രാജ്യത്തിനകത്ത് ഒറ്റദിവസം പറന്നത് അഞ്ചുലക്ഷം പേർ
Tuesday, November 19, 2024 2:35 AM IST
എസ്.ആർ. സുധീർ കുമാർ
കൊല്ലം: ഇന്ത്യൻ വ്യോമയാന മേഖല ചരിത്ര നേട്ടത്തിന് കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചു. നവംബർ 17- ആണ് പ്രസ്തുത ചരിത്ര ദിനം.
അന്ന് അഞ്ച് ലക്ഷത്തിലധികം ആഭ്യന്തര യാത്രികൾ ഇന്ത്യൻ എയർലൈനുകളുടെ സേവനം പ്രയോജനപ്പെടുത്തി. കൃത്യമായി പറഞ്ഞാൽ ഇന്ത്യക്ക് അകത്തുള്ള 3173 യാത്രകളിൽ വിവിധ എയർലൈൻസുകളുടെ വിമാനങ്ങളിൽ അന്ന് 5, 05,412 പേർ യാത്ര ചെയ്തതായാണ് ഔദ്യോഗിക കണക്ക്.
കോവിഡ് -19 മഹാമാരിക്ക് ശേഷം ഇന്ത്യൻ വ്യോമയാന മേഖല കൈവരിച്ച അഭിമാനാർഹമായ നേട്ടങ്ങളിൽ ഒന്നാണിതെന്നാണ് വിലയിരുത്തൽ.
ഇതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളായ 14-ന് 4.97 ലക്ഷം, 15 - ന് 4.99 ലക്ഷം, 16-ന് 4.98 ലക്ഷം എന്നിങ്ങനെയാണ് യാത്രക്കാരുടെ കണക്ക്.
വ്യാജ ബോംബ് ഭീഷണികളും വഴി തിരിച്ച് വിടലുകളും കാരണം സമീപകാലത്ത് പല വിമാന കമ്പനികൾക്കും അപ്രതീക്ഷിതമായി വലിയ സാമ്പത്തിക നഷ്ടം സംഭവിക്കുകയുണ്ടായി. അതിനു ശേഷം ഇപ്പോൾ യാത്രക്കാരുടെ എണ്ണത്തിൽ ഉണ്ടായ അഭൂതപൂർവമായ വർധന ശുഭസൂചകമായാണ് എല്ലാ വിമാന കമ്പനികളും വിലയിരുത്തുന്നത്.
നിലവിലെ വിമാനത്താവളങ്ങൾ നവീകരിക്കുന്നതിലും എയർ കണക്ടിവിറ്റി കൂടുതൽ മെച്ചപ്പെടുത്തുന്നതിലും കേന്ദ്ര സർക്കാരും മുന്തിയ പരിഗണനയാണ് നൽകിയത്. ഇതും യാത്രക്കാരുടെ എണ്ണം വർധിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.