സഹകരണ വാരാഘോഷത്തിൽനിന്ന് യുഡിഎഫ് വിട്ടുനിൽക്കും
Tuesday, November 19, 2024 2:35 AM IST
തിരുവനന്തപുരം: ജില്ലാ -താലൂക്ക് തല സഹകരണ വാരാഘോഷത്തിന്റെ സമാപന പരിപാടികളിൽ നിന്നും ഡിസംബർ മൂന്നിനു തിരൂരിൽ നടക്കുന്ന സംസ്ഥാനതല സഹകരണ വാരാഘോഷ സമാപന പരിപാടികളിൽ നിന്നും യുഡിഎഫ് പ്രതിനിധികൾ വിട്ടുനിൽക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അറിയിച്ചു.
സഹകരണ മേഖലയിൽ സർക്കാരിന് ഇനി പിന്തുണയില്ലെന്നു കഴിഞ്ഞദിവസം പ്രഖ്യാപിച്ചതിനു പിന്നാലെയാണിത്. കോണ്ഗ്രസ് ഭരണത്തിലുള്ള സഹകരണ ബാങ്കുകളിലെ ഭരണം സർക്കാരിന്റെ ഒത്താശയോടെ ആക്രമണം നടത്തി പിടിച്ചെടുക്കുന്ന നിലപാട് തുടരുന്ന പശ്ചാത്തലത്തിൽ സഹകരണ മേഖലയിൽ സർക്കാരിനുള്ള മുഴുവൻ പിന്തുണയും പിൻവലിക്കുന്നതായി പ്രതിപക്ഷനേതാവ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
കോഴിക്കോട് ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന അക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു തീരുമാനം കൈക്കൊണ്ടത്.