പാണക്കാട് തങ്ങള്‍ വിമര്‍ശനത്തിന് അതീതനാണോ? എം.വി. ഗോവിന്ദൻ
Tuesday, November 19, 2024 2:36 AM IST
കണ്ണൂര്‍: പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ വിമര്‍ശനത്തിന് അതീതനാണോയെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. കണ്ണൂരിൽ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഗോവിന്ദൻ.
ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ എന്ന നിലയിലാണു മുഖ്യമന്ത്രി പിണറായി വിജയന് പാണക്കാട് തങ്ങള്‍ക്കെതിരേ രാഷ്ട്രീയ വിമര്‍ശനം നടത്തിയത്. എന്നാല്‍, ഇത് മതവുമായി കൂട്ടിക്കെട്ടാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും ഗോവിന്ദന് ആരോപിച്ചു. തങ്ങള്‍ക്കെതിരേ പിണറായി പറഞ്ഞത് പാര്‍ട്ടി നിലപാടാണെന്നും ഗോവിന്ദന് കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിൽ മതപരമായ ഉള്ളടക്കത്തെ അടിസ്ഥാനപ്പെടുത്തിയുള്ള വിശകലനമാണു ലീഗ് നേതൃത്വം നടത്തുന്നത്. മതപരമായ വികാരം രൂപപ്പെടുത്താന്‍ വേണ്ടിയുള്ള വര്‍ഗീയ അജൻഡ ചില ആളുകള്‍ നടത്തുന്നു.
സാദിഖലിയെപ്പറ്റി പറഞ്ഞാല്‍ വിവരം അറിയുമെന്നാണ് ചിലര്‍ പറഞ്ഞത്. എന്തും പറയാന്‍ ഉളുപ്പില്ലാത്ത രാഷ്ട്രീയ കോലാഹലമാണ് വാര്‍ത്താ മാധ്യമങ്ങളില്‍ ഇടംപിടിക്കാനായി ചിലര്‍ നടത്തുന്നത്. സാദിഖലി തങ്ങള്‍ക്കെതിരേ സിപിഎം രാഷ്ട്രീയ വിമര്‍ശനമാണു നടത്തിയത്. ജമാഅത്തെ ഇസ്ലാമിയുടെയും എസ്ഡിപിഐയുടെയും തടങ്കല്പാളയത്തിലാണു യഥാര്‍ഥത്തില്‍ ലീഗ്.
വര്‍ഗീയ ധ്രുവീകരണത്തിനുള്ള ശ്രമം ന്യൂനപക്ഷ വര്‍ഗീയതയുമായി ബന്ധപ്പെട്ടാണ് ജമാ അത്തെ ഇസ്ലാമിയും എസ്ഡിപിഐയും സംഘടിപ്പിച്ചുകൊണ്ടിരിക്കുന്നത്. സിപിഎം ശരിയായ രീതിയിലുള്ള വിമര്‍ശനമാണ് നടത്തിയത്. അത് കേരളത്തിലെ ജനങ്ങള്‍ ഉള്‍ക്കൊള്ളും.
ആര്‍എസ്എസിന്റെയും ബിജെപിയുടെയും സമുന്നത നേതാവായ സന്ദീപ് വാര്യര്‍ ഇപ്പോള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കുകയാണ്. ആര്‍എസ്എസിന്റെ ഭാഗമായി തികഞ്ഞ വര്‍ഗീയ പ്രചാരവേല സംഘടിപ്പിച്ചയാളാണ് സന്ദീപ് വാര്യര്‍. അദ്ദേഹം ബിജെപി ബന്ധം ഉപേക്ഷിച്ചു എന്നു മാത്രമേ പറഞ്ഞിട്ടുള്ളൂ.
ആര്‍എസ്എസ് ബന്ധം ഉപേക്ഷിച്ചെന്നു പറഞ്ഞിട്ടില്ല. ഗാന്ധിജിവധം, ജമ്മു കശ്മീര്‍ അടക്കമുള്ള വിഷയങ്ങളില്‍ സന്ദീപ് വാര്യര്‍ എന്തൊക്കെയാണു പറഞ്ഞിട്ടുള്ളതെന്ന് കേരളത്തിലെ ജനങ്ങള്‍ക്കറിയാമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
ഉപതെരഞ്ഞെടുപ്പില്‍ ചില മാധ്യമങ്ങള്‍ കോണ്‍ഗ്രസിനു വേണ്ടി പെയ്ഡ് ന്യൂസാണു നല്‍കിയതെന്നും ഗോവിന്ദന് ആരോപിച്ചു. ഉത്തരേന്ത്യയിലൊക്കെ വര്‍ഷങ്ങള്‍ക്ക് മുമ്പേ ഉണ്ടായതുപോലെ, പണം വാങ്ങി വാര്‍ത്ത സൃഷ്ടിക്കുന്ന രീതിയിലേക്ക് കേരളം മാറുന്നു എന്നത് സംസ്ഥാനത്തെ സംബന്ധിച്ചും മതനിരപേക്ഷ ഉള്ളടക്കത്തെ സംബന്ധിച്ചും അപകടകരമായ അവസ്ഥയാണ്.
പാലക്കാട് 2500 ഓളം കള്ള വോട്ടും ഇരട്ട വോട്ടുമടക്കം കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ വോട്ടു ചേര്‍ക്കാന്‍ ഒത്താശ നല്കിയ ബിഎല്‍ഒമാര്‍ക്കെതിരേ നടപടി സ്വീകരിക്കണം. ഇത് തെരഞ്ഞെടുപ്പ് അട്ടിമറിക്കലിന്റെ ഭാഗമാണെന്നും ഗോവിന്ദന് പറഞ്ഞു.