സന്ദീപ് വാര്യർ കോണ്‍ഗ്രസിൽ
Sunday, November 17, 2024 1:53 AM IST
പാലക്കാട്: ബിജെപി ബന്ധം അവസാനിപ്പിച്ച് സന്ദീപ് വാര്യർ കോണ്‍ഗ്രസിൽ. പാലക്കാട് ഉപതെരഞ്ഞെടുപ്പിനു മൂന്നു ദിവസം മാത്രം ശേഷിക്കെയാണ് സന്ദീപ് വാര്യർ അപ്രതീക്ഷിതമായി കോണ്‍ഗ്രസിൽ എത്തിയത്. ബിജെപി സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു സന്ദീപ്.
കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി, കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉൾപ്പെടെയുള്ളവർ സന്ദീപിനെ പാർട്ടിയിലേക്കു സ്വീകരിച്ചു. വാർത്താസമ്മേളനത്തിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെ രൂക്ഷമായ ഭാഷയിലാണ് സന്ദീപ് വിമർശിച്ചത്.
നേരത്തേ ബിജെപിക്കെതിരേ പരസ്യമായി രംഗത്തുവന്നതോടെ സിപിഎം, സിപിഐ നേതാക്കൾ സന്ദീപ് വാര്യരെ സ്വാഗതം ചെയ്തിരുന്നു.
മണ്ണാർക്കാട്ടെ സിപിഐ പ്രാദേശിക നേതാക്കൾ ചർച്ച നടത്തി, മണ്ണാർക്കാട് മണ്ഡലത്തിൽ വരുന്ന നിയമസഭാതെരഞ്ഞെടുപ്പിൽ സീറ്റ് നൽകാമെന്ന് ഉറപ്പുനൽകിയെങ്കിലും സന്ദീപ് വാര്യർ മനസു തുറന്നില്ല. ഇതോടെയാണ് കോണ്‍ഗ്രസ് നേതാക്കളായ കെ. സുധാകരനും വി.ഡി. സതീശനും സന്ദീപ് വാര്യരുമായി രഹസ്യമായി ചർച്ച നടത്തി ഹൈക്കമാൻഡിനു വിവരം നൽകിയത്.
എഐസിസി അംഗീകാരം ലഭിച്ചതോടെയാണ് ഇന്നലെ ഉപതെരഞ്ഞെടുപ്പിന്റെ നിർണായക ഘട്ടത്തിൽ ബിജെപിയെ ഞെട്ടിച്ച് സന്ദീപ് വാര്യർ കോണ്‍ഗ്രസിൽ എത്തിയത്. തെരഞ്ഞെടുപ്പിൽ ഇത് അനുകൂലമാകുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ.
വെറുപ്പിന്റെ രാഷ്ട്രീയം വിട്ട് സ്നേഹത്തിന്റെ കടയിൽ അംഗത്വമെടുക്കുന്നു: സന്ദീപ്
പാലക്കാട്: കോണ്‍ഗ്രസിന്റെ ആശയം ഇന്ത്യയുടെയും ആശയമാണെന്നു സന്ദീപ് വാര്യർ. ബിജെപി വിട്ട് കോണ്‍ഗ്രസിൽ അംഗത്വം എടുത്തശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വെറുപ്പ് ഉത്പാദിപ്പിക്കുന്നിടത്തു സ്നേഹവും കരുതലും പ്രതീക്ഷിച്ചതാണ് തെറ്റ്.
സ്നേഹത്തിന്റെ കടയിൽ അംഗത്വം എടുക്കുന്നു. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഒരു താങ്ങ് നമ്മൾ പ്രവർത്തിക്കുന്ന സംഘടനയിൽനിന്നു പ്രതീക്ഷിക്കും. എല്ലാ ദിവസവും വെറുപ്പു മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറിയായി നിലകൊള്ളുന്ന ഒരു സ്ഥലത്തുനിന്ന് ഏറെക്കാലം സ്നേഹവും കരുതലും പ്രതീക്ഷിച്ചതാണ് താൻ ചെയ്ത തെറ്റ്.
ഒരു സംഘടനയിലെ പ്രവർത്തകൻ എന്ന നിലയിൽ ഞാൻ പ്രതീക്ഷിച്ച പിന്തുണ, സ്നേഹം, കരുതൽ ലഭിക്കാതെ ഒരു സിസ്റ്റത്തിൽ പെട്ടുപോയ അവസ്ഥയിലായിരുന്നു.
ജനാധിപത്യത്തെ പാടേ മതിക്കാത്ത ഒരു സിസ്റ്റത്തിൽ വീർപ്പുമുട്ടി കഴിയുകയായിരുന്നു. സ്വന്തം അഭിപ്രായം പറയാനോ വ്യക്തിത്വം കാത്തുസൂക്ഷിക്കാനോ ഒരു നിലപാട് പറയാനോ സ്വാതന്ത്ര്യം പോലുമില്ലാതെ അച്ചടക്കനടപടി നേരിട്ടയാളാണ് താൻ.
ഒരുഘട്ടത്തിലും സംഘടനയെ തള്ളിപ്പറഞ്ഞിട്ടില്ല. ആ സംഘടനയ്ക്കുവേണ്ടി സംസാരിച്ചിരുന്നു. ഒറ്റപ്പെടുത്തലും വേട്ടയാടലും മാത്രമാണുണ്ടായത്.
ഞാൻ കോണ്‍ഗ്രസിലെത്തിയതിന്റെ ഉത്തരവാദി കെ. സുരേന്ദ്രനാണ്. കേരളത്തിലെ സിപിഎമ്മും മുഖ്യമന്ത്രിയുമായി ചേർന്നു നടത്തുന്ന സഹകരണരാഷ്ട്രീയത്തിനെതിരേ നിലപാട് എടുത്തുവെന്നതാണ് ഞാൻ ചെയ്ത കുറ്റം.
കരുവന്നൂരും കൊടകരയും പരസ്പരം വച്ചുമാറുന്നതിനെ എതിർത്തുവെന്നതാണ് ഞാൻ ചെയ്ത കുറ്റം. ധർമരാജന്റെ കോൾലിസ്റ്റിൽ പേരില്ല എന്നതാണ് ഞാൻ ചെയ്ത കുറ്റം. ആ കുറ്റങ്ങൾ ഒരു കുറവാണെങ്കിൽ ആ കുറവ് അംഗീകരിച്ചുകൊണ്ട് സ്നേഹത്തിന്റെ കടയിൽ ഒരു മെന്പർഷിപ്പ് എടുക്കാനാണ് തീരുമാനിച്ചത്- സന്ദീപ് വാര്യർ വ്യക്തമാക്കി.