ശബരിമലയില്‍ ബസ് കത്തിയ സംഭവം: കെഎസ്ആര്‍ടിസിയോട് റിപ്പോര്‍ട്ട് തേടി
Tuesday, November 19, 2024 2:35 AM IST
കൊച്ചി: ശബരിമലയില്‍ ബസ് കത്തിനശിച്ച സംഭവത്തില്‍ ഹൈക്കോടതി കെഎസ്ആര്‍ടിസിയുടെ റിപ്പോര്‍ട്ട് തേടി.
പമ്പ- നിലയ്ക്കല്‍ പാതയിലെ ചാലക്കയത്തിനു സമീപം കഴിഞ്ഞ ദിവസമാണ് ബസ് കത്തിയത്. ഇതുസംബന്ധിച്ച് ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണു ജസ്റ്റീസുമാരായ അനില്‍ കെ. നരേന്ദ്രന്, എസ്. മുരളീകൃഷ്ണ എന്നിവരുള്‍പ്പെട്ട ദേവസ്വം ബെഞ്ചിന്റെ നിര്‍ദേശം.
കത്തിനശിച്ച ബസ് എട്ടു വര്‍ഷവും രണ്ടു മാസവും മാത്രം പഴക്കമുള്ളതാണെന്നും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റിന് 2025 വരെ സാധുതയുണ്ടെന്നും കെഎസ്ആര്‍ടിസി അറിയിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണം ബോണറ്റിനു സമീപമാണ് തീപ്പൊരി ഉണ്ടായതെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി. ഫോറന്‍സിക് പരിശോധനയുടെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്നും വിശദീകരിച്ചു.
തമിഴ്നാട് തീര്‍ഥാടകരുമായി അപകടത്തില്‍പ്പെട്ട മിനി ബസില്‍ എല്‍ഇഡി ലൈറ്റുകളടക്കം അനധികൃതമായി ഘടിപ്പിച്ചിട്ടുണ്ടെന്ന് വീഡിയോ പരിശോധിച്ചശേഷം ദേവസ്വം ബെഞ്ച് പറഞ്ഞു.
ശബരിമല സേഫ് സോണ്‍ പദ്ധതിപ്രകാരം 2022ല്‍ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് പാലിക്കപ്പെടുന്നുണ്ടെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഉറപ്പാക്കണം. എല്ലാ എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍മാര്‍ക്കും ഇതിനുള്ള നിര്‍ദേശം നല്‍കണമെന്നും കോടതി വ്യക്തമാക്കി.
ശബരിമല സന്നിധാനം, തീര്‍ഥാടനപാത, നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ ശുചിത്വവും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പുവരുത്താന്‍ ഇടവിട്ട പരിശോധന വേണം. സന്നിധാനത്തടക്കം ശുചീകരണം കാര്യക്ഷമമാണെന്ന് സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും അറിയിച്ചു. വിഷയം ദേവസ്വം ബെഞ്ച് ഇന്നു വീണ്ടും പരിഗണിക്കും.