ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ വാർഡ് വിഭജനം; കരട് വിജ്ഞാപനമായി
Tuesday, November 19, 2024 2:36 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ വാർഡുകൾ പുനർവിഭജിച്ചു കൊണ്ടുള്ള കരട് വിജ്ഞാപനം പുറപ്പെടുവിച്ചു. ജില്ലാകളക്ടർമാർ നൽകിയ കരട് നിർദേശങ്ങൾ പരിശോധിച്ച് പ്രസിദ്ധീകരിക്കുന്നതിന് ഡീലിമിറ്റേഷൻ കമ്മീഷൻ യോഗം അനുമതി നൽകി.
ഡിസംബർ മൂന്നു വരെ കരട് വിജ്ഞാപനം സംബന്ധിച്ച ആക്ഷേപങ്ങളും അഭിപ്രായങ്ങളും സമർപ്പിക്കാം. ഡീലിമിറ്റേഷൻ കമ്മീഷൻ സെക്രട്ടറിക്കോ, ജില്ലാ കളക്ടർക്കോ നേരിട്ടോ രജിസ്റ്റേർഡ് തപാലിലോ ആക്ഷേപങ്ങൾ നൽകാം.
ഡീലിമിറ്റേഷൻ കമ്മീഷന്റെ വിലാസം : സംസ്ഥാന ഡീലിമിറ്റേഷൻ കമ്മീഷൻ, കോർപറേഷൻ ബിൽഡിംഗ് നാലാം നില, വികാസ്ഭവൻ പിഒ, തിരുവനന്തപുരം-695033 ഫോൺ:0471-2335030. ആക്ഷേപങ്ങൾക്കൊപ്പം ഏതെങ്കിലും രേഖകൾ ഹാജരാക്കാനുണ്ടെങ്കിൽ അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും നൽകണം. നിർദിഷ്ട വാർഡിന്റെ അതിർത്തികളും ജനസംഖ്യയും ഭൂപടവും ആണ് കരട് വിജ്ഞാപനത്തോടൊപ്പമുള്ളത്.
കരട് വിജ്ഞാപനം അതത് തദ്ദേശസ്ഥാപനങ്ങളിലും, ജില്ലാ കളക്ടറേറ്റുകളിലും https://www. delim itation. lsgkerala.gov.inവെബ്സൈറ്റിലും പരിശോധനയ്ക്ക് ലഭ്യമാണ്. ലഭിക്കുന്ന ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഡീലിമിറ്റേഷൻ കമ്മീഷൻ പരിശോധിച്ച് ആവശ്യമായ തുടർനടപടി സ്വീകരിക്കും.
ജില്ലാ കളക്ടർ മുഖേനയാണ് ഇതു സംബന്ധിച്ച അന്വേഷണം നടത്തുക. അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യമെങ്കിൽ പരാതിക്കാരിൽ നിന്നും നേരിട്ട് വിവരശേഖരണം നടത്തും. ജില്ലാകളക്ടർ വ്യക്തമായ ശിപാർശകളോടു കൂടി ഡീലിമിറ്റേഷൻ കമ്മീഷന് റിപ്പോർട്ട് സമർപ്പിക്കും.ആവശ്യമെങ്കിൽ പരാതിക്കാരെ നേരിൽ കേട്ട് കമ്മീഷൻ പരാതികൾ തീർപ്പാക്കും. അതിനുശേഷം ആദ്യഘട്ട വാർഡ് പുനർവിഭജനത്തിന്റെ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കും.
ആദ്യമായാണ് ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിച്ച് വാർഡുകൾ പുനർനിർണയിക്കുന്നതിന് എല്ലാ വാർഡുകളുടെയും അതിർത്തികൾ വരച്ചിട്ടുള്ളത്. ഇതിനായി ഇൻഫർമേഷൻ കേരള മിഷൻ തയാറാക്കിയ ക്യൂഫീൽഡ് ആപ്പാണ് ഉപയോഗിച്ചത്. പൂർണമായും ഓപ്പൺ സോഴ്സ് സാങ്കേതികത അടിസ്ഥാനമാക്കിയാണ് ഈ ആപ്പിന്റെ ഉപയോഗം ക്രമീകരിച്ചിട്ടുള്ളത്.