ബോഡിഷെയിമിംഗ് ഗാര്‍ഹിക പീഡന പരിധിയില്‍ വരുമെന്നു കോടതി
Tuesday, November 19, 2024 2:35 AM IST
കൊച്ചി: സ്ത്രീകളുടെ ശരീരഘടനയെപ്പറ്റി അവഹേളിച്ചു സംസാരിക്കുന്നത് (ബോഡി ഷെയിമിംഗ്) ഗാര്‍ഹിക പീഡന നിയമത്തിന്റെ പരിധിയില്‍ വരുന്ന കുറ്റകൃത്യമെന്നു ഹൈക്കോടതി.
യുവതിയുടെ ശരീരത്തെക്കുറിച്ച് കളിയാക്കുകയും വിദ്യാഭ്യാസയോഗ്യത പരിശോധിച്ച് വ്യാജമെന്നു സംശയം പ്രകടിപ്പിക്കുകയും ചെയ്തതു സംബന്ധിച്ച് കണ്ണൂര്‍ കൂത്തുപറമ്പ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് നിലനില്‍ക്കുമെന്നു വ്യക്തമാക്കുന്ന ഉത്തരവിലാണ് ജസ്റ്റീസ് എ. ബദറുദ്ദീന്റെ നിരീക്ഷണം. തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടു പരാതിക്കാരിയുടെ ഭര്‍തൃസഹോദര ഭാര്യ നല്കിയ ഹര്‍ജി കോടതി തള്ളി.
2019ല്‍ വിവാഹിതയായി ഭര്‍തൃവീട്ടില്‍ എത്തിയ യുവതിക്കാണ് അവഹേളനം നേരിടേണ്ടിവന്നത്. യുവതിക്ക് ഷേപ്പില്ലാത്ത ശരീരഘടനയാണെന്നും പറ്റിയ ജോഡിയല്ലെന്നും പറഞ്ഞ് ഭര്‍ത്താവിന്റെ മൂത്ത സഹോദരന്റെ ഭാര്യ പരിഹസിച്ചിരുന്നു. അനുജന് സുന്ദരിയായ മറ്റൊരാളെ കിട്ടുമായിരുന്നുവെന്നും ആക്ഷേപിച്ചു.
മാത്രമല്ല, യുവതിയുടെ എംബിബിഎസ് സര്‍ട്ടിഫിക്കറ്റിനെക്കുറിച്ച് സംശയം പ്രകടിപ്പിക്കുകയും കൈവശപ്പെടുത്തി പരിശോധിക്കുകയും ചെയ്തു. ഇതേക്കുറിച്ചു പറഞ്ഞും കളിയാക്കി. പരിഹാസവും മറ്റും കൂടിയതോടെ 2022ല്‍ ഭര്‍തൃവീട്ടില്‍നിന്ന് യുവതി താമസം മാറുകയും പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.
ഭര്‍ത്താവും ഭര്‍തൃപിതാവും കേസില്‍ ഒന്നും രണ്ടും പ്രതികളും ഹര്‍ജിക്കാരി മൂന്നാം പ്രതിയുമാണ്. തനിക്കു പരാതിക്കാരിയുമായി രക്തബന്ധമില്ലാത്തതിനാല്‍ ഗാര്‍ഹികപീഡന നിയമത്തില്‍ പറയുന്ന ബന്ധു എന്ന നിര്‍വചനത്തില്‍ വരില്ലെന്നായിരുന്നു ഹര്‍ജിക്കാരിയുടെ വാദം.
ബോഡി ഷെയിമിംഗിനെ സ്ത്രീകളോടുള്ള ക്രൂരതയായി കാണാനാകില്ലെന്നും വാദിച്ചു. എന്നാല്‍, ഗാര്‍ഹികപീഡന നിരോധന നിയമത്തില്‍ ഭര്‍തൃവീട്ടിലെ താമസക്കാരെല്ലാം ബന്ധുവിന്റെ നിർവചനത്തിൽ വരുമെന്ന് സുപ്രീംകോടതി ഉത്തരവുള്ളതായി കോടതി ചൂണ്ടിക്കാട്ടി.
ബോഡി ഷെയിമിംഗും യോഗ്യത സംശയിച്ചു സര്‍ട്ടിഫിക്കറ്റ് പരിശോധിക്കുന്നതും വ്യക്തിയുടെ ശാരീരിക, മാനസിക ആരോഗ്യത്തെ ബാധിക്കുന്ന ഘടകങ്ങളാണന്ന് കോടതി വ്യക്തമാക്കി.