ആവേശമായി പ്രചാരണസമാപനം
Tuesday, November 19, 2024 2:36 AM IST
പാലക്കാട്: നഗരത്തെ ആവേശപ്രചാരണത്തിന്റെ ചൂടും ചൂരുമറിയിച്ച് മുന്നണിസ്ഥാനാർഥികളുടെ പ്രചാരണത്തിനു സമാപനം. യുഡിഎഫ്, എൽഡിഎഫ്, ബിജെപി മുന്നണികളുടെ ആയിരക്കണക്കിനു പ്രവർത്തകരാണു സ്റ്റേഡിയം ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ചു നടന്ന പ്രചാരണസമാപനത്തിൽ പങ്കാളികളായത്. ഇന്നത്തെ നിശബ്ദപ്രചാരണത്തിനുശേഷം നാളെയാണു വോട്ടെടുപ്പ്.
കോൺഗ്രസിലെ സ്ഥാനാർഥിനിർണയം, പി. സരിന്റെ ഇടച്ചിലും ഇടതുപക്ഷത്തേക്കുള്ള കൂടുമാറ്റവും, കത്തുകൾ, സിപിഎം ഉയർത്തിയ നീലട്രോളിബാഗും കള്ളപ്പണവും, ബിജെപിയുമായുള്ള സന്ദീപ് വാര്യരുടെ അകൽച്ച, സന്ദീപിന്റെ കോൺഗ്രസ് പ്രവേശനം, കള്ളവോട്ട് എന്നിങ്ങനെ വിവാദങ്ങൾക്കു പഞ്ഞമില്ലാതിരുന്ന പാലക്കാട്ടെ പരസ്യപ്രചാരണം ഇതോടെ അവസാനിച്ചു.
പ്രചാരണത്തിലുടനീളം കണ്ട അതേ ആവേശവും വീറുമാണ് കൊട്ടിക്കലാശത്തിലും ദൃശ്യമായത്. യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ ക്യാന്പുകളെല്ലാം ഒരുപോലെ ആത്മവിശ്വാസത്തിന്റെയും ആവേശത്തിന്റെയും പരകോടിയിലായിരുന്നു. പരസ്യപ്രചാരണത്തിന്റെ അവസാനമണിക്കൂറുകള്‍ തങ്ങളുടേതാക്കാന്‍ മത്സരിക്കുകയായിരുന്നു മുന്നണികള്‍.
വൈകുന്നേരത്തോടെ ആട്ടവും പാട്ടും മേളവുമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അത്യാവേശത്തിൽ നേതാക്കളും പ്രവർത്തകരും പാലക്കാട് നഗരം കീഴടക്കി. വൈകുന്നേരം ആറിനു പാലക്കാട് സ്റ്റേഡിയം പരിസരത്തായിരുന്നു സമാപനം. കൊട്ടിക്കലാശം നടക്കുന്നതിനാല്‍ 6.30 വരെ പാലക്കാട് നഗരത്തില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
അണികൾക്ക് ആവേശം പകർന്ന് സ്ഥാനാർഥികളും മുന്നണിനേതാക്കളുമെല്ലാം പ്രചാരണത്തിനു മുൻനിരയിലുണ്ടായിരുന്നു. പി. സരിനു പിന്തുണയുമായി ഇടതുമുന്നണിയിലെ യുവനേതാക്കള്‍ എല്ലാം കൊട്ടിക്കലാശത്തിന്റെ ഭാഗമായി. പ്രചാരണത്തിന്റെ അവസാന ലാപ്പില്‍ ബിജെപി വിട്ടു കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യരായിരുന്നു കോണ്‍ഗ്രസ് കൊട്ടിക്കലാശത്തിലെ പ്രധാന താരം.
സിനിമാതാരം രമേഷ് പിഷാരടി, മുസ്ലിം ലീഗ് നേതാവ് മുനവറലി ശിഹാബ് തങ്ങള്‍ എന്നിവരും രാഹുല്‍ മാങ്കൂട്ടത്തിലിനായി കൊട്ടിക്കലാശദിനത്തില് സജീവമായി. പാലക്കാട് ബിജെപിയില്‍ ഒരുതരത്തിലുമുള്ള ഭിന്നതയുമില്ലെന്നു തെളിയിക്കാനായിരുന്നു ബിജെപിയുടെ ശ്രമം.
ശോഭാ സുരേന്ദ്രനെയും നഗരസഭയില്‍ ബിജെപിയിലെ അതൃപ്തരെന്ന കരുതുന്ന കൗണ്‍സിലര്‍മാരെയും അണിനിരത്തിയാണ് സി. കൃഷ്ണകുമാര്‍ കൊട്ടിക്കലാശത്തിനായി കളത്തിലിറങ്ങിയത്.
സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും ഒപ്പമുണ്ടായിരുന്നു. ശക്തമായ ത്രികോണമത്സരമെന്നു ധ്വനിപ്പിക്കുന്ന തരത്തിൽതന്നെയായിരുന്നു ഇന്നലത്തെ കൊട്ടിക്കലാശവും. ഒരുമാസത്തിലേറെ നീണ്ടുനിന്ന സമാനതകളില്ലാത്ത പരസ്യപ്രചാരണത്തിനാണ് ഇന്നലെ സമാപനമായത്.