മണ്ണാർക്കാട്: കരിങ്കൽ ക്വാറിയിൽ കാഞ്ഞിരപ്പുഴ പഞ്ചായത്ത് നിർമിച്ച പച്ചത്തുരുത്ത് ഒറ്റപ്പാലം സബ് കളക്ടർ ഡോ. മിഥുൻ പ്രേംരാജ് സന്ദർശിച്ചു. തൊഴിലുറപ്പ് തൊഴിലാളികളെ കൊണ്ട് നിർമിച്ച പൊറ്റശേരി കുമ്പളംചോലയിലെ പച്ചത്തുരുത്താണ് സബ് കളക്ടർ സന്ദർശിച്ചത്.
പച്ചത്തുരുത്തിൽ നടത്തിവരുന്ന വിവിധ തൊഴിലുറപ്പ് പദ്ധതികളെകുറിച്ച് കളക്ടർ വിശകലനം നടത്തി. മാതൃകാപദ്ധതി പ്രവർത്തനങ്ങളെയും തൊഴിലാളികളെയും പ്രത്യേകം അഭിനന്ദിച്ചു. തുടർപ്രവർത്തനങ്ങൾക്ക് പിന്തുണ അറിയിച്ചു. പ്രകൃതി സംരക്ഷണത്തിനും അധികവരുമാനത്തിനും തൊഴിലുറപ്പ് പദ്ധതിയെ പരമാവധി ഉപയോഗപ്പെടുത്തികൊണ്ടുള്ള കുമ്പളംചോല മോഡൽ പച്ചത്തുരുത്ത് പദ്ധതികളെ മറ്റു പ്രദേശങ്ങളിൽ കൂടി നടപ്പിൽ വരുത്താനുള്ള ഇടപെടലുകൾ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.