ദുരന്തബാധിതരുടെ പുനരധിവാസം; കൽപ്പറ്റയിലും മേപ്പാടിയിലും ടൗണ്‍ഷിപ്പ്
Thursday, January 2, 2025 2:55 AM IST
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി നഗരസഭയോടു ചേർന്ന കൽപ്പറ്റ നഗരസഭയിലെ എൽസ്റ്റോണ്‍ എസ്റ്റേറ്റിലെ ടൗണ്‍ഷിപ്പിൽ അഞ്ചു സെന്റും മേപ്പാടി പഞ്ചായത്തിലെ കുന്നിൻപ്രദേശമായ കോട്ടപ്പടി വില്ലേജിലെ നെടുന്പാല എസ്റ്റേറ്റിലെ ടൗണ്‍ഷിപ്പിൽ 10 സെന്റും വീതം അനുവദിക്കാൻ മന്ത്രിസഭാ തീരുമാനം.
രണ്ടു ടൗണ്‍ഷിപ്പിലും 1000 ചതുരശ്ര അടി വിസ്തീർണമുള്ള വീടുകൾ നിർമിച്ചു നൽകും. നഗരത്തിൽ എൻഎച്ച് ബൈപാസിനോടു ചേർന്നുകിടക്കുന്ന എൽസ്റ്റോണ്‍ എസ്റ്റേറ്റിൽ 58.50 ഹെക്ടറും നെടുന്പാല എസ്റ്റേറ്റിൽ 48.96 ഹെക്ടറുമാണ് ഏറ്റെടുക്കുകയെന്നു മന്ത്രിസഭാ തീരുമാനങ്ങൾ വിശദീകരിച്ച മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ഭൂമിയുടെ വിലയിൽ വരുന്ന വ്യത്യാസം കണക്കിലെടുത്താണ് നഗരത്തോടു ചേർന്നുകിടക്കുന്ന എൽസ്റ്റോണ്‍ എസ്റ്റേറ്റിൽ ഒരു കുടുംബത്തിന് അഞ്ചു സെന്റിൽ വീട് അനുവദിക്കുക. ടൗണ്‍ഷിപ്പുകളിൽ വീടുകൾക്കു പുറമേ വിനോദത്തിനുള്ള സൗകര്യങ്ങൾ, മാർക്കറ്റ്, ആരോഗ്യകേന്ദ്രം, വിദ്യാലയം, അങ്കണവാടി, കളിസ്ഥലം, വൈദ്യുതി, കുടിവെള്ളം, ശുചിത്വ സംവിധാനങ്ങൾ എന്നിവയെല്ലാം സജ്ജമാക്കും.
മാതൃകാ ടൗണ്‍ഷിപ്പ് സ്ഥാപിച്ച് പുനരധിവസിപ്പിക്കുന്നതിന് പ്രോജക്ട് മാനേജ്മെന്റ് കണ്‍സൾട്ടൻസിയായി കിഫ്ബിയെ ചുമതലപ്പെടുത്തിയിരുന്നു. കിഫ്ബി വിശദ പദ്ധതി രൂപരേഖ സമർപ്പിച്ചു. നിയമ, ധന വകുപ്പുകളുടെ അഭിപ്രായം തേടിയ ശേഷമാണ് മന്ത്രിസഭ വിശദമായി ചർച്ച ചെയ്തത്.
ടൗണ്‍ഷിപ്പ് പദ്ധതിയുടെ ഭരണവകുപ്പായി ദുരന്തനിവാരണ വകുപ്പിനെ ചുമതലപ്പെടുത്തി.ടൗണ്‍ഷിപ്പ് നിർമാണം, എൻജിനിയറിംഗ് പ്രൊക്വർമെന്റ് ആൻഡ് കണ്‍സ്ട്രക്ഷൻ പ്രകാരം അംഗീകരിക്കാനാണ് മന്ത്രിസഭ തീരുമാനിച്ചത്. തൊഴിലുടമയുടെ പ്രതിനിധിയായി കിഫ്ബിയുടെ അനുബന്ധ സ്ഥാപനമായ കിഫ്കോണിനെ ചുമതലപ്പെടുത്തി.
ഊരാളുങ്കൽ ലേബർ കോണ്ട്രാക്റ്റ് സൊസൈറ്റിയെ നിർമാണ കരാറുകാരായും തീരുമാനിച്ചു. ദുരന്തബാധിത കുടുംബങ്ങളിലെ ഗുണഭോക്താക്കളുടെ അന്തിമ പട്ടിക ഈ മാസം 25നകം പുറത്തിറക്കാൻ കഴിയുംവിധമാണ് പ്രവർത്തനങ്ങൾ നീക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കണ്ടെത്തിയ ഭൂമിയിൽ പുനരധിവാസത്തിനും നിർമാണത്തിനും അനുയോജ്യമല്ലാത്ത ഭാഗം ഒഴിവാക്കിയ ശേഷം ഏറ്റെടുക്കാത്ത ഭൂമിയിൽ പ്ലാന്റേഷൻ മുന്നോട്ടുകൊണ്ടുപോകാൻ അനുമതി നൽകും. ഭൂമി കണ്ടെത്തിയത് ഡ്രോണ്‍ സർവേയിലൂടെയാണ്. ഇപ്പോൾ ഫീൽഡ് സർവേ നടന്നുകൊണ്ടിരിക്കുകയാണ്. അത് പൂർത്തിയാകുന്നതോടെ കൂടുതൽ കണിശതയുള്ള കണക്കുകൾ ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.