വെറ്ററിനറി സർവകലാശാല വൈസ് ചാൻസലർ നിയമനത്തിന് വിജ്ഞാപനമിറക്കി സർക്കാർ
Tuesday, November 19, 2024 2:36 AM IST
തിരുവനന്തപുരം: ഗവർണർ -സർക്കാർ ഏറ്റുമുട്ടൽ തുടരുന്നതിനിടെ സാങ്കേതിക സർവകലാശാലയ്ക്ക് പിന്നാലെ കേരള വെറ്ററിനറി സർവകലാശാലയിൽ വൈസ് ചാൻസലർ നിയമിക്കാൻ വിജ്ഞാപനവുമായി സർക്കാർ. അപേക്ഷ സമർപ്പിക്കാൻ ഡിസംബർ ഏഴുവരെ സമയം അനുവദിച്ചുകൊണ്ടാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ വിഞ്ജാപനം.
ആഴ്ച്ചകൾക്ക് മുന്‍പ് സാങ്കേതിക സർവകലാശാല(കെടിയു)യിൽ പുതിയ വൈസ് ചാൻസലറെ നിയമിക്കാൻ സംസ്ഥാന സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചതിനു പിന്നാലെ, വി.സി നിയമന നടപടികളിൽ വ്യക്തത തേടാൻ സർവകലാശാല ചാൻസലർ കൂടിയായ ഗവർണർ തീരുമാനിച്ചിരുന്നു.
സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ നിയമര കാര്യത്തിൽ സർക്കാരും ഗവർണറും രണ്ടു തട്ടിൽ നില്‍ക്കുന്നതിനിടെയാണ് ഇപ്പോൾ വെറ്ററിനറി സർവകലാശാല വൈസ് ചാൻസലർ നിയമനത്തിന് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചത്.
സർവകലാശാലകളിൽ കുറഞ്ഞത് 10 വർഷമെങ്കിലും പ്രഫസർ പദവിയിൽ ഉന്നത നിലവാരത്തിൽ കഴിവ് തെളിയിച്ചവർ അല്ലെങ്കിൽ ഗവേഷണ,അക്കാദമിക് സ്ഥാപനങ്ങളിൽ തുല്യമായ പദവിയിൽ 10 വർഷം പ്രവർത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കമെന്നാണ് വിജ്ഞാപനത്തിൽ പറയുന്നത്.
വിശദമായ ബയോഡാറ്റയും അനുബന്ധ രേഖകളും അപേക്ഷയുടെ മൂന്നു പകർപ്പുകളും സഹിതം ഡിസംബർ ഏഴുവരെയാണ് അപേക്ഷിക്കാൻ സമയം അനുവദിച്ചിട്ടുള്ളത്.