ശാസ്ത്രമേളയില്‍ ഡബിള്‍ നേട്ടവുമായി അഭിനന്ദു
Tuesday, November 19, 2024 2:35 AM IST
ആലപ്പുഴ: ശാസ്ത്രമേളയില്‍ ഡബിള്‍ നേട്ടവുമായി കറ്റാനം പോപ് പയസ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയായ അഭിനന്ദു എസ്. ആചാര്യ. ഏറ്റവും കൂടുതല്‍ പോയിന്റു നേടുന്ന ജില്ലക്കായി ആദ്യമായി ഏര്‍പ്പെടുത്തിയ എഡ്യുക്കേഷന്‍ മിനിസ്റ്റേഴ്സ് ട്രോഫി നിര്‍മിച്ച് വാര്‍ത്തകളില്‍ ഇടംപിടിച്ച അഭിനന്ദുവിനാണ് ക്ലേ മോഡിലംഗില് ഒന്നാം സ്ഥാനവും.
സ്ഥലം മാറിപ്പോകുന്ന അഭയാര്‍ഥികളെ കളിമണ്ണില്‍ സൃഷ്ടിച്ചാണ് ഒന്നാം സമ്മാനം കരസ്ഥമാക്കിയത്. ശാസ്ത്രമേളയില്‍ ആദ്യമായി ഏര്‍പ്പെടുത്തിയ എഡ്യുക്കേഷന്‍ മിനിസ്റ്റേഴ്സ് ട്രോഫി നിര്‍മാണത്തിനായി ട്രോഫി കമ്മിറ്റി കണ്‍വീനര്‍ എം. മഹേഷാണ് അഭിനന്ദുവിനെ സമീപിക്കുന്നത്.
രണ്ടടിവലുപ്പവും അഞ്ചുകിലോയോളം ഭാരവുമുളള, തേക്കിന്‍തടിയിലും പിച്ചളയിലുമായി അഭിനന്ദു നിര്‍മിച്ച ട്രോഫിയില്‍ ശാസ്ത്രോത്സവത്തിന്റെ ലോഗോയും ചുണ്ടന്‍വള്ളവും പുരവഞ്ചിയും ലൈറ്റ്ഹൗസും തെങ്ങും പതിപ്പിച്ച് മനോഹരമായി ആരെയും ആകര്‍ഷിക്കുന്ന തരത്തിലാണ്. സമാപന സമ്മേളനത്തില്‍ എഡ്യുക്കേഷന്‍ മിനിസ്റ്റേഴ്സ് ട്രോഫി നിര്‍മിച്ച അഭിനന്ദുവിനെ അധികൃതര്‍ പ്രത്യേകമായി ആദരിക്കുകയും ചെയ്തു.
അഞ്ചാം ക്ലാസുമുതല്‍ ശാസ്ത്രമേളയില്‍ മത്സരിക്കുന്ന അഭിനന്ദു ക്ലേ മോഡലിംഗ് തനിയെ ആണ് പഠിച്ചത്. കറ്റാനം വെട്ടിക്കോട് നന്ദനത്തില്‍ സുരേഷിന്റെയും സൗമ്യയുടെയും മകനാണ്.
മുളയില്‍ കരവിരുത് തെളിയിച്ച് ദിവ്യ
ആലപ്പുഴ: മുളയില്‍ നിന്നും മനോഹരമായ കൊട്ട, മുറം, പൂക്കള്‍ ഇടുന്നതിനുള്ള കൊട്ട തുടങ്ങിയവ തീര്‍ത്ത് ശാസ്ത്രമേളയില്‍ കരവിരുത് തെളിയിച്ച് പാലക്കാട് അഗളി എച്ച്എസ് സ്കൂളിലെ പി.സി. ദിവ്യ.
ഒന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ സ്കൂളിനുസമീപം കെഎസ്ആര്‍ടിസി ബസ് തട്ടി കാല് നഷ്ടപ്പെട്ട ദിവ്യ നിലത്ത് ഇരിക്കാന്‍ കഴിയാത്തതിനാല്‍ കസേരയില്‍ ഇരുന്നാണ് നിര്‍മാണം നടത്തിയത്. കഴിഞ്ഞവര്‍ഷം തിരുവനന്തപുരത്തു നടന്ന സംസ്ഥാന ശാസ്ത്രമേളയില്‍ നാലാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. അച്ഛന് ചന്ദ്രനും അമ്മ കുമാരിക്കുമൊപ്പമാണ് ദിവ്യ മേളയിലെത്തിയത്.
50 തരം ഇലകളുടെ സ്വാദിഷ്ടമായ ഇലത്തോരന്...
ആലപ്പുഴ: അമ്പതു തരം ഇലകള്‍കൊണ്ടുള്ള ഇലത്തോരന് ഉണ്ടാക്കി പാചകം ഒരു കലയാണെന്ന് തെളിയിക്കുകയാണ് കണ്ണൂര്‍ പറശിനിക്കടവ് എച്ച്എസ്എസിലെ പ്ലസ് ടു വിദ്യാര്‍ഥിയായ കെ. യദുകൃഷ്ണ. ചുവന്നചീര, പച്ചച്ചീര, മത്തനില, കുമ്പളയില, കോവക്കയില, മഷിത്തണ്ട്, പ്ലാവില തുടങ്ങി അമ്പതോളം ഇലകള്ചേര്ത്താണ് ഇലത്തോരന്റെ നിര്‍മാണം.
എച്ച്എസ്എസ് വിഭാഗം ന്യൂട്രീഷ്യസ് ഫുഡ് മത്സരത്തിലാണ് വിവിധതരം ഇലകളുമായി യദുകൃഷ്ണ എത്തിയത്. ഇതോടൊപ്പം ഫാഷന്‍ ഫ്രൂട്ട്, വിവിധതരം അച്ചാറുകള്‍, തിരുവാതിരപ്പു ഴുക്ക് തുടങ്ങിയവയും നിര്‍മിച്ചു.
സംസ്ഥാന ശാസ്ത്രമേളയില്‍ മൂന്നാമത് മത്സരത്തിനെത്തിയ യദുകൃഷ്ണന് ഫലം വന്നപ്പോള്‍ എ ഗ്രേഡ് ഉണ്ട്.
മന്ത്രിയുടെ വാക്ക് പ്രഖ്യാപനത്തിൽ മാത്രം;ഓവറോൾ നേടിയവർക്ക് സ്വർണക്കപ്പില്ല
ആലപ്പുഴ: സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ ഓവറോൾ കിരീടം നേടുന്ന ജില്ലയ്ക്ക് സ്വർണ്ണക്കപ്പ് ഈ വർഷം നൽകുമെന്ന പ്രഖ്യാപനം നടപ്പിലായില്ല. കഴിഞ്ഞ വർഷം സംസ്ഥാന ശാസ്ത്രോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് ഈ വർഷം സ്വർണക്കപ്പ് നൽകുന്നത് പരിഗണിക്കുമെന്ന് അറിയിച്ചത്.
എന്നാൽ മന്ത്രിയുടെ വാക്ക് പ്രഖ്യാപനത്തിൽ ഒതുങ്ങി. 2014 ലെ സർക്കാരാണ് തിരൂരിൽ നടന്ന സംസ്ഥാന ശാസ്ത്രമേളയ്ക്ക് മുന്നോടിയായി ഓവറോൾ ചാമ്പ്യന്മാർക്ക് സ്വർണക്കപ്പ് നൽകുമെന്ന് ആദ്യ പ്രഖ്യാപനം നടത്തിയത്.
സ്കൂൾ കലോത്സവത്തിന് 101 പവന്റെ കപ്പാണെങ്കിൽ ശാസ്ത്രമേളയിലെ ചാമ്പ്യന്മാർക്ക് 125 പവന്റെ സ്വർണക്കപ്പ് നൽകുമെന്നായിരുന്നു പ്രഖ്യാപനം.
എന്നാൽ, സർക്കാരുകൾ മാറി മാറി വന്നിട്ടും സ്വർണക്കപ്പ് ഇന്നും പ്രഖ്യാപനത്തിൽ ഒതുങ്ങുകയാണ്.
പാചകത്തില്‍ സയന്‍സും കൂട്ടിച്ചേര്‍ത്ത് അലന്
ആലപ്പുഴ: പാചകം കല മാത്രമല്ല സയന്‍സ് കൂടിയാണെന്ന് അടിവരയിടുകയാണ് തൊടുപുഴ ജിവിഎച്ച്എസ് സ്കൂളിലെ ജെ.വി. അലന്. സ്വാദിഷ്ടമായ ഭക്ഷണത്തോടൊപ്പം സ്വല്പം ശാസ്ത്രവും കൂട്ടിച്ചേര്‍ത്താല്‍ അത് മനുഷ്യരുടെ ആരോഗ്യത്തിന് ഗുണകരമാകുമെന്നും പറഞ്ഞു.
ആഹാരസാമഗ്രികളില് ജൈവസംസ്കരണത്തിന്റെ പ്രാധാന്യവും നല്ല ജീവാണുക്കളെ ഉപയോഗിച്ച് പാചകം ചെയ്താല്‍ ഭക്ഷണം കേടുകൂടാതെ വര്‍ഷങ്ങള്‍ സൂക്ഷിച്ചുവെക്കാമെന്നും അലന് പറയുന്നു. നല്ല ജീവാണുക്കളെ വെച്ച് നിര്‍മിച്ച ഹോള്‍ ഫ്രൂട്ട് ഇന്ഫ്യൂസഡ് കൊംബൂച്ചയും പ്രദര്‍ശിപ്പിച്ചു.
ന്യൂട്രീഷ്യസ് ഫുഡ് മത്സരത്തില്‍ 12 വിഭവങ്ങളാണ് മത്സരാര്‍ഥികള്‍ നിര്‍മിക്കേണ്ടത്. ഈ വിഭാഗത്തില്‍ 2022ലെ സംസ്ഥാന ശാസ്ത്രമേളയില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്.
വിസ്മയിപ്പിച്ച് ഐഷ ലിയാന
ആലപ്പുഴ: പാഴായി കളയുന്ന വസ്തുക്കള്‍ കൊണ്ട് പ്രയോജനകരവും മനോഹരവുമായ നിര്‍മാണങ്ങള്‍ നടത്തി വിസ്മയിപ്പിക്കുകയാണ് വയനാട് കല്ലോടി സെന്റ് ജോസഫ് എച്ച്എസ് സ്കൂളിലെ ഐഷ ലിയാന.
കുപ്പികള്‍ അടുക്കിവച്ച് താജ്മഹലും കാര്‍ഡ്ബോര്‍ഡും മെഷീന് നൂല്റോളും കൊണ്ട് കുത്തബ്മിനാറും സോഡാക്കുപ്പിയുടെ മൂടികൊണ്ട് നെറ്റിപ്പട്ടവും പെയിന്റ് ബക്കറ്റും വല, ടാപ്പ്, എംസീല്‍, മൂടി എന്നിവകൊണ്ട് കംബോസ്റ്റ് ബിനും ടേബിള്‍ഫാനിന്റെ ടോപ്പ് കൊണ്ട് പച്ചക്കറിതട്ടും സൈക്കിളിന്റെ റിം, ഗ്ലാസ് ഉപയോഗിച്ച് ടീപോയും നിര്‍മിച്ചാണ് പാഴ് വസ്തുക്കള്‍ വെറുതെ കളയാനുള്ളതല്ല എന്ന അവബോധം തരുന്നത്.
സമാപനദിനത്തിലെ കല്ലുകടികള്‍...
ആലപ്പുഴ: കുറ്റമറ്റരീതിയില്‍ മൂന്നുദിനങ്ങളിലായി നടന്നുവന്ന സംസ്ഥാന ശാസ്ത്രമേളയിലെ സമാപനദിനത്തിലെ ചില കല്ലുകടികള്‍ ഒഴിച്ചാല്‍ ബാക്കിയെല്ലാം നല്ലതായിരുന്നു. എസ്ഡിവി സ്കൂളിലാണ് ഒഴിവാക്കാന്‍ കഴിയാമായിരുന്ന ചിലകാര്യങ്ങള്‍ നടന്നത്.
സ്കൂള്‍ ഗ്രൗണ്ടിലെ ഒന്നാം നമ്പര്‍ പന്തലിന്റെ പടിഞ്ഞാറുഭാഗത്തായി നടത്തിയ ക്ലേ മോഡലിംഗ് മത്സരത്തിനിടയില്‍ കടുത്ത വെയില് വന്നത് മത്സരാര്‍ഥികള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചു.
കളിമണ്ണുകൊണ്ട് മത്സരാര്‍ഥികള്‍ നിര്‍മിച്ച പ്രതിമകള്‍ കടുത്തവെയില്കൊണ്ട് പെട്ടെന്നുതന്നെ ഉണങ്ങാന്‍ തുടങ്ങി. തങ്ങള്‍ നിര്‍മിച്ച പ്രതിമകള്‍ വെയിലത്ത് താഴെവീഴുമെന്ന ഭയവും ഇവര്‍ക്കുണ്ടായി. മത്സരാര്‍ഥികള്‍ വിവരം അധികൃതരെ അറിയിച്ചെങ്കിലും വെള്ളം കൊണ്ട് പ്രതിമായ നനയ്ക്കാനായിരുന്നു അവരുടെ നിര്‍ദേശം.
മാധ്യമപ്രവര്‍ത്തകര്‍ മത്സരാര്‍ഥികളുടെ ഫോട്ടോ എടുക്കുന്നത് അധികൃതര്‍ തടയാന്‍ ശ്രമിച്ചതും അസ്വാരസ്യങ്ങള്‍ക്ക് വഴിതെളിച്ചു. ഒടുവില്‍ പ്രശ്നങ്ങള്‍ ഇരുകൂട്ടരും പറഞ്ഞ് രമ്യതയിലാക്കുകയായിരുന്നു.
മത്സരങ്ങളില്‍ പങ്കെടുക്കുന്ന മത്സാര്‍ഥികള്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരാന്‍ പാടില്ലെന്ന് കര്‍ശന നിര്‍ദേശം ഉണ്ടായിരുന്നെങ്കിലും ചിലർ ഒളിപ്പിച്ചുകൊണ്ടുവന്ന മൊബൈലുകള്‍ അധികൃതര്‍ കൈയോടെ പൊക്കിയതും സമാപനദിനത്തിലെ കാഴ്ചയായിരുന്നു.
ശാസ്ത്രമേള സംഘാടകർക്ക് മന്ത്രിയുടെ അഭിനന്ദനം
ശാസ്ത്രോത്സവത്തിന്റെ സമാപന സമ്മേളനം ആലപ്പുഴ സെന്റ് ജോസഫ്സ് ഗേള്‍സ് എച്ച്എസ്എസില്‍ മന്ത്രി സജി ചെറിയാന് ഉദ്ഘാടനം ചെയ്തു. ശാസ്ത്രബോധം കുട്ടികളില്‍ സൃഷ്ടിക്കാത്ത പഠനം അപകടങ്ങളും അബദ്ധങ്ങളും ക്ഷണിച്ചുവരുത്തുമെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
മികച്ച സംഘാടനം കൊണ്ട് ആലപ്പുഴയിലെ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ പരിപാടിയായി ശാസ്ത്രോത്സവം മാറിയെന്നും ശാസ്ത്രമേളകളുടെ ചരിത്രത്തിലെ ഏറ്റവും മികച്ച മേളയാണ് ആലപ്പുഴയില്‍ നടന്നതെന്നും മന്ത്രി പറഞ്ഞു.
ശാസ്ത്രോത്സവത്തില്‍ ഓവറോള്‍ ചാമ്പ്യന്മാരാകുന്ന ജില്ലയ്ക്കായി ഇത്തവണ ആദ്യമായി ഏര്‍പ്പെടുത്തിയ എജ്യുക്കേഷന്‍ മിനിസ്റ്റേഴ്സ് എവറോളിംഗ് ട്രോഫി മന്ത്രി മലപ്പുറം ജില്ലയ്ക്കു സമ്മാനിച്ചു. കൃഷി മന്ത്രി പി. പ്രസാദ് സമാപന സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു.
പാടിത്തകർത്ത് പള്ളിക്കൂടം ടിവിയിലെ കൂട്ടുകാർ
ആലപ്പുഴ: സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന്റെ പ്രധാന വേദിയായ സെൻറ് ജോസഫ് സ്കൂൾ ഓഡിറ്റോറിയത്തിൽ ഒരു വിഭാഗം കുട്ടികളും അധ്യാപകരും പാടിത്തിമിർത്തു. കേരളത്തിലെ ഗായകരായ കുട്ടികളെയും അധ്യാപകരെയും മാത്രം അണിനിരത്തി പള്ളിക്കൂടം ടിവി മ്യൂസിക് ബാൻഡ് അവതരിപ്പിച്ച ഗാനമേളയാണ് ശ്രദ്ധ പിടിച്ചുപറ്റിയത്.
ഒന്നരവർഷം മുമ്പ് ആരംഭിച്ച ഓൺലൈൻ വിദ്യാഭ്യാസ ചാനലാണ് പള്ളിക്കൂടം ടിവി. ഇതിന്റെ ഭാഗമായി സംഗീതത്തിൽ കഴിവുള്ള കുട്ടികളെയും അധ്യാപകരെയും കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ആണ് മ്യൂസിക് ബാൻഡിന് ആരംഭം കുറിച്ചതെന്ന് പള്ളിക്കൂടം ടിവിയുടെ ചീഫ് എഡിറ്ററും സംസ്ഥാന അധ്യാപക അവാർഡ് ജേതാവുമായ എൽ. സുഗതൻ പറഞ്ഞു.
സംസ്ഥാന സ്കൂള്‍ ശാസ്ത്രമേള വിജയികള്‍
ശാസ്ത്രമേള-എച്ച്എസ് വിഭാഗം
ഒന്നാം സ്ഥാനം-കോട്ടയം മരങ്ങാട്ടുപിള്ളി സെന്റ് തോമസ് എച്ച്എസ്.
രണ്ടാം സ്ഥാനം-പത്തനംതിട്ട പ്രമാടം നേതാജി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍.
മൂന്നാം സ്ഥാനം- കണ്ണൂര്‍ കൂടാളി എച്ച്എസ്എസ്.
മികച്ച ജില്ല
ഒന്നാം സ്ഥാനം- പാലക്കാട്.
രണ്ടാം സ്ഥാനം- കണ്ണൂര്‍
മൂന്നാം സ്ഥാനം- കോഴിക്കോട്
എച്ച്എസ്എസ് വിഭാഗം
ഒന്നാം സ്ഥാനം- മൂവാറ്റുപുഴ സെന്റ് അഗസ്റ്റ്യന്‍സ് ഗേള്‍സ് എച്ച്എസ്എസ്.
രണ്ടാം സ്ഥാനം- കോഴിക്കോട് അവിട്ടനല്ലൂര്‍ ജിഎച്ച്എസ്എസ്.
മൂന്നാം സ്ഥാനം- കണ്ണൂര്‍ മൊകേരി രാജീവ് ഗാന്ധി മെമ്മോറിയല്‍ എച്ച്എസ് എസ്, ഇടുക്കി വഴിത്തല എസ്എസ് എച്ച് എസ് എസ്, വയനാട്മാനന്തവാടി എം ജിഎം എച്ച്എസ്എസ്, വയനാട് ദ്വാരക സേക്രഡ് ഹാര്‍ട്ട് എച്ച്എസ്എസ്, പത്തനംതിട്ട കോന്നി ഗവ. എച്ച്എസ്എസ്.
മികച്ച ജില്ല
ഒന്നാം സ്ഥാനം- തൃശൂര്‍
രണ്ടാം സ്ഥാനം-എറണാകുളം
മൂന്നാംസ്ഥാനം-കണ്ണൂര്‍
റിപ്പോർട്ടുകൾ
സന്ദീപ് സലിം
എം.ജെ. ജോസ്
നൗഷാദ് മാങ്കാംകുഴി
രാജേഷ് ചേര്‍ത്തല
ഫോട്ടോ: പി. മോഹനന്