തിരുവനന്തപുരം: തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികളുടെ ഭാഗമായി എന്യുമറേഷൻ ഫോമുകൾ പൂരിപ്പിക്കുന്പോൾ 2002ലെ വോട്ടർ പട്ടികയിൽ പേരില്ലാത്തവർ മാതാപിതാക്കളുടെ വോട്ടർ തിരിച്ചറിയൽ കാർഡ് നന്പർ നൽകിയാൽ മതിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ.
ഫോമിൽ മാതാപിതാക്കളുടെ എപ്പിക് നന്പർ നൽകുന്നവർ പിന്നീട് സംശയമുണ്ടെങ്കിൽ മാത്രം കൂടുതൽ രേഖകൾ ഹാജരാക്കിയാൽ മതിയാകും. താത്പര്യമുള്ളവർക്ക് കളർ ഫോട്ടോയും ഫോമിനൊപ്പം പൂരിപ്പിച്ചു നൽകാം. ബൂത്ത് തല ഓഫീസർമാർ (ബിഎൽഒ) ഇത്തരം ഫോമുകൾ നാല് മുതൽ വിതരണം ചെയ്യും. 2.78 കോടി പേർക്ക് വിതരണം ചെയ്യാനുള്ള എന്യൂമറേഷൻ ഫോമുകളുടെ അച്ചടി തുടങ്ങി. നവംബർ നാല് മുതൽ ബിഎൽഒമാർ വീടുകളിലെത്തി വിതരണം ആരംഭിക്കുമെന്നു മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കർ രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിൽ അറിയിച്ചു.
2025ലെ വോട്ടർപട്ടികയിലുള്ളത് 2.78 കോടി പേരാണ്. ഇവരെല്ലാം എന്യൂമറേഷൻ ഫോം ഒപ്പിട്ട് നൽകണം. നവംബർ നാലു മുതൽ ഡിസംബർ നാലുവരെയാണ് ഫോം വിതരണവും തിരികെ വാങ്ങലും. ഈ സമയത്ത് മറ്റ് സൂക്ഷ്മ പരിശോധനകളൊന്നുമുണ്ടാകില്ല. എന്യൂമറേഷൻ ഫോം നൽകിയ എല്ലാവരെയും കരട് വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തും. പിന്നീടാണ് ആക്ഷേപം സ്വീകരിക്കലും തുടർ പരിശോധനയും. 1951 മുതൽ 2004 വരെ എട്ടു തവണയാണ് എസ്ഐആർ നടന്നിട്ടുള്ളത്.
2002ലെ പട്ടിക അടിസ്ഥാനമാക്കിയാണ് എസ്ഐആർ നടപടികൾ. 2002ലെയും 2025ലെയും പട്ടികയിൽ ഉൾപ്പെട്ടവർ: എന്യൂമറേഷൻ ഫോമിൽ ഒപ്പിട്ട് നൽകിയാൽ മാത്രം മതിയാകും. മറ്റ് രേഖകളൊന്നും സമർപ്പിക്കേണ്ട.
2025ലെ പട്ടികയിൽ ഉൾപ്പെട്ടവരും എന്നാൽ 2002ലെ പട്ടികയിൽ ഉൾപ്പെടാത്തവരുമായവർ ഇവരുടെ മാതാപിതാക്കൾ 2002ലെ പട്ടികയിലുണ്ടെങ്കിൽ മറ്റ് രേഖകൾ സമർപ്പിക്കേണ്ട. ഫോമിൽ ഇക്കാര്യം സൂചിപ്പിക്കണം. മാതാപിതാക്കളുടെ വോട്ടർ വിശദാംശങ്ങൾ നൽകണം.
വ്യക്തിയോ മാതാപിതാക്കളോ 2002ലെ പട്ടികയിൽ ഇല്ലെങ്കിൽ കമ്മീഷൻ നിഷ്കർഷിച്ച 12 രേഖകളിലൊന്ന് സമർപ്പിക്കേണ്ടി വരും. വീടുകൾ കയറിയുള്ള വിവരശേഖരഘട്ടത്തിൽ രേഖകൾ നൽകേണ്ടതില്ല. പിന്നീട് നോട്ടീസ് ലഭിക്കുന്ന മുറയ്ക്ക് നൽകിയാൽ മതി.
പ്രവാസികൾക്ക് ബന്ധുക്കൾ ഒപ്പിട്ടാൽ മതി.
ബാർകോഡും പഴയ ഫോട്ടോയും അച്ചടിച്ച എന്യൂമറേഷൻ ഫോമുകളാണ് ബിഎൽഒമാർ വീടുകളിലെത്തിക്കുക. ഓരോ അംഗവും ഇത് ഒപ്പിട്ടു നൽകണം. പ്രവാസികൾ, പഠനാവശ്യം മറ്റിടങ്ങളിലുള്ളവർ എന്നിങ്ങനെ നേരിട്ട് ഫോം സമർപ്പിക്കാൻ കഴിയാത്തവർക്കായി ഇവരുടെ അടുത്ത ബന്ധു ഫോം ഒപ്പിട്ടു നൽകിയാൽ മതിയാകും. അടുത്ത ബന്ധു എന്നതിൽ ആരൊക്കെ ഉൾപ്പെടുമെന്നത് സംബന്ധിച്ച് ഉത്തരവുണ്ടാകും.
നേരത്തേ പ്രവാസികൾ ഫോം ഡൗണ്‍ലോഡ് ചെയ്ത് ഓണ്‍ലൈനായി സമർപ്പിക്കണമെന്നായിരുന്നു നിബന്ധന. അതേ സമയം ബിഎൽഒമാരിൽ നിന്ന് ഫോം വാങ്ങി പൂരിപ്പിക്കുന്നതിന് പകരം സാധ്യമാകുന്നവർക്ക് ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാനുള്ള സൗകര്യവും ഒരുക്കും. ഫോം ഡൗണ്‍ലോഡ് ചെയത് പൂരിപ്പിച്ച് അപ് ലോഡ് ചെയ്യണം. നവംബർ അഞ്ച് മുതൽ ഇതിനുള്ള ഓണ്‍ലൈൻ സംവിധാനം നിലവിൽ വരും.
എസ്ഐആർ സമയക്രമം
പുനഃപരിശോധന: അഞ്ചിന് സർവകക്ഷിയോഗം
തിരുവനന്തപുരം: സംസ്ഥാനത്ത് തുടങ്ങിയ തീവ്ര വോട്ടർ പട്ടിക പുനഃപരിശോധന (എസ്ഐആർ) തിടുക്കത്തിൽ നടപ്പാക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിൽ തുടർ നടപടി ആലോചിക്കാൻ നവംബർ അഞ്ചിന് വൈകുന്നേരം നാലിന് സർവകക്ഷി യോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
എസ്ഐആർ നടപ്പാക്കുന്നതിൽനിന്ന് പിന്തിരിയണമെന്നും സുതാര്യമായ വോട്ടർ പട്ടിക പുതുക്കൽ നടത്തണമെന്നും നിയമസഭ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. രാഷ്ട്രീയ പാർട്ടികളുടെയും സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസറുടെയും അഭിപ്രായം അവഗണിച്ച് എസ്ഐആർ നടപ്പാക്കാനുള്ള തീരുമാനമാണ് ഇപ്പോൾ എടുത്തത്. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ ഇത് ഇപ്പോൾ പ്രാവർത്തികമല്ലെന്ന് സംസ്ഥാനത്തെ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ തന്നെ അഭിപ്രായപ്പെട്ടതാണ്.
രാഷ്ട്രീയപാർട്ടികളുടെയോഗം ചേർന്നു
തിരുവനന്തപുരം: തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു രാഷ്ട്രീയ പാർട്ടികളുടെ യോഗം തെരഞ്ഞെടുപ്പു കമ്മീഷൻ വിളിച്ചു ചേർത്തു. തെരഞ്ഞെടുപ്പ് പ്രചാരണവും പ്രവർത്തനങ്ങളും നടത്തുന്നതു ഹരിതചട്ടം പാലിച്ചു വേണം.
വോട്ടെടുപ്പ്, വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ ക്രമസമാധാനപാലനത്തിന് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ പോലീസിന് നിർദേശം നൽകിയിട്ടുണ്ട്. വോട്ടിംഗ് മെഷീൻ കമ്മീഷനിംഗ് നടക്കുന്പോൾ രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ സാന്നിധ്യം ഉണ്ടാകണമെന്നും കമ്മീഷൻ പറഞ്ഞു.
മത്സരിക്കുന്ന സ്ഥാനാർഥികളെല്ലാംതന്നെ ഫലപ്രഖ്യാപനം മുതൽ 30 ദിവസത്തിനകം തെരഞ്ഞെടുപ്പു ചെലവുകണക്ക് അധികാരപ്പെട്ട ഉദ്യോഗസ്ഥർക്കു സമർപ്പിക്കണം. അതിനായി ഓണ്‍ലൈൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. സ്ഥാനാർഥികൾ നാമനിർദേശപത്രികയോടൊപ്പം നിശ്ചിത തുക നിക്ഷേപമായി നൽകണം. ഗ്രാമപഞ്ചായത്തുകളിൽ 2000 രൂപയും ബ്ലോക്ക് പഞ്ചായത്ത് മുൻസിപ്പാലിറ്റികളിൽ 4000 രൂപയും ജില്ലാ പഞ്ചായത്ത് കോർപ്പറേഷനുകളിൽ 5000 രൂപയുമാണു നിക്ഷേപ തുക.
പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെട്ട സ്ഥാനാർഥികൾക്ക് അവയുടെ പകുതി നൽകിയാൽ മതിയാകും. സുരക്ഷയെ സംബന്ധിച്ചു സംസ്ഥാന പോലീസ് മേധാവിയുമായി ആലോചിച്ചു തീരുമാനിക്കുമെന്നും കമ്മീഷൻ വ്യക്തമാക്കി.