2000 കോടി വേണം; കേന്ദ്രത്തിനു കേരളം പുതിയ റിപ്പോർട്ട് നൽകും
Sunday, November 17, 2024 1:56 AM IST
തിരുവനന്തപുരം: വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽ നഷ്ടപരിഹാരം നൽകാൻ കേന്ദ്രം വിസമ്മതിച്ച സാഹചര്യത്തിൽ പുനരധിവാസത്തിനും പുനർനിർമാണത്തിനും വേണ്ടിവരുന്ന തുക ഉൾപ്പെടുത്തിയുള്ള വിശദ റിപ്പോർട്ട് അടുത്ത ആഴ്ചയോടെ കേന്ദ്രത്തിനു സമർപ്പിക്കാൻ കേരളം.
ദുരന്തത്തെത്തുടർന്ന് പുനരധിവാസത്തിനും പുനർ നിർമാണത്തിനും ആവശ്യമായ തുക അടക്കമുള്ള വിശദ വിവരങ്ങൾ ഉൾപ്പെടുന്ന പിഡിഎൻഎ (പോസ്റ്റ് ഡിസാസ്റ്റർ നീഡ് അസസ്മെന്റ്) റിപ്പോർട്ടാണ് പ്രധാനമായും കേന്ദ്രത്തിനു സമർപ്പിക്കേണ്ടത്.
ദുരന്തനിവാരണ നിയമത്തിന്റെ അടിസ്ഥാനത്തിൽ നഷ്ടപരിഹാരം ലഭ്യമാകാൻ പിഡിഎൻഎ റിപ്പോർട്ട് അനിവാര്യമാണ്. ഇതോടൊപ്പം കേന്ദ്രം നിർദേശിച്ചതിന്റെ അടിസ്ഥാനത്തിൽ ദേശീയ ദുരന്തം എന്ന പദമൊഴിവാക്കി നിയമത്തിൽ നിഷ്കർഷിക്കുന്നതിന്റെ അടിസ്ഥാനത്തിൽ തീവ്ര (സിവിയർ) ദുരന്തമെന്നു തിരുത്തി നൽകും.
വയനാട് ദുരന്തത്തിനു പിന്നാലെ വിവിധ സാങ്കേതിക സമിതികൾ നടത്തിയ പഠന റിപ്പോർട്ടുകളിലെ കണ്ടെത്തലുകളും ദുരന്തബാധിതരുടെ പുനരധിവാസത്തിനും പുനർനിർമാണത്തിനുമായി സെക്രട്ടറിതല സമിതിയുടെ റിപ്പോർട്ടും ഉൾപ്പെടെയുള്ള വിവരങ്ങളാണ് കേന്ദ്രത്തിനു സമർപ്പിക്കുന്ന പിഡിഎൻഎയിൽ ഉൾപ്പെടുത്തുന്നത്.
ഉരുൾപൊട്ടൽ ദുരന്തബാധിതരെ സ്ഥലം കണ്ടെത്തി, വീടു നിർമിച്ച് മാറ്റിപ്പാർപ്പിക്കുന്നതിനുള്ള പദ്ധതിയാണ് ഇതിൽ പ്രധാനം. റോഡ്, കുടിവെള്ളം, വൈദ്യുതി, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ടതും ഉൾപ്പെടുത്തും.
ഇതോടൊപ്പം ഇവർക്ക് കൃഷിയും കച്ചവടവും ജോലിയും അടക്കമുള്ള ഉപജീവനമാർഗങ്ങൾ കണ്ടെത്തുന്നതിനുള്ള പദ്ധതിയും നടപ്പാക്കേണ്ടതുണ്ട്. ഇവരുടെ ബാങ്ക് വായ്പകൾ എഴുതിത്തള്ളുന്നതിന് ബാങ്കുകളോട് ആവശ്യപ്പെടാൻ കേന്ദ്രത്തിനു സമർപ്പിക്കുന്ന റിപ്പോർട്ടിൽ പ്രത്യേക ഇനമായി ഉൾപ്പെടുത്തണം.
എല്ലാ ആവശ്യങ്ങളും ഉൾപ്പെടുത്തിയുള്ള പിഡിഎൻഎ റിപ്പോർട്ടിൽ 2,000 കോടിയിലേറെ രൂപ അനുവദിക്കണമെന്നാണ് കേന്ദ്രത്തോട് അഭ്യർഥിക്കുക. മാനദണ്ഡ പ്രകാരം പിഡിഎൻഎ റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്രം നേരത്തേ സംസ്ഥാനത്തോടു നിർദേശിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ വിവിധ വകുപ്പു സെക്രട്ടറിമാരുടെ യോഗം കഴിഞ്ഞയാഴ്ച ചേർന്ന് ഉരുൾപൊട്ടൽ ദുരന്തത്തിനു ശേഷം നഷ്ടപരിഹാരത്തിനും പുനരധിവാസത്തിനും ആവശ്യമായി വരുന്ന വിവരങ്ങളും തുകയും അടക്കമുള്ള റിപ്പോർട്ട് തയാറാക്കി മുഖ്യമന്ത്രിക്ക് സമർപ്പിച്ചിരുന്നു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു ലഭിച്ചത് 658 കോടി
തിരുവനന്തപുരം: ഉരുൾപൊട്ടൽ ദുരന്തത്തിൽ എല്ലാം തകർന്നടിഞ്ഞ വയനാട് പുനർനിർമാണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ ലഭിച്ചത് 658.42 കോടി രൂപ.എന്നാൽ വയനാടിനായി ചെലവഴിച്ചതു തുലോം തുച്ഛമായ തുകയാണ്.
ദുരന്തബാധിതർക്ക് 10,000 രൂപ വീതം അടിയന്തര സഹായമായി അനുവദിച്ചിരുന്നു. വീടു നഷ്ടമായവർക്ക് വാടക വീട് കണ്ടെത്തി നൽകുകയും സർക്കാർ ചെയ്തിരുന്നു.
എന്നാൽ, പുനരധിവാസവും പുനർ നിർമാണവും ഇനിയും തുടങ്ങാനായിട്ടില്ല. കേന്ദ്രം നഷ്ടപരിഹാരം നൽകാത്തതും പുനരധിവാസ നടപടികളെ ബാധിച്ചിരുന്നു.