ന്യൂഡൽഹി: ലഡാക്ക് സംഘർഷത്തെത്തുടർന്ന് പരിസ്ഥിതി പ്രവർത്തകൻ സോനം വാംഗ്ചുക്കിനെ ദേശീയ സുരക്ഷാ നിയമപ്രകാരം തടങ്കലിൽ പാർപ്പിച്ചതു ചോദ്യം ചെയ്തു ഭാര്യ ഗീതാഞ്ജലി ആംഗ്മോ സമർപ്പിച്ച ഭേദഗതി ഹർജിയിൽ സുപ്രീംകോടതി കേന്ദ്രത്തിന്റെ പ്രതികരണം തേടി.
ഹർജിയിൽ ഉന്നയിച്ചിരിക്കുന്ന അധികവിഷയങ്ങൾക്കു പ്രതികരണം നൽകാനാണ് ജസ്റ്റീസുമാരായ അരവിന്ദ് കുമാർ, എൻ.വി. അഞ്ജരിയ എന്നിവരുടെ ബെഞ്ച് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.
വാംഗ്ചുക്കിന്റെ അറസ്റ്റിനുമുന്പ് അദ്ദേഹത്തിനെതിരേ സ്വീകരിച്ച നടപടികളെക്കുറിച്ച് ഭാര്യ ഭേദഗതിഹർജിയിൽ പരാമർശിച്ചിട്ടുണ്ട്. കൂടാതെ അദ്ദേഹത്തിന്റെ എൻജിഒയ്ക്ക് വിദേശ ധനസഹായം റദ്ദാക്കിയതിനു സ്വീകരിച്ച നടപടികളും ഹർജിയിൽ ചൂണ്ടിക്കാട്ടി. അഞ്ച് എഫ്ഐആറുകളുടെ അടിസ്ഥാനത്തിൽ വാംഗ്ചുക്കിനെ കസ്റ്റഡിയിലെടുത്തെങ്കിലും മൂന്നെണ്ണത്തിൽ അദ്ദേഹത്തിനെതിരായ ഒരു ആരോപണവും പരാമർശിക്കുന്നില്ലെന്നും ഭാര്യ ചൂണ്ടിക്കാട്ടി. അയൽരാജ്യങ്ങളിൽ സർക്കാരിനെതിരേ ഉണ്ടായ പോരാട്ടം വാംഗ്ചുക് തന്റെ പ്രസംഗങ്ങളിൽ പരാമർശിച്ചിരുന്നു.
ഇത് അദ്ദേഹത്തെ തടങ്കലിൽ പാർപ്പിക്കുന്നതിനുള്ള കാരണമായാണു സർക്കാർ വ്യക്തമാക്കുന്നത്. എന്നാൽ, മറ്റുള്ളവരുടെ പ്രസ്താവനകൾ അദ്ദേഹം തന്റെ പ്രസംഗങ്ങളിൽ പരാമർശിക്കുക മാത്രമാണുണ്ടായതെന്നും ഭേദഗതിഹർജിയിൽ വ്യക്തമാക്കുന്നു. അടുത്ത മാസം 24ന് കേസ് പരിഗണിക്കും.
Tags : Sonam Wangchuk Sonam Wangchuk custody Supreme Court