വയനാട്ടിൽ ഇന്ന് ഹർത്താൽ
Tuesday, November 19, 2024 2:36 AM IST
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനും പുനരധിവാസത്തിനടക്കം പ്രത്യേക സാന്പത്തിക സഹായം അനുവദിക്കാനും കേന്ദ്രസർക്കാർ തയാറാകാത്തതിൽ പ്രതിഷേധിച്ച് വയനാട്ടിൽ യുഡിഎഫും എൽഡിഎഫും ആഹ്വാനം ചെയ്ത ഹർത്താൽ ഇന്ന്.
രാവിലെ ആറു മുതൽ വൈകുന്നേരം ആറു വരെയാണു ഹർത്താൽ. പുനരധിവാസ പ്രവർത്തനങ്ങളിലെ മന്ദഗതിയിലും ദുരന്തബാധിതരുടെ കടങ്ങൾ എഴുതിത്തള്ളണമെന്ന ആവശ്യത്തിൽ നടപടി ഉണ്ടാകാത്തതിലും പ്രതിഷേധിച്ചാണ് യുഡിഎഫ് ഹർത്താൽ.
ഹർത്താലുമായി വ്യാപാരി വ്യവസായി സമിതി, വ്യാപാരി വ്യവസായി കോണ്ഗ്രസ് എന്നിവർ സഹകരിക്കും. ഹർത്താലിനോടുള്ള സമീപനത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി യോഗം ചേർന്ന് തീരുമാനം എടുത്തിട്ടില്ലെന്നു സംസ്ഥാന സെക്രട്ടറി ജോജിൻ ടി. ജോയി, ജില്ലാ സെക്രട്ടറി കെ. ഉസ്മാൻ എന്നിവർ പറഞ്ഞു.
ജില്ലയിൽ സ്വകാര്യ ബസുകൾ ഇന്ന് സർവീസ് നിർത്തിവയ്ക്കുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി.കെ. ഹരിദാസ് പറഞ്ഞു. പുലർച്ചെയുള്ള ദീർഘദൂര സർവീസുകൾ പതിവുപോലെ നടത്തുമെന്നു കെഎസ്ആർടിസി അധികൃതർ അറിയിച്ചു.