കാലിക്കട്ട് കാമ്പസിലെ ബാനര്‍ വിവാദം: വിസി വിശദീകരണം നല്കി
Wednesday, December 20, 2023 1:25 AM IST
തേഞ്ഞിപ്പലം: കാലിക്കട്ട് സര്‍വകലാശാല കാമ്പസില്‍ ഗവര്‍ണര്‍ക്കെതിരെ എസ്എഫ്ഐ സ്ഥാപിച്ച ബാനറുകള്‍ നീക്കം ചെയ്യാത്തതിനെ തുടര്‍ന്നുള്ള വിവാദത്തില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് വിശദീകരണം നല്കി.
സര്‍വകലാശാല സുരക്ഷാ ഓഫീസര്‍ വിഷയം ശ്രദ്ധയില്‍പ്പെടുത്തിയിരുന്നുവെന്നും എന്നാല്‍ അപ്പോഴേക്കും കാമ്പസ് പോലീസ് കാവലിലായെന്നും എടുത്തുമാറ്റേണ്ടിയിരുന്നത് പോലീസായിരുന്നുവെന്നുമാണ് വിസി ഗവര്‍ണര്‍ക്ക് നല്കിയ വിശദീകരണം.
സര്‍വകലാശാല ഗസ്റ്റ് ഹൗസില്‍ ശനിയാഴ്ച രാത്രിയില്‍ എത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഞായറാഴ്ചയാണ് ബാനര്‍ വിഷയത്തില്‍ ഇടപെട്ടത്. ഞായറാഴ്ച ഉച്ചയോടെയാണ് രാജ്ഭവന് മുഖേന വിസിയോട് വിശദീകരണം തേടാന്‍ നിര്‍ദേശം നല്‍കിയത്.
രാത്രിയോടെ പോലീസിനെ ശക്തമായി വിമര്‍ശിച്ചു ഗവര്‍ണര്‍ ബാനര്‍ അഴിപ്പിക്കുകയായിരുന്നു. ബാനര്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് സെമിനാര്‍ സംഘാടകരായ സനാധന ധര്‍മ പീഠം പ്രതിനിധികള്‍ വിസിക്ക് നേരത്തെ പരാതി നല്‍കിയിരുന്നു.
ഗവര്‍ണര്‍ ഉദ്ഘാടനായ സെമിനാറില്‍ അധ്യക്ഷനാകേണ്ടിയിരുന്ന വിസി നേരത്തെ അറിയിക്കാതെ വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു.