മുഖ്യമന്ത്രിയുടെ അധിക്ഷേപം ഡൽഹി അഭിമുഖത്തിന്റെ തുടർച്ചയെന്ന് സതീശൻ
Tuesday, November 19, 2024 2:36 AM IST
പാലക്കാട്: ഉജ്വലമായ മതേതരമാതൃക ഉയർത്തിപ്പിടിക്കുന്നയാളാണു പാണക്കാട് തങ്ങളെന്നും തങ്ങൾക്കെതിരായ മുഖ്യമന്ത്രിയുടെ അധിക്ഷേപം അദ്ദേഹം ഡൽഹിയിൽ ‘ദി ഹിന്ദു’വിനു നൽകിയ അഭിമുഖത്തിന്റെ തുടർച്ചയാണെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ.
മുനമ്പം വിഷയമുണ്ടായപ്പോൾ ഇത്തരത്തിൽ ഒരു ഭിന്നിപ്പ് ഉണ്ടാകാൻ പാടില്ലെന്നുപറഞ്ഞ് മുസ്ലിം സംഘടനകളെ ചേർത്തുനിർത്തി സാധാരണക്കാർക്കുവേണ്ടി നിലകൊണ്ടയാളാണു പാണക്കാട് തങ്ങൾ. കാർക്കശ്യം നിറഞ്ഞ മതേതരനിലപാടെടുത്ത ഒരു വ്യക്തിയെയാണു മുഖ്യമന്ത്രി അധിക്ഷേപിച്ചത്. അതു സംഘപരിവാറിനെ സന്തോഷിപ്പിക്കാനാണെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് ചോദിക്കുന്നു, തങ്ങളെയെന്താ വിമർശിക്കാൻ പാടില്ലേ. ഇതിൽനിന്നു മനസിലാകുന്നതു സംഘപരിവാറിന്റെ ശബ്ദവും മുഖ്യമന്ത്രിയുടെ ശബ്ദവും ഒന്നാണെന്നാണ്.
പാർലമെന്റ് തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷവർഗീയത ഉയർത്തിപ്പിടിച്ച സിപിഎം ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ഓന്തിന്റെ നിറംമാറിയതുപോലെ ഭൂരിപക്ഷവർഗീയതയുണ്ടാക്കാൻ ശ്രമിക്കുകയാണ്. പാലക്കാട്ട് ഒരു കാരണവശാലും അതു വിലപ്പോകില്ല.
മൂന്നുവർഷക്കാലത്തെ ഭരണത്തിന്റെ വിലയിരുത്തലാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ കാണാൻ പോകുന്നതെന്നു പറയാൻ ധൈര്യമുണ്ടോയെന്നു മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നതായും സതീശൻ പറഞ്ഞു. പതിനയ്യായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ വിജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.