ഉപതെരഞ്ഞെടുപ്പു കഴിഞ്ഞാലും ഇരട്ടവോട്ട് വിവാദം കത്തും
Tuesday, November 19, 2024 2:36 AM IST
പാലക്കാട്: ഉപതെരഞ്ഞെടുപ്പു കഴിഞ്ഞാലും പാലക്കാട്ടെ ഇരട്ടവോട്ടുവിവാദം കത്തിക്കയറും. ഇരട്ട വോട്ടുള്ളവരുടെ പാലക്കാട് മണ്ഡലത്തിലെ വോട്ട് നിലനിർത്തുമെന്നു ജില്ലാ കളക്ടർ വ്യക്തമാക്കിയതിനുപിന്നാലെയാണു രാഷ്ട്രീയപാർട്ടികളുടെ പ്രതികരണവുമുണ്ടായത്.
തെരഞ്ഞെടുപ്പ് കഴിഞ്ഞാലും ഇരട്ടവോട്ടിൽ നിയമപോരാട്ടം നടത്തുമെന്നു സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ്ബാബു പറഞ്ഞു. ബിഎൽഒമാരുടെ ഭാഗത്താണു പിഴവുണ്ടായതെന്നു കുറ്റപ്പെടുത്തിയ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, സിപിഎം ഇപ്പോൾ വിലപിച്ചിട്ട് എന്താണു കാര്യമെന്നും ചോദിച്ചു. ഇരട്ടവോട്ടിൽ ആദ്യം പരാതി ഉന്നയിച്ചതു തങ്ങളാണെന്നു യുഡിഎഫ് നേതാക്കളും പ്രതികരിച്ചു.
ഇരട്ടവോട്ടിൽ ഇടതുമുന്നണി കോടതിയിൽ പോകുന്നതിനെ സ്വാഗതംചെയ്യുന്നുവെന്നു രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. ആദ്യം പരാതി ഉന്നയിച്ചതു യുഡിഎഫാണ്. തെരഞ്ഞെടുപ്പുസമയത്ത് ആളുകളെ കളിയാക്കുന്ന പ്രസ്താവനയാണിത്.
തെരഞ്ഞെടുപ്പു കഴിഞ്ഞാലും ഞങ്ങൾ ഇതു വിടില്ല. ഇരട്ട വോട്ടിന്റെ പിന്നാലെ പോകും. നിയമപരമായും രാഷ്ട്രീയമായും നേരിടും. നടപടിയെടുക്കേണ്ട ആളുകളാണ് പരാതി നൽകുന്നത്. സിപിഎം ആത്മപരിശോധന നടത്തണമെന്നും രാഹുൽ ആവശ്യപ്പെട്ടു.
ഇരട്ടവോട്ടുള്ളവർ വോട്ടുചെയ്യാനെത്തുമ്പോൾ ഫോട്ടോ പകർത്തുമെന്നു ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടർ ഡോ.എസ്. ചിത്ര വ്യക്തമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പുകമ്മീഷന്റെ മൊബൈൽ ആപ്പിൽ ഈ ചിത്രം അപ്ലോഡ് ചെയ്യും.
സത്യവാങ്മൂലം എഴുതിവാങ്ങും. മറ്റേതെങ്കിലും ബൂത്തിൽ വീണ്ടും വോട്ടുചെയ്യാൻ ശ്രമിച്ചാൽ നിയമനടപടി സ്വീകരിക്കും. പാലക്കാടിനുപുറമേ മറ്റേതെങ്കിലും നിയോജകമണ്ഡലത്തിൽ വോട്ടുള്ളവരുടെ പേര് പാലക്കാട്ടെ പട്ടികയിൽ നിലനിർത്തും. ഇവരുടെ മറ്റു മണ്ഡലത്തിലെ വോട്ട് ഒഴിവാക്കുമെന്നും കളക്ടർ വ്യക്തമാക്കി.