സംസ്ഥാനത്ത് 13 വര്‍ഷത്തിനിടെ കടലില്‍ കാണാതായത് 113 മത്സ്യത്തൊഴിലാളികളെ
Tuesday, November 19, 2024 2:36 AM IST
സിജോ പൈനാടത്ത്
കൊച്ചി: കഴിഞ്ഞ 13 വര്‍ഷത്തിനിടെ സംസ്ഥാനത്ത് കടല്‍ കവര്‍ന്നെടുത്തത് 775 മത്സ്യത്തൊഴിലാളികളെ. തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം ജില്ലകളിലെ തൊഴിലാളികളാണ് മരിച്ചവരിലധികവും. ഇക്കാലയളവില്‍ 113 മത്സ്യത്തൊഴിലാളികളെ മത്സ്യബന്ധനത്തിനിടെ കടലില്‍ കാണാതായി.
2011 ഏപ്രില്‍ മുതൽ 2024 ജൂലൈ വരെയുള്ള മത്സ്യത്തൊഴിലാളികളുടെ മരണവും നഷ്ടവും സംബന്ധിച്ച കണക്കുകള്‍ സംസ്ഥാന ഫിഷറീസ് വകുപ്പാണ് പുറത്തുവിട്ടത്. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവുമധികം മത്സ്യത്തൊഴിലാളികള്‍ കടൽ അപകടങ്ങളില്‍ മരിച്ചത്. 392 പേര്‍ക്കു ജില്ലയില്‍ മാത്രം ജീവന് നഷ്ടമായി. 155 പേര് മരിച്ച കോഴിക്കോടും 77 പേരെ നഷ്ടമായ എറണാകുളവും മരണസംഖ്യയില്‍ രണ്ടും മൂന്നും സ്ഥാനത്താണ്. ആലപ്പുഴയില്‍ 68 പേരും കണ്ണൂരില്‍ 64 പേരും മരിച്ചു. മലപ്പുറത്ത് മരിച്ചത് 19 പേര്.
13 വര്‍ഷത്തിനിടെ കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികളില്‍ 102 പേരും തിരുവനന്തപുരം ജില്ലയില്‍നിന്നുള്ളവരാണ്. ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ നാലുവീതവും എറണാകുളം, മലപ്പുറം കണ്ണൂര്‍ ജില്ലകളില്‍നിന്ന് ഓരോരുത്തരെയും കാണാതായിട്ടുണ്ട്.
കടലിലുണ്ടായ അപകടങ്ങളില്‍ 3082 യാനങ്ങള്‍ നഷ്ടമായിട്ടുണ്ടെന്നാണു ഫിഷറിസ് വകുപ്പിന്റെ കണക്ക്. ഇതില്‍ 978 ഉം തിരുവനന്തപുരം ജില്ലയിലാണ്. എറണാകുളത്തെ 832 യാനങ്ങള്‍ കടലില്‍ നശിക്കുകയോ മുങ്ങിപ്പോകുകയോ ചെയ്തു.
കൊല്ലം 407, കോഴിക്കോട് 324, തൃശൂർ 118 എന്നിങ്ങനെയാണു നഷ്ടമായ യാനങ്ങളുടെ എണ്ണമെന്ന് രേഖകള്‍ വ്യക്തമാക്കുന്നു.
കടലില്‍ മരിച്ചവരുടെയും കാണാതായവരുടെയും ആശ്രിതര്‍ക്കായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽനിന്നും മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്ഡിൽനിന്നുമായി 39.34 കോടി രൂപ ആശ്വാസധനമായി വിതരണം ചെയ്തിട്ടുണ്ട്.