ന്യൂഡൽഹി: ഉപരാഷ്ട്രപദവിയിൽനിന്ന് ജഗ്ദീപ് ധൻകർ രാജിവച്ചു ‘പൂർണ നിശബ്ദ’നായിട്ട്’ 100 ദിവസമായെന്നു കോണ്ഗ്രസ്. ദിവസേന തലക്കെട്ടുകളിൽ നിറഞ്ഞുനിന്നിരുന്ന മുൻ ഉപരാഷ്ട്രപതിയെ രാജിക്കുശേഷം കാണുകയോ കേൾക്കുകയോ ചെയ്തിട്ടില്ലെന്നും കോണ്ഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് ആരോപിച്ചു.
ജനാധിപത്യരീതികൾ പിന്തുടർന്ന് തന്റെ മുൻഗാമികൾക്ക് ലഭിച്ചിരുന്നതുപോലെ ഒരു വിടവാങ്ങൽ ചടങ്ങിന് അദ്ദേഹം അർഹനായിരുന്നുവെന്ന് പ്രതിപക്ഷം പറയുന്നുണ്ടായിരുന്നെങ്കിലും അത് ഇതുവരെ നടന്നിട്ടില്ലെന്നും ജയ്റാം രമേശ് എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറഞ്ഞു.
പ്രധാനമന്ത്രിയെ ദിനരാത്രങ്ങളില്ലാതെ പ്രകീർത്തിച്ചിരുന്ന ധൻകറുടെ അപ്രതീക്ഷിത രാജി നിർബന്ധിതമായിരുന്നുവെന്നും അതിനുശേഷം അദ്ദേഹം പൂർണ മൗനത്തിലാണെന്നും ജയ്റാം പറഞ്ഞു.
ജൂലൈ 21ന് ആരോഗ്യകാരണങ്ങൾ പറഞ്ഞായിരുന്നു ജഗ്ദീപ് ധൻകർ രാഷ്ട്രപതിക്ക് രാജിക്കത്ത് നൽകിയത്. എന്നാൽ ആരോഗ്യപ്രശ്നങ്ങളേക്കാൾ ആഴത്തിലുള്ള കാരണങ്ങളാണ് രാജിക്കു പിന്നിലെന്ന് കോണ്ഗ്രസ് ആരോപിച്ചിരുന്നു.