മിൽമ മേഖലാ യൂണിയൻ ഭരണം പ്രതിസന്ധിയിലെന്ന് ആരോപണം
Tuesday, November 19, 2024 2:36 AM IST
കൊച്ചി : മിൽമ എറണാകുളം മേഖലാ യൂണിയന്റെ ഭരണം പ്രതിസന്ധിയിലെന്ന് ഭരണസമിതിയിലെ ഒരുവിഭാഗം അംഗങ്ങൾ ആരോപിച്ചു. ജോൺ തെരുവത്ത്, ഭാസ്കരൻ ആദംകാവിൽ, ഗോപാലകൃഷ്ണൻ നായർ, പോൾ മാത്യു, താരാ ഉണ്ണിക്കൃഷ്ണൻ, സോണി ഈറ്റക്കൻ എന്നിവരാണ് ആരോപണവുമായി രംഗത്തുവന്നത്.
സഹകരണ നിയമത്തിൽ സർക്കാർ കൊണ്ടുവന്ന ഭേദഗതികൾ അംഗീകരിക്കാനുള്ള സമയം അവസാനിക്കാറായിട്ടും അവ അംഗീകരിക്കാത്തതിനാൽ തെരഞ്ഞെടുപ്പിന് അനുമതി ലഭിക്കാതെ വരികയും നിയമ പോരാട്ടത്തിലേക്കു പോയാൽ സമയത്ത് തീരുമാനം ഉണ്ടാകാതിരിക്കുകയും ചെയ്താൽ അഡ്മിനിസ്ട്രേറ്റർ ഭരണത്തിലേക്ക് മേഖലാ യൂണിയൻ ഭരണം പോകാനുള്ള സാധ്യതയും അവർ ചൂണ്ടിക്കാട്ടുന്നു.
എറണാകുളം മേഖലാ യൂണിയനിൽ നിലവിൽ കോൺഗ്രസിന് വലിയ ഭൂരിപക്ഷമുണ്ട്. ഭേദഗതികൾ അംഗീകരിച്ച് തെരഞ്ഞെടുപ്പിലേക്ക് പോകണമെന്നു നിർദേശിച്ച് കെപിസിസി നേതൃത്വം യൂണിയൻ ഭരണസമിതി അംഗങ്ങൾക്ക് ഒക്ടോബർ 18നും 25നും കത്തുകൾ നൽകിയിരുന്നു.
കഴിഞ്ഞ ഒന്നിനു ചേർന്ന മേഖലാ യൂണിയൻ ഭരണസമിതി യോഗം ഏകകണ്ഠമായി പുതിയ ഭേദഗതികൾ അംഗീകരിക്കാൻ തീരുമാനിച്ചു. എന്നാൽ 14ന് ചേർന്ന വിശേഷാൽ പൊതുയോഗത്തിൽ അധ്യക്ഷനായിരുന്ന ചെയർമാൻ, മൂന്നു തവണ മാത്രമേ മത്സരിക്കാൻ പാടുള്ളൂ എന്ന വകുപ്പ് മാത്രം അംഗീകരിക്കുന്നില്ലെന്നും മറ്റെല്ലാ ഭേദഗതികളും അംഗീകരിക്കുന്നുവെന്നും പറഞ്ഞുകൊണ്ട് ഭേദഗതി പൊതുയോഗം തള്ളിയെന്നു പ്രഖ്യാപിച്ച് യോഗം പിരിച്ചുവിട്ടു.
പൊതുയോഗം ഈ നിർദേശം തള്ളിക്കളഞ്ഞുവെന്ന് വ്യാജപ്രചാരണം ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുകയുമാണ്. നിയമസഭ ഏകകണ്ഠമായി അംഗീകരിച്ച നിയമഭേദഗതി അനുസരിച്ച് പ്രാഥമിക ക്ഷീരസംഘങ്ങളുടെ ഭാരവാഹിത്വത്തിന് കാലപരിധിയില്ല.
മേഖലാ യൂണിയൻ- മിൽമ ഫെഡറേഷൻ എന്നീ ഉയർന്ന സമിതി അംഗങ്ങൾക്ക് മൂന്നു തവണ എന്ന നിബന്ധന ബാധകമാണെന്നും ഒരു വിഭാഗം ഭരണസമിതി അംഗങ്ങൾ ചൂണ്ടിക്കാട്ടി.