചന്റെ മൃതദേഹം എങ്കിലും ലഭിക്കണമെന്ന് ഞങ്ങൾ ആഗ്രഹിച്ചു. ഇലന്തൂർ കാരൂർ പള്ളിയിലെ കുടുംബകല്ലറയിൽ സംസ്കരിക്കണമെന്നായിരുന്നു ആഗ്രഹം. സൈന്യം തങ്ങൾക്കൊപ്പമുണ്ടായിരുന്നുവെന്ന് കരുതാനാണിഷ്ടം. അതാണല്ലോ ഇത്രയും വർഷം എത്തിയിട്ടും മൃതദേഹം കണ്ടെത്തി നാട്ടിലെത്തിക്കാനാകുന്നത്.
കാണാതായ മകനുവേണ്ടി പിതാവ് ഒട്ടേറെ കത്തിടപാടുകൾ നടത്തിയിരുന്നു. പഞ്ചായത്ത് മെംബറായിരുന്ന അദ്ദേഹത്തിന് നാട്ടിൽ ഉണ്ടായിരുന്ന സ്വാധീനം ഉപയോഗപ്പെടുത്തി പലശ്രമങ്ങളും നടത്തി.
ഇടയ്ക്കൊക്കെ സൈന്യത്തിൽനിന്ന് മറുപടിക്കത്തുകൾ വരുമായിരുന്നു. പിതാവ് മരിക്കുന്നതുവരെ ഇതു തുടർന്നു. സഹോദരന്റെ പെൻഷൻ അമ്മയ്ക്കു മുടങ്ങാതെ ലഭിച്ചുവന്നു. 1998ൽ അമ്മ മരിക്കുന്നതുവരെ ഇതു ലഭ്യമായി.
എന്തായാലും മാതാപിതാക്കളുടെയും ഞങ്ങളുടെയും ആഗ്രഹപ്രകാരം സഹോദരന്റെ മൃതദേഹം കണ്ടെത്തിയതിലും നാട്ടിൽ എത്തിക്കാൻ കഴിയുമെന്നതിലും ആശ്വാസമുണ്ടെന്ന് മേരി തോമസ് പറഞ്ഞു.
മൃതദേഹം നാട്ടിലേക്ക്
ചണ്ഡിഗഡിലെ കരസേന ബേസ് ക്യാമ്പിൽ എത്തിച്ച തോമസ് ചെറിയാന്റെ മൃതദേഹം രണ്ടു ദിവസത്തിനുള്ളിൽ ഔദ്യോഗിക നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുവരുമെന്നാണ് ബന്ധുക്കൾക്ക് സൈനിക കേന്ദ്രത്തിൽനിന്ന് അറിയിപ്പു ലഭിച്ചത്. മൃതദേഹം ചണ്ഡീഗഡിൽ എംബാം ചെയ്ത ശേഷം സൈനിക നടപടി പൂർത്തിയാക്കി തിരുവനന്തപുരം വിമാനത്താവളം വഴി നാട്ടിലെത്തിക്കും.
തോമസ് ചെറിയാന്റെ മൂത്ത സഹോദരൻ പരേതനായ തോമസ് മാത്യുവിന്റെ വീട്ടിൽ അന്ത്യശുശ്രൂഷ നടക്കും. തുടർന്ന് ഇലന്തൂർ കാരൂർ സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളിയിൽ സംസ്കാരം നടത്തും.
കരസേന ഇലക്്ട്രോണിക്സ് ആൻഡ് മെക്കാനിക്കൽ വിഭാഗത്തിൽ ക്രാഫ്റ്റ്മാനായിരുന്ന തോമസ് ചെറിയാൻ 22 -ാമത്തെ വയസിലാണ് മരിച്ചത്. പതിനെട്ടാം വയസിൽ സൈന്യത്തിൽ ചേർന്നു.
ട്രെയിനിംഗ് പൂർത്തിയാക്കി ആദ്യ പോസ്റ്റിംഗ് സ്ഥലമായ ലേ ലഡാക്കിലേക്ക് ചണ്ഡീഗഡിൽനിന്നു പോകുമ്പോഴായിരുന്നു അപകടം. ലേയിലേക്ക് പോകുന്നുവെന്ന തോമസ് ചെറിയാന്റെ കത്ത് വീട്ടിൽ ലഭിച്ചതിന്റെ പിറ്റേന്നായിരുന്നു വിമാനം കാണാതായത്.
സഹോദരങ്ങളായ തോമസ് തോമസും തോമസ് വർഗീസും സഹോദരി മേരി തോമസുമാണ് ഇപ്പോഴുള്ള അടുത്ത ബന്ധുക്കൾ. കരസേനയിലായിരുന്ന മൂത്ത സഹോദരൻ തോമസ് മാത്യു, തോമസ് ചെറിയാന്റെ അപകടത്തോടെ ജോലി മതിയാക്കി നാട്ടിലെത്തി. കുറച്ചുകാലം വനപാലകനായി. പിന്നീട് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.
പിതാവ് ഒ.എം. തോമസ് 1990ല്‍ മരിച്ചു. മരിക്കുന്നതുവരെ മകനെസബന്ധിച്ച വിവരങ്ങള്‍ക്ക് അദ്ദേഹം സൈന്യവുമായി കത്തിടപാടുകള്‍ നടത്തിയിരുന്നു. തോമസ് ചെറിയാന്റെ പെന്ഷന് കുടുംബത്തിനു നല്‍കിയിരുന്നു. 1998ല്‍ അമ്മ ഏലിയാമ്മ മരിക്കുന്നതുവരെ അത് തുടര്‍ന്നു.