തിരുവനന്തപുരം: നെല്ലുസംഭരണം സംബന്ധിച്ച് സര്‍ക്കാരും മില്ലുടമകളും തമ്മില്‍ ധാരണയായി. മുഖ്യമന്ത്രി പിണറായി വിജയന് വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ധാരണയായത്.
മില്ലുടമകള്‍ക്ക് 2022-23 ല്‍ ഔട്ട് ടേണ്‍ റേഷ്യോയുമായി ബന്ധപ്പെട്ട് നല്‍കാനുള്ള 63.37 കോടി രൂപ അനുവദിക്കുന്ന കാര്യം മന്ത്രിസഭ പരിഗണിക്കുമെന്നു മുഖ്യമന്ത്രിയോഗത്തില് അറിയിച്ചു.
കേരളത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ കേന്ദ്രം നിശ്ചയിച്ച മാനദണ്ഡങ്ങള്‍ പ്രകാരം നെല്ല് സംഭരിക്കാന്‍ പ്രയാസം അനുഭവിക്കുന്നു. നിലവിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാനാവശ്യമായ തീരുമാനം കൈക്കൊള്ളാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി യോഗത്തില്‍ വ്യക്തമാക്കി.
ഔട്ട് ടേണ്‍ റേഷ്യോയുമായി ബന്ധപ്പെട്ട് മില്ലുടമകള്‍ക്ക് നഷ്ടം ഉണ്ടാവുകയാണെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ ധനസഹായം നല്കുന്നതില് ഇടപെടുകയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തില്‍ 2025-26 സംഭരണവര്‍ഷം മുതല്‍ ഔട്ട് ടേണ്‍ റേഷ്യോയിലെ വ്യത്യാസം മൂലം മില്ലുടമകള്‍ക്കുണ്ടാകുന്ന നഷ്ടം പരിഹരിക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കും.
നെല്ല് കടത്തുന്നതുമായി ബന്ധപ്പെട്ട ട്രാന്സ്പോര്ട്ടേഷന് ചാര്‍ജ് അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിടുണ്ട്. ഇതു ലഭിക്കുന്നതനുസരിച്ച് പൂര്‍ണമായും മില്ലുടമകള്‍ക്ക് നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Tags : Paddy storage mill owners